Breaking

Wednesday, March 31, 2021

'മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്, അപ്പോള്‍ ചിലര്‍ക്ക് എതിരാവേണ്ടിവരും, അതുണ്ടാവരുത്'|Video‌

മുസ്ലിംലീഗിന്റെ ഹൈക്കമാൻഡാണ് പാണക്കാട് കൊടപ്പനക്കൽ കുടുംബം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനപ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, ഉന്നതാധികാരസമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സംസാരിക്കുന്നു മലപ്പുറം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പലപ്പോഴും സമ്മർദമുണ്ടായിട്ടുണ്ടെന്നും പൂർവികരടക്കം അത് വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും പാണക്കാട് കൊടപ്പനക്കൽ കുടുംബം. വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ മതസംഘടനകളുടെ എതിർപ്പില്ല. മുന്നണിരാഷ്ട്രീയത്തിന്റെ പ്രസക്തി ഇല്ലാതാക്കിയതാണ് പിണറായി വിജയന്റെ ഏറ്റവുംവലിയ വീഴ്ച കൊടപ്പനക്കൽ കുടുംബത്തിന്റെ വാക്കുകളിലൂടെ... എന്തുകൊണ്ട് മത്സരിക്കുന്നില്ല ഹൈദരലി തങ്ങൾ: ഞങ്ങളുടെ പൂർവികരാരും മത്സരിച്ചിട്ടില്ല. സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങൾ ഒരുസ്ഥാനത്തേക്ക് വരണമെന്ന് ബാഫഖി തങ്ങൾ പറഞ്ഞപ്പോൾ അത് വേണ്ടെന്നാണ് പിതാവ് പൂക്കോയ തങ്ങൾ പറഞ്ഞത്. മത്സരിക്കാൻ സമ്മർദമുണ്ടായിട്ടില്ലേ സാദിഖലി തങ്ങൾ: മത്സരിക്കാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. പക്ഷേ, അധികാരരാഷ്ട്രീയത്തിലേക്ക് പോകേണ്ടെന്ന നയം തുടരുകയാണ്. മത്സരിക്കുമ്പോൾ ചിലർക്ക് എതിരാവേണ്ടിവരും. ആർക്കും എതിരായി വരരുത് എന്ന നിലയ്ക്കാണീ തീരുമാനം. മുനവ്വറലി തങ്ങൾ: എല്ലാവരാലും സ്വീകാര്യമായ കുടുംബമാണെന്നും നമുക്കെതിരേ വോട്ടുചെയ്യാൻപോലും അവസരം കൊടുക്കരുതെന്നും ഉമറലി ശിഹാബ് തങ്ങൾ ഉപദേശിക്കാറുണ്ടായിരുന്നു. എന്നുകരുതി ഞങ്ങൾ ജനാധിപത്യത്തിന് അതീതരല്ല. ഇനിയുള്ള കാലവും മത്സരിക്കില്ലേ ഹൈദരലി തങ്ങൾ: ഈ നയം തെറ്റരുത് എന്നാണ് ആഗ്രഹം. സാദിഖലി തങ്ങൾ: ഇങ്ങനെത്തന്നെ പോകാമെന്നാണ് കരുതുന്നത്. മാറിനിൽക്കുന്നതുകൊണ്ട് ഞങ്ങൾക്ക് നിഷ്പക്ഷമായി തീരുമാനമെടുക്കാൻ കഴിയുന്നു. മുനവ്വറലി തങ്ങൾ: രാഷ്ട്രീയപ്രവർത്തനത്തിനും ജനസേവനത്തിനും പാർലമെന്ററിപദവികളിൽത്തന്നെ എത്തണമെന്നില്ല. വിമർശനങ്ങളിൽ ദുഃഖമുണ്ടായിട്ടുണ്ടോ സാദിഖലി തങ്ങൾ: അതൊക്കെ സ്വാഭാവികമാണ്. പലർക്കും പല അഭിപ്രായങ്ങളുമുണ്ടാകാം. ചിലർ അത് തുറന്നുപറയും. അതിനെയൊക്കെ സമചിത്തതയോടെയാണ് നേരിടാറുള്ളത്. അങ്ങനെയുള്ളവരെ പാർട്ടിയും മുന്നണിയും സമൂഹം തന്നെയും തിരുത്തി എന്നതിൽ സന്തോഷമുണ്ട്. പ്രശ്നങ്ങൾ തീർക്കുന്ന മന്ത്രമെന്ത് ഹൈദരലി തങ്ങൾ: എല്ലാവർക്കും ഉൾക്കൊള്ളാവുന്ന തീരുമാനമാണ് എടുക്കാറുള്ളത്. സാദിഖലി തങ്ങൾ: സ്ഥാനാർഥിനിർണയത്തിൽ ലീഗിൽ മാത്രമല്ല പ്രശ്നങ്ങളുണ്ടായത്. പ്രവർത്തകർക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. നേതൃത്വം പറയുന്നത് അംഗീകരിക്കാൻ അണികൾ തയ്യാറാണെന്നതാണ് ലീഗിന്റെ ഏറ്റവുംവലിയ പ്രത്യേകത. വീണ്ടും വനിതാസ്ഥാനാർഥി: എതിർപ്പുണ്ടായോ? ഹൈദരലി തങ്ങൾ: മതസംഘടനകൾ അതിനെതിരായിരുന്നില്ല. വനിതാ സ്ഥാനാർഥി വേണം എന്നുതന്നെയാണ് അവരുടെയൊക്കെ നയം. സാദിഖലി തങ്ങൾ: ഉത്തരവാദപ്പെട്ട ആരും എതിർത്തിട്ടില്ല. ആനുകാലിക വിഷയങ്ങൾ വരുമ്പോൾ ലീഗ്, മതനേതൃത്വവുമായി കൂടിയാലോചന നടത്താറുണ്ട്. വനിതകളെ സ്ഥാനാർഥിയാക്കണോയെന്ന് ലീഗിന് തീരുമാനിക്കാമെന്ന ഉപദേശമാണ് കിട്ടിയത്. വനിതാസ്ഥാനാർഥികൾ ഇനിയുമുണ്ടാകും. മുനവ്വറലി തങ്ങൾ: സ്ത്രീശാക്തീകരണത്തിന് അവരുടെ പ്രാതിനിധ്യം വേണം. അവരെ ഒഴിവാക്കി രാഷ്ട്രീയത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. എങ്ങനെയാകും ഇത്തവണ ജനവിധി ഹൈദരലി തങ്ങൾ: ആളുകൾ ആഗ്രഹിക്കുന്നത് യു.ഡി.എഫ്. സർക്കാരിനെയാണ്. അനുകൂലമായ ജനവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. സാദിഖലി തങ്ങൾ: ഉദാസീനതയാണ് എൽ.ഡി.എഫിന്റെ സ്വഭാവം. ഉറപ്പുകൾ കൊടുക്കുകയല്ലാതെ പലതും നടത്തുന്നില്ല. അതേസമയം, അഴിമതിയും കള്ളക്കടത്തും സമയബന്ധിതമായി നടന്നു. ഇതെല്ലാം യു.ഡി.എഫിന് അനുകൂലമായ വിധിയുണ്ടാക്കും. മുനവ്വറലി തങ്ങൾ: പി.എസ്.സി. തട്ടിപ്പിലൂടെയും പിൻവാതിൽ നിയമനങ്ങളിലൂടെയും യുവാക്കളെ വഞ്ചിച്ച സർക്കാരാണിത്. സമരക്കാരെ തിരിഞ്ഞുനോക്കിയില്ല. ജനാധിപത്യത്തിന്റെ സുതാര്യതപോലും നഷ്ടപ്പെടുത്തി. പിണറായി വിജയനെ ക്യാപ്റ്റനാക്കിയാണ് ഇടതുമുന്നണി വോട്ടുചോദിക്കുന്നത് സാദിഖലി തങ്ങൾ: പിണറായി വിജയന്റെ ഏറ്റവുംവലിയ വീഴ്ച മുന്നണി രാഷ്ട്രീയത്തിന്റെ ആഭിമുഖ്യം ഇല്ലാതാക്കി എന്നതാണ്. ഒരാളുടെ ചിന്തയിൽ വരുന്നത് ഭരണമായി രൂപപ്പെടുന്നു. കേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തെ തന്നെ അഞ്ചുവർഷംകൊണ്ട് ഇടതുപക്ഷം ഇല്ലാതാക്കി. ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. അത് കേരളചരിത്രത്തിൽ രേഖപ്പെടുത്തും. ഇടതുപക്ഷത്തിന്റെ ഭാവിയെ അങ്ങേയറ്റം ബാധിക്കുകയുംചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/3rLtO4x
via IFTTT