Breaking

Sunday, March 28, 2021

‘കുടചൂടിയ കള്ളനെ’ അറസ്റ്റ് ചെയ്‌തു

സുൽത്താൻബത്തേരി : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ‘കുട ചൂടിയ കള്ളനെ’ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂർ മക്കരപറമ്പ് സ്വദേശി കാളൻതോടൻ അബ്ദുൽകരിം (38) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബ്ദുൾ ലത്തീഫിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്പാടി, പുത്തൻകുന്ന്, നായ്ക്കട്ടി, മൂലങ്കാവ് പ്രദേശങ്ങളിലും, നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മാടക്കര, മലങ്കര എന്നിവിടങ്ങളിലും, പുല്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സുരഭിക്കവല, റോയൽപ്പടി, മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കോളേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയത്. ബത്തേരി മേഖലയിൽനിന്നുമാത്രം 30 ലക്ഷംരൂപയും, 73 പവനുമാണ് പ്രതികൾ ചേർന്ന് കവർന്നെടുത്തത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവർ. ബത്തേരി പഴുപ്പത്തൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചാണ് പ്രതികൾ മോഷണം ആസൂത്രണംചെയ്ത് നടപ്പാക്കിയിരുന്നത്. തെളിവില്ലാതാക്കാൻ കൈയുറയും മാസ്കുംവൈകുന്നേരം കാറിൽ സഞ്ചരിച്ച് ആളില്ലാത്ത വലിയ വീടുകൾ കണ്ടുവെച്ച് രാത്രി 12 മണിയോടെയെത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതിയെന്നും, സി.സി.ടി.വി.യുള്ള വീടുകളിൽ ദൃശ്യം റെക്കോർഡ് ചെയ്തുവെക്കുന്ന ഹാർഡ് ഡിസ്‌ക് ഇവർ എടുത്തുകൊണ്ടുപോകുമായിരുന്നുവെന്നും ബത്തേരി ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പറഞ്ഞു. പാന്റ്‌സും ഷർട്ടും ഷൂവുമൊക്കെ ധരിച്ചെത്തുന്ന കള്ളൻ പോലീസിന് തെളിവുകൊടുക്കാതിരിക്കാൻ ഗ്ലൗസും മാസ്കുമിട്ടാണ് മോഷ്ടിക്കാനിറങ്ങിയിരുന്നത്. സി.സി.ടി.വി.യുള്ള സ്ഥലങ്ങളിലെത്തുമ്പോൾ കുടചൂടി മുഖം മറച്ചുപിടിക്കുന്ന കള്ളൻ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച ഈ കള്ളൻമാരെ പിടികൂടുന്നതിനായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. സമാനമായ മോഷണരീതിയുടെ അടിസ്ഥാനത്തിൽ പ്രതികളെക്കൂറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഒരു വാറണ്ട് കേസിൽ മണ്ണാർക്കാട് നിന്ന് പെരിന്തൽമണ്ണ പോലീസ് സംഘം അബ്ദുൽകരീമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മോഷണം നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബത്തേരി ജെ.എഫ്.സി.എം. കോടതി (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2QzPUtB
via IFTTT