Breaking

Sunday, March 28, 2021

മ്യാന്‍മാറില്‍ കൂട്ടക്കുരുതി; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 114 പേര്‍

യാങ്കൂൺ : സായുധസേനാദിനമായ ശനിയാഴ്ച മ്യാൻമാറിൽ സൈനിക ഭരണകൂടത്തിന്റെ നരനായാട്ട്. വിവിധ നഗരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവെപ്പിൽ കുട്ടികളുൾപ്പെടെ 114 പേർ കൊല്ലപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മ്യാൻമാറിൽ ഇത്രയധികം പ്രതിഷേധക്കാർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യമാണ്. ഈമാസം 14-ന് പോലീസും പട്ടാളവും നടത്തിയ വെടിവെപ്പിൽ തൊണ്ണൂറോളംപേർ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ കൂട്ടക്കുരുതിയോട് അന്താരാഷ്ട്രസമൂഹവും രൂക്ഷമായാണ് പ്രതികരിച്ചത്. പുറത്തുവരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് യു.എസ് പ്രതിനിധി പ്രതികരിച്ചു. ഇത്തരം നടപടികളിൽ നിന്ന് സൈന്യം സ്വയം പിൻവാങ്ങണമെന്ന് ബ്രിട്ടീഷ് അംബാസിഡർ ഡാൻ ചഗ് പറഞ്ഞു. ചില സ്ഥലങ്ങളിൽ സൈന്യം വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. യാങ്കൂണിലെ ദലയിൽ പോലീസ് സ്റ്റേഷനുപുറത്ത് പ്രതിഷേധിച്ചവർക്കുനേരെ സുരക്ഷാഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. മാണ്ഡലയിൽ വിവിധ ഭാഗങ്ങളിൽനടന്ന ആക്രമണങ്ങളിൽ 13 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ മൂന്നുകുട്ടികൾ ഉൾപ്പെടുന്നതായും 28 സ്ഥലങ്ങളിൽ ആക്രമണം നടന്നതായും ദി ഇരവാഡി റിപ്പോർട്ടുചെയ്തു. സൈന്യത്തിന് അപമാനകരമായ ദിവസമാണിതെന്നും നിരപരാധികളെ കൊന്നൊടുക്കി സായുധദിനം ആഘോഷിക്കുകയാണ് സൈനികമേധാവികളെന്നും പ്രതിഷേധക്കാരുടെ വക്താവ് ഡോക്ടർ സാൻസ കുറ്റപ്പെടുത്തി. എന്നാൽ, ജനങ്ങളെ സംരക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക മേധാവി മിൻ ആങ് ലേയിങ് പറഞ്ഞു. 76-ാം സായുധസേനാദിനത്തിൽ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ലേയിങ്. പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് വിഘാതമാണെന്നും നൊബേൽ പുരസ്കാരജേതാവ് ആങ് സാൻ സ്യൂചിയും ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയും നിയമവിരുദ്ധമായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് അധികാരം പിടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർ സുരക്ഷാഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തതായും അദ്ദേഹം ആരോപിച്ചു. സായുധസേനാദിനത്തിന്റെ ഭാഗമായിനടന്ന പരേഡിൽ റഷ്യൻ പ്രതിരോധ സഹമന്ത്രി അലക്സാണ്ടർ ഫോർമിൻ പങ്കെടുത്തു. സൈന്യത്തിനുനേരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പരേഡിലെ റഷ്യൻ സാന്നിധ്യം. അട്ടിമറിക്ക് ഉത്തരവാദികളായവർക്കുനേരെ യു.എസും ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, റഷ്യയും ചൈനയും പട്ടാളഭരണകൂടത്തെ പിന്തുണയ്ക്കുകയാണ്. Content Highlights: At least 114 killed in Myanmar


from mathrubhumi.latestnews.rssfeed https://ift.tt/2P5sOuN
via IFTTT