Breaking

Sunday, March 28, 2021

സ്വന്തം ജനങ്ങൾക്ക് നൽകിയതിനെക്കാൾ വാക്സിൻ കയറ്റിയയച്ചതായി ഇന്ത്യ

യുണൈറ്റഡ് നേഷൻസ്: സ്വന്തം രാജ്യത്ത് നൽകിയതിനെക്കാൾ കോവിഡ് പ്രതിരോധ വാക്സിൻ കയറ്റിയയച്ചതായി ഐക്യരാഷ്ട്ര സഭയിൽ (യു.എൻ.) ഇന്ത്യ. യു.എൻ. പൊതുസഭയിൽ ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. “സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് 50 കോടി വാക്സിൻ നൽകിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റിയയച്ചു. പ്രാദേശികമായി വികസിപ്പിച്ച കോവാക്സിൻ അടക്കം ഇന്ത്യയുടെ രണ്ട് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചു. നിലവിൽ 30-ഓളം വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണ്” -നായിഡു പറഞ്ഞു. ഇതുവരെ വാക്സിൻ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. പ്രാദേശികമായും ആഗോളമായും വാക്സിനുകൾ നിർമിക്കുന്നതിലും വിതരണംചെയ്യുന്നതിലും രാജ്യാന്തര സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം രൂക്ഷമാണെങ്കിലും ഫലപ്രാപ്തിയുള്ള വാക്സിൻ കണ്ടെത്തിയതിനാൽ 2021 വർഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചത്. എന്നാൽ, വാക്സിൻവിതരണത്തിലെ അസമത്വം കോവിഡ് പ്രതിരോധത്തിനായി നാം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഇല്ലാതാക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു. യു.എൻ. സമാധാനപാലകർക്ക് രണ്ടുലക്ഷം ഡോസുകൾ ഇന്ത്യ സമ്മാനമായി അയച്ചു യു.എൻ. സമാധാനപാലകർക്ക് സമ്മാനമായി കോവിഡ് പ്രതിരോധവാക്സിന്റെ രണ്ടുലക്ഷം ഡോസുകൾ ഇന്ത്യ നൽകി. മുംബൈയിൽനിന്ന് ശനിയാഴ്ച പുലർച്ചെ അയച്ച വാക്സിൻ ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ എത്തിച്ചേരും. യു.എൻ. സമാധാനദൗത്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ ജീൻ പിയറി ലാക്രോയിക്സ് ഇന്ത്യയുടെ സംഭാവനകൾക്ക് നന്ദിയറിയിച്ചു. ലോകത്തിലെ ഏറ്റവുംദുഷ്കരമായ സാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്കുള്ള സംഭാവന ഏറെ പ്രാധാന്യമേറിയതാണെന്ന് ജീൻ ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് യു.എൻ. രക്ഷാസമിതിയിൽ സമാധാനപാലകർക്ക് വാക്സിൻ നൽകുന്ന കാര്യം അറിയിച്ചത്. ലോകമെന്പാടുമുള്ള യു.എൻ. സമാധാനപാലകർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിക്കാൻ സഹായിക്കുന്നതാണ് ഇന്ത്യയുടെ സംഭാവന. 2021 ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 12 ദൗത്യങ്ങളുടെ ഭാഗമായി 85,782 സമാധാനപാലകരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്. Content Highlights:COVID 19 vaccine India


from mathrubhumi.latestnews.rssfeed https://ift.tt/3rtDKiW
via IFTTT