Breaking

Wednesday, March 31, 2021

വാണിജ്യപങ്കാളിത്തത്തിന് ശ്രമം; കേരള ഫുട്ബോളിലേക്ക് വന്‍കിടകമ്പനികള്‍ക്ക് വാതില്‍തുറന്നിട്ട് കെ.എഫ്.എ

കോഴിക്കോട്: കേരള ഫുട്ബോളിലേക്ക് വൻകിട കമ്പനികൾക്ക് വാതിൽ തുറന്നിട്ട് കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ). അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിജയകരമായി നടപ്പാക്കിയതിന്റെ ചെറിയ പതിപ്പ് നടപ്പാക്കാനാണ് നീക്കം. ഇതിനായുള്ള പ്രവർത്തനങ്ങൾ അസോസിയേഷൻ ആരംഭിച്ചുകഴിഞ്ഞു. 2010-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഐ.എം.ജി.-റിലയൻസുമായി 15 വർഷത്തെ വാണിജ്യകരാർ ഉണ്ടാക്കിയതിന് സമാനമായ നീക്കമാണ് കെ.എഫ്.എ.യും നടത്തുന്നത്. അന്ന് 700 കോടിയുടെ കരാറാണ് എ.ഐ.എഫ്.എഫും റിലയൻസും ചേർന്നുണ്ടാക്കിയത്. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ സൂപ്പർ ലീഗ് അടക്കം നിലവിൽവന്നത്. 12 വർഷത്തെ വാണിജ്യപങ്കാളിത്തത്തിനാണ് കെ.എഫ്.എ. ഒരുങ്ങുന്നത്. ഇതിനായി കഴിഞ്ഞ 15-ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. കേരള ഫുട്ബോളിന്റെ ബ്രാൻഡിങ്, പ്രമോഷൻ കാര്യങ്ങൾ വാണിജ്യപങ്കാളിയുടെ നിയന്ത്രണത്തിലാകും. ഓരോ വർഷവും നിശ്ചിത തുക അസോസിയേഷന് ലഭിക്കും. മറ്റ് വാണിജ്യകാര്യങ്ങളിൽ ചർച്ചയിലൂടെ തീരുമാനിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചില വൻകിട കമ്പനികൾ പങ്കാളിത്തത്തിനായി അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. അടുത്തവർഷം നടത്താൻ നിശ്ചയിച്ചിട്ടുള്ള എട്ട് ടീമുകളുടെ ഫ്രാഞ്ചൈസി ലീഗ് അടക്കമുള്ളവ പുതിയ കരാറിന്റെ അടിസ്ഥാനത്തിലാകും. വാണിജ്യപങ്കാളി എത്തുന്നതോടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഗ്രാസ് റൂട്ട് തലംമുതൽ ഫുട്ബോൾ വികസനമാണ് ലക്ഷ്യമിടുന്നതെന്നാണ് അധികതരുടെ വാദം. 200 കളിക്കാർക്ക് പ്രൊഫഷണൽ കരാർ, കൂടുതൽ കളികൾ, നിശ്ചിത വേതനം എന്നിവയും പുതിയ പദ്ധതിയിലുണ്ട്. ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുന്നതോടെ നിലവിലെ കേരള പ്രീമിയർ ലീഗ് രണ്ടാം ഡിവിഷൻ ലീഗായി മാറും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും റിലയൻസും തമ്മിലുള്ള വാണിജ്യകരാർ ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ജനപ്രിയമായി. മികച്ച താരങ്ങളുടെ കടന്നുവരവിനും കാരണമായി. അതേസമയം വൻകിടകമ്പനിയിലേക്ക് ഫുട്ബോളിന്റെ നിയന്ത്രണം ചെന്നെത്തിയെന്ന ആക്ഷേപവുമുയരുന്നുണ്ട്. വാണിജ്യപങ്കാളിയെന്ന ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചില വൻകിട കമ്പനികൾ സമീപിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. - പി. അനിൽകുമാർ (ജനറൽ സെക്രട്ടറി, കെ.എഫ്.എ.) Content Highlights: Kerala Football Association opens doors to big companies in Kerala football


from mathrubhumi.latestnews.rssfeed https://ift.tt/3dnhfaa
via IFTTT