കോട്ടയം: ഇന്ധനമില്ലാത്ത വണ്ടിയുടെ കഥ. രാഹുൽ ഗാന്ധിയുടെ എല്ലാ പ്രസംഗത്തിലും അതുണ്ട്. ഇന്ധനം പണമാണ്. അതില്ലാതെ സർക്കാരിനും നാടിനും മുന്നോട്ട് പോകാനാവിെല്ലന്ന സന്ദേശമാണ് നൽകുന്നത്. പ്രസംഗത്തിൽ ഇന്ധനക്കഥ പറഞ്ഞ് മുന്നേറുന്ന രാഹുൽ യു.ഡി.എഫിനും ഇന്ധനമാവുകയാണ്. പിണക്കങ്ങളും കലഹങ്ങളും തീർത്ത് നേതാക്കളെ ഒരു കുടക്കീഴിലാക്കി രാഹുൽ പ്രചാരണക്കളത്തിൽ പിന്നിലോടിയിരുന്ന മുന്നണിയെ ഇടതിന് ഒപ്പമെത്തിച്ചിരിക്കുന്നു. വളരെ ലളിതമായ ഇംഗ്ലീഷിലാണ് പ്രസംഗം. വാചകങ്ങൾ തമ്മിൽ ഇടവേളയുണ്ട്. പരിഭാഷകന്റെ മുഖത്തേക്ക് നോക്കി ആശയം വ്യക്തമോ എന്ന് വിശകലനം. പരിഭാഷയ്ക്ക് മുമ്പേ പ്രവർത്തകരും നാട്ടുകാരും കൈയടിച്ചാൽ രാഹുലിന് സന്തോഷം. സന്ദേശം നേരിട്ട് അവരിലേക്ക് എത്തിയതിന്റെ ആവേശം അടുത്ത വാചകത്തിലുണ്ടാകും. കേരളത്തിൽ ഇരട്ട ശത്രുക്കളെ രാഷ്ട്രീയമായി നേരിടുന്ന വാക്കുകൾ അടുക്കിയാണ് സംസാരം മുന്നോട്ട് പോകുന്നത്. സി.പി.എമ്മിനെയും ബി.ജെ.പി.യെയും ആക്രമിക്കുന്ന സൂക്ഷ്മത. മുഖ്യമന്ത്രി കേരളത്തെയും പ്രധാനമന്ത്രി രാജ്യത്തെയും മോശം നിലയിലാക്കിയെന്ന് പറയാൻ ഉദാഹരണം ഒന്നൊന്നായി. ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽ വരാത്ത മുഖ്യമന്ത്രിയെ ഒാർമിപ്പിച്ചപ്പോൾ കൈയടി. നമ്മുടെ ചാണ്ടിജീ ആയിരുന്നുവെങ്കിൽ ഇങ്ങനെയാണോ എന്ന് സദസ്സിനോട് ചോദ്യം. ഇടത് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ അവർ മേനി നടിക്കുന്നതിൽ പരിഹാസം. ജനങ്ങൾക്കുള്ള സഹായം ഇതിലുമേറെ തരുമെന്ന് ഉറപ്പ്. പക്ഷേ, ഒൗദാര്യമല്ലത്. ജനത്തിന്റെ പണം അവർക്ക് നൽകുന്നത് അവകാശം മാത്രമെന്ന് ചെറുചിരിയോടെ ഒാർമപ്പെടുത്തൽ. രാജ്യത്തെ ഭിന്നിപ്പിച്ചത് മോദിയെന്ന് ബി.ജെ.പി.ക്കുള്ള ചാട്ടുളി. ആറേഴ് പാരഗ്രാഫുകളിലൊതുക്കിയ സന്ദേശം തീരുന്നതോടെ പരിഭാഷകനായ കെ.സി.വേണുഗോപാൽ കളം മാറി സ്ഥാനാർഥികൾ വരും. അവരുടെ മഹിമ പറഞ്ഞ് കഴിയുന്നതോടെ ഒരു പരിപാടി പൂർണം. യാത്ര തുടരുകയായി. തദ്ദേശത്തിൽ ആടിയുലഞ്ഞ യു.ഡി.എഫിന് രാഹുൽ ഉൗർജമായെന്ന് നാട്ടുവഴികളിലൂടെ അദ്ദേഹത്തിന്റെ യാത്ര വ്യക്തമാക്കുന്നു. വീട്ടിൽ നിന്നിറങ്ങി ആ യാത്ര നോക്കിനിൽക്കുന്നവരെ അദ്ദേഹം നിരാശരാക്കുന്നില്ല. കുഞ്ഞുങ്ങളെ കണ്ടാൽ വണ്ടി നിർത്തി ഒരു െസൽഫി. കൊടിയുമായി വെയിലത്ത് വിയർത്തവർ ആ ചിരിയിൽ എല്ലാം മറക്കുന്നു. അകലങ്ങളിലുള്ള നേതാവിനേക്കാൾ അയലത്തുള്ള സഹോദരനെന്ന ഇമേജിലേക്കുള്ള പകർന്നാട്ടം. കോട്ടയത്തേക്കുള്ള പര്യടനത്തിന് തുടക്കമിട്ട ചിങ്ങവനം കവലയിൽനിന്ന് ഒരൊഴുക്കായിരുന്നു. വഴിനിറഞ്ഞ ആളുകൾക്കിടയിലൂടെ ഉഴവൂരിലെ അവസാന പരിപാടിവരെ ഒരു ഘോഷയാത്ര. പരുത്തുംപാറയിലെ വേദിയിൽ ഉമ്മൻചാണ്ടിയെ കാണാഞ്ഞ് ചാണ്ടിജീ... ചാണ്ടിജീ എന്ന് വിളിച്ച് തിരക്കിയതോടെ ജനം ഇളകി മറിഞ്ഞു. തിരുവഞ്ചൂരിനെയും ഉമ്മൻചാണ്ടിയെയും ചേർത്ത് നിർത്തി അവരുടെ പാരമ്പര്യത്തിന് വാഴ്ത്ത്. സ്വന്തം വണ്ടിയിലെ തുറന്ന മേൽക്കൂരയിൽ ഇരുവരെയും ചേർത്ത് നിർത്തി അമ്പരപ്പിച്ചു. ചെറുപ്പക്കാരും പരിചയസമ്പന്നരും ചേർന്നുള്ള പട്ടികയെ സാധൂകരിക്കുന്ന പ്രസംഗമായിരുന്നു അവിടെ. 27 വയസ്സുള്ള സ്ഥാനാർഥി അരിതയെ ഒാർമിപ്പിച്ച രാഹുൽ അവർക്കൊക്കെ വഴികാട്ടാനാണ് പരിചയസമ്പന്നരെ വെച്ചതെന്ന് ഒാർമിപ്പിക്കുന്നു. നാളെയുടെ പ്രതീക്ഷയെ അവതരിപ്പിക്കാൻ സദസ്സിൽ നിന്നിരുന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അവതരിപ്പിച്ചതാണ് പരുത്തുംപാറയിൽ ഒരുക്കിയ വിസ്മയം. പാലായിൽ മാണി സി.കാപ്പന്റെ വോളിപാരമ്പര്യം ഒാർമിപ്പിച്ചതാണ് കാപ്പനെപ്പോലും ഞെട്ടിച്ച സ്മാഷ്. പൊൻകുന്നത്ത് വ്യാകുലമാതാ പള്ളിക്ക് മുന്നിൽ കാത്തുനിന്നവർക്കിടയിലേക്ക് ഇറങ്ങിയെടുത്ത സെൽഫി വഴിയോരത്ത് തരംഗം തീർത്തു. ജില്ലകളിൽ ഒന്നോ രണ്ടോ ഇടത്തുള്ള റാലികൾക്ക് പകരം എല്ലാ മണ്ഡലങ്ങളെയും ചേർത്തുള്ള രാഹുലിന്റെ പര്യടനം ഇതാദ്യമാണ്. യു.ഡി.എഫിന് അതാവശ്യവുമാണെന്ന് നേതാക്കൾ. കൊഴിഞ്ഞുപോയ മണികൾ പെറുക്കിക്കോർത്ത് നല്ലൊരു മാലയൊരുക്കുംപോലെയായി ആ യാത്ര. പോയകാലം വിട്ടുനിന്നവർ വേദിയിലും സദസ്സിലുമായി വന്നത് കണ്ടപ്പോൾ മുന്നണിക്കാർക്കും ആശ്വാസം. ഇനിയൊരു കൈ പിടിക്കാം. ഉഴവൂരിൽ അവസാനയോഗത്തിൽ മോൻസ് ജോസഫ് രാഹുൽ പോയിക്കഴിഞ്ഞ് പറഞ്ഞതിൽ എല്ലാമുണ്ടായിരുന്നു. 179 ബൂത്തുകളിലേക്ക് ഇൗ സന്ദേശവുമായി നമുക്ക് പോകാം. Content Highlight: Rahul Gandhi in Kottayam
from mathrubhumi.latestnews.rssfeed https://ift.tt/3lK2QZq
via
IFTTT