Breaking

Sunday, March 28, 2021

വിശ്വാസസംഗമഭൂമിയെ പ്രണമിച്ച് രാഹുൽ...

കോട്ടയം: കൊച്ചമ്പലത്തിനും വാവര് പള്ളിക്കും നടുവിലെ പാതയിൽ നിൽക്കവേ രാഹുൽഗാന്ധി രണ്ട് ആരാധനാലയങ്ങളെയും പ്രണമിച്ചു. എരുമേലിയെ ലോകത്തിനുമുന്നിൽ തിളക്കത്തോടെ അടയാളപ്പെടുത്തിയ രണ്ടു വിശുദ്ധകേന്ദ്രങ്ങൾക്കുമുന്നിൽ അദ്ദേഹം കൈകൂപ്പവേ നാട് ആദരവോടെ നെഞ്ചേറ്റി. ഇത് എരുമേലിക്കുള്ള അഭിവാദ്യം. വിശ്വാസങ്ങളുടെ സംഗമഭൂമിക്കുള്ള പ്രണാമം. എരുമേലി ഇന്ത്യയുടെ പ്രതീകമാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ നാടിനുള്ള വലിയ ബഹുമതിയായി. ദേശീയ തീർഥാടനകേന്ദ്രമാണ് എരുമേലി. കേരളത്തിന്റെ അഭിമാനമായ ശബരിമലയിലേക്ക് പോകുന്നവരെല്ലാം പേട്ടതുള്ളുന്ന ഇടം. പേട്ട ധർമശാസ്താക്ഷേത്രമെന്ന കൊച്ചമ്പലത്തിൽ തുടങ്ങി എതിരേയുള്ള വാവരുപള്ളിയിൽ കാണിക്കയിട്ട് വല്യമ്പലം വരെ നീളുന്ന പേട്ടതുള്ളലാണ് എരുമേലിയുടെ തിളക്കം. കേരളത്തിന്റെ ജനസംഖ്യയോളം വരുന്ന തീർഥാടകരുടെ സംഗമഭൂമി. പക്ഷേ, ഇവിടെ ഇതേവരെയൊരു ദേശീയനേതാവ് എത്തിയിട്ടില്ല. രാഹുൽ ആ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. കത്തിക്കാളുന്ന വെയിലിനെ വൻഭൂരിപക്ഷത്തിന് തോൽപ്പിച്ച് ജനം മലയോരത്തുനിന്നിറങ്ങി നിറഞ്ഞു. പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എരുമേലിയിലെത്തിയ രാഹുൽ ഗാന്ധി പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ തൊഴുന്നു ഒന്നും രണ്ടുമായി തുടങ്ങി പിന്നെ അവരൊരു കടലായി. പേട്ട അമ്പലം മുതൽ വല്യമ്പലംവരെയൊരു മാലപോലെ അവർ നിരന്നു. വല്യതോടിന് സമാന്തരമായി മനുഷ്യരുടെ ഒരുപ്രവാഹം. കനകപ്പലം കടന്ന് അദ്ദേഹം വരുന്നതിന്റെ സന്ദേശമെത്തിയപ്പോഴേ അവിടെയൊരാരവമുയർന്നു. വല്യമ്പലത്തിനുമുന്നിൽ രാഹുൽ വാഹനത്തിൽനിന്നിറങ്ങി. വലിയനടപ്പന്തലും കടന്ന് സന്നിധിയിലേക്ക്. നട അടച്ച സമയമായിട്ടും അദ്ദേഹം കൊടിമരത്തിന് സമീപംനിന്ന് തൊഴുതു. കാണിക്കയിട്ടു. ആദരവോടെ തത്ത്വമസി മഹാവാക്യം വായിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ആർ. രാജീവ്, മേൽശാന്തി ശ്രീവത്സൻ നമ്പൂതിരി, കീഴ്ശാന്തി എ.എൻ. ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ അദ്ദേഹത്തെ വരവേറ്റു. പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എരുമേലി വാവരുപള്ളിയിൽ പ്രാർഥിക്കുന്നു അവിടെനിന്ന് പേട്ടകവലയിലേക്ക്. മൂന്ന് പാതകളുടെ സംഗമഭൂമി തീർഥാടനകാലത്തെന്നപോൽ മൂന്ന് പാതകളും നിറഞ്ഞ നിലയിൽ. നടുവിൽ മേൽമൂടി തുറന്ന വാഹനം. വെളുത്ത ഖദർ ഷർട്ടും പാന്റ്സുമണിഞ്ഞ് രാഹുൽ. കൂപ്പുകൈകൾ കണ്ടതോടെ തിരയിളക്കം. എരുമേലിയുടെ മഹത്ത്വം വെളിവാക്കിയ വാക്കുകൾ. ഈനാട് ഇന്ത്യയുടെ പ്രതീകമെന്ന് പറഞ്ഞതോടെ ജനം ഇളകി. നീണ്ട കരഘോഷം. സ്വന്തം ദേശത്തിനുള്ള ഏറ്റവുംവലിയ ബഹുമതി നാട് അത്രയേറെ ആദരവോടെ സ്വീകരിച്ചു. വാഹനത്തിനരികിൽ രാഹുലിനെ നോക്കി പുഞ്ചിരിച്ച അനികയെന്ന കുഞ്ഞിനെ അരികിലേക്ക് വിളിച്ചു. മടിയിലിരുത്തി മിഠായി നൽകി. പ്രസംഗശേഷം പേട്ട ധർമശാസ്താക്ഷേത്രത്തിൽ കാൽകഴുകി കയറി. കാണിക്കയിട്ട് തൊഴുതു. തിരികെയെത്തി വാവര് പള്ളിയിലേക്ക്. നൈനാർ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എച്ച്. ഷാജഹാൻ ഷാളണിയിച്ചു. മസ്ജിദിന്റെ ചിത്രം കൈമാറി. ഒരിക്കൽക്കൂടി എരുമേലിയുടെ സ്നേഹത്തിനുമുന്നിൽ ശിരസ്സുനമിച്ച് അദ്ദേഹം യാത്ര തുടർന്നു.


from mathrubhumi.latestnews.rssfeed https://ift.tt/31u3qB6
via IFTTT