പന്തളം: അപകടത്തിൽ മരിച്ചെന്നുകരുതിയ ആൾ ശവസംസ്കാരച്ചടങ്ങും നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. കുടശ്ശനാട്, പൂഴിക്കാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെ മകൻ സക്കായി എന്നു വിളിക്കുന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുവന്നത്. ഇതോടെ, ഇദ്ദേഹത്തിന്റേതെന്നുകരുതി മൂന്നുമാസംമുമ്പ് സംസ്കരിച്ചത് ആരുടെ മൃതദേഹമാണെന്നു കണ്ടെത്താൻ പോലീസിന്റെ തത്രപ്പാടും തുടങ്ങി. യുവാവ് മരിക്കാതെ മരിച്ചതിന്റെ വാർത്ത ഇങ്ങനെ-കാറ്ററിങ്, ഹോട്ടൽ, ബസ് ക്ലീനർ ജോലികൾ ചെയ്തിരുന്ന സാബു വല്ലപ്പോഴുമേ വീട്ടിൽ വന്നിരുന്നുള്ളൂ. ചെറിയ മോഷണങ്ങളും നടത്തിയിരുന്നു. ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ ഹോട്ടലിൽനിന്നു 2020 നവംബറിൽ 46,000 രൂപ മോഷ്ടിച്ചെന്ന കേസിൽ സാബുവിനെ തിരുവനന്തപുരം പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയി. പിന്നീട് വിവരമൊന്നും ഇല്ലായിരുന്നു. ഡിസംബർ 24-ന് പാലായ്ക്കടുത്ത് ഇടപ്പാടിയിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഇദ്ദേഹത്തെ തിരിച്ചറിയാനായി പാലാ പോലീസ്, മറ്റ് സ്റ്റേഷനുകളിലേക്ക് ചിത്രംസഹിതം സന്ദേശം അയച്ചു. ഇത് സാബുവാണെന്ന് സംശയം തോന്നിയ തിരുവനന്തപുരം പോലീസ്, ഇയാളുടെ സഹോദരൻ സജിയുമായി ബന്ധപ്പെട്ടു. പാലാ പോലീസും മരിച്ചയാളിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തു. ഡിസംബർ 26-ന് പാലായിലെത്തിയ സഹോദരൻ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു സംശയവും ഇല്ലായിരുന്നെന്ന് സഹോദരൻ സജി പറഞ്ഞു. പോലീസ് നടപടിക്കും പോസ്റ്റുമോർട്ടത്തിനുംശേഷം മൃതദേഹം 30-ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. 84 ദിവസത്തിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് സാബു തിരിച്ചുവന്നത്. സാബു ക്ലീനറായി ജോലിനോക്കിയിരുന്ന ബസിലെ ഡ്രൈവർ മുരളീധരനാണ് ഇയാളെ കണ്ടെത്തിയത്. സുഹൃത്തുക്കളും സഹോദരൻ സജിയും ചേർന്ന് സാബുവിനെ പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ചു. നഗരസഭാ കൗൺസിലർ കെ.സീനയും സ്റ്റേഷനിലെത്തി സാബുവിനെ തിരിച്ചറിഞ്ഞു. മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അപകടത്തിനുമുമ്പ്, പാലായിൽ കാണാതായവരുടെ ലിസ്റ്റ് പരിശോധിക്കുമെന്നും പാലാ പോലീസിന് റിപ്പോർട്ട് നൽകുമെന്നും അടൂർ ഡിവൈ.എസ്.പി. ബി.വിനോദ് പറഞ്ഞു. Content Highlights: Man who was believed to be dead come back alive
from mathrubhumi.latestnews.rssfeed https://ift.tt/31orLZq
via
IFTTT