Breaking

Wednesday, March 31, 2021

2021 സാമ്പത്തികവർഷത്തിൽ സെൻസെക്സിലെ നേട്ടം 66 ശതമാനം

മുംബൈ: മാർച്ച് 31-ന് അവസാനിക്കുന്ന 2020-'21 സാമ്പത്തിക വർഷം ബോംബെ ഓഹരി സൂചികയായ സെൻസെക്സിൽ ഉണ്ടായത് 66 ശതമാനം മുന്നേറ്റം. കോവിഡ് മഹാമാരിയെത്തുടർന്ന് തുടക്കത്തിലുണ്ടായ വൻ ഇടിവിൽനിന്ന് കരകയറിയെന്നുമാത്രമല്ല, പലവട്ടം പുതിയ ഉയരം കുറിക്കുന്നതിനും 2020-'21 സാമ്പത്തിക വർഷം സാക്ഷിയായി. വെല്ലുവിളി ഏറ്റെടുത്ത് നിക്ഷേപവുമായി ഇറങ്ങിയവർക്ക് മികച്ചനേട്ടമാണ് കടന്നുപോകുന്ന സാമ്പത്തിക വർഷം സമ്മാനിച്ചത്. കോവിഡ് വ്യാപനവും ലോക്ഡൗണും വന്നതിനെത്തുടർന്ന് 2020 മാർച്ചിൽ സെൻസെക്സ് 25,000 പോയന്റ് നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഏകദേശം 23 ശതമാനത്തിലധികം ഇടിവാണ് 2020 മാർച്ചിലുണ്ടായത്. 2020-'21 സാമ്പത്തികവർഷം ഏപ്രിൽ മൂന്നിന് രേഖപ്പെടുത്തിയ 27,500.79 പോയന്റാണ് 2021 സാമ്പത്തിക വർഷത്തെ സെൻസെക്സിലെ ഏറ്റവും താഴ്ന്നനിരക്ക്. ഒരുവർഷംകൊണ്ട് കുതിച്ചുകയറിയ സൂചിക 19,540.01 പോയന്റിന്റെ നേട്ടമാണുണ്ടാക്കിയത്. അതായത് 66.30 ശതമാനം വർധന. കോവിഡ് വ്യാപനം കുറയുകയും ഘട്ടംഘട്ടമായി ലോക്ഡൗണിൽ ഇളവനുവദിക്കുകയും ചെയ്തതോടെ സൂചികകൾ തിരിച്ചുകയറി. വാക്സിൻ കണ്ടെത്തി പരീക്ഷണഘട്ടത്തിലേക്കുകടന്ന നവംബറിനുശേഷമാണ് കാര്യമായ മുന്നേറ്റമുണ്ടായത്. ആഗോള വിപണിയിലും സമാനമായ രീതിതന്നെയായിരുന്നു. സാമ്പത്തികരംഗത്തെ ഉണർത്താനായി വിവിധ കേന്ദ്രബാങ്കുകളുടെയും സർക്കാരുകളുടെയും വിപണിയിൽ പണലഭ്യത ഉറപ്പാക്കിയുള്ള നയങ്ങളും വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപകസ്ഥാപനങ്ങളിൽനിന്ന് ഓഹരികളിലേക്കുള്ള നിക്ഷേപ ഒഴുക്കിനാണ് ഇത് വഴിതുറന്നത്. ധനക്കമ്മി നോക്കാതെ പശ്ചാത്തല സൗകര്യവികസനത്തിനടക്കം പണം ചെലവിടാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച കേന്ദ്രബജറ്റുകൂടി എത്തിയതോടെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കുറിച്ചു. സെൻസെക്സ് 2021 ഫെബ്രുവരി 16-ന് റെക്കോഡ് നിലവാരമായ 52,516.76 പോയന്റുവരെയെത്തി. ഈസാമ്പത്തികവർഷത്തിൽ വിപണി പലവട്ടം പുതിയ ഉയരം കുറിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ആദ്യമായി സെൻസെക്സ് 50,000 പോയന്റ് കടന്നത്. ഫെബ്രുവരി എട്ടിനിത് 51,000-ലും ഫെബ്രുവരി 15 -ന് 52,000- ലുമെത്തി.


from mathrubhumi.latestnews.rssfeed https://ift.tt/31ytQBT
via IFTTT