Breaking

Saturday, March 27, 2021

കുഴഞ്ഞുവീണ വീട്ടമ്മയെ കെ. സുരേന്ദ്രനും സംഘവും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

സീതത്തോട്(പത്തനംതിട്ട): നടന്നുപോകുന്നതിനിടെ വീട്ടമ്മ വഴിയിൽ കുഴഞ്ഞുവീണു. ഈ വഴിയെത്തിയ കോന്നിയിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുമുടി മനുഭവനിൽ സരസമ്മ(70) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണപര്യടനത്തിന്റെ ഭാഗമായി കെ.സുരേന്ദ്രനും സംഘവും ചിറ്റാർ പഞ്ചായത്തിലെ കൊടുമുടി വഴി കടന്നുപോകുമ്പോഴായിരുന്നു ഇത്. സമീപവാസികളായ സ്ത്രീകളും മറ്റും ഇവരെ ആശുപത്രിയിൽ എത്തിക്കാൻ വാഹനത്തിന് ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തിറങ്ങിയ കെ.സുരേന്ദ്രൻ ബി.ജെപി. പ്രവർത്തകരുടെ സഹായത്തോടെ ഇവരെ പ്രചാരണവ്യൂഹത്തിലുണ്ടായിരുന്ന വാഹനത്തിൽ ചിറ്റാറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വർഷങ്ങളായി കൊടുമുടിയിൽ ഒറ്റയ്ക്കുതാമസിക്കുന്ന സരസമ്മ അയൽവാസിയുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് കുഴഞ്ഞുവീണത്. പരേതരായ മധു, മനു എന്നിവർ മക്കളാണ്. ശവസംസ്ക്കാരം ശനിയാഴ്ച 11-ന് വീട്ടുവളപ്പിൽ നടക്കും. Content Highlight: Kerala Assembly Election K. Surendran


from mathrubhumi.latestnews.rssfeed https://ift.tt/3d7BwAE
via IFTTT