Breaking

Monday, March 29, 2021

2016ല്‍ ബിജെപി ജയിച്ച നേമത്തും രണ്ടാമതെത്തിയ ഏഴ് സീറ്റിലും സ്ഥിതി ഇതാണ്; പ്രതീക്ഷയോടെ പാര്‍ട്ടി

കോഴിക്കോട്: കേരള നിയമസഭാ ചരിത്രത്തിൽ ബിജെപി ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പായിരുന്നു 2016-ലേത്. നേമത്ത് ഒ.രാജഗോപാൽ ചരിത്ര വിജയം കുറിക്കുകയും ഏഴ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2011-ൽ മൂന്ന് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയത് മാത്രമായിരുന്നു ബിജെപിയുടെ നേരത്തെയുള്ള നേട്ടം. വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ്ആസന്നമായ സാഹചര്യത്തിൽ കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. നേമവും നേരത്തെ രണ്ടാമതെത്തിയ മണ്ഡലങ്ങളിലുമാണ് ബിജെപിയുടെ ഇത്തവണത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ. അതേ സമയം 2016-ന് ശേഷം നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേമത്ത് മാത്രമാണ് ബിജെപിക്ക് ഒന്നാം സ്ഥാനത്ത് എത്താനായിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. ശബരിമല വിഷയമടക്കം ഉയർന്ന് നിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി ഇതായിരിക്കില്ലെന്നും വൻ നേട്ടമുണ്ടാക്കുമെന്നും ബിജെപിനേതാക്കൾ അർത്ഥശങ്കകൾക്കിടയില്ലാതെ പറയുന്നു. പത്തനംതിട്ടയടക്കമുള്ള ചില മേഖലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ പ്രകടനവും ബിജെപി ചൂണ്ടിക്കാട്ടുന്നു. നേമം ഒ.രാജഗോപാലും കുമ്മനം രാജശേഖരനും |ഫോട്ടോ:മാതൃഭൂമി ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലം. സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ബിജെപിക്ക് ആദ്യമായി ലഭിച്ച സീറ്റിൽ ഇത്തവണ കുമ്മനം രാജശേഖനാണ് മത്സരിക്കുന്നത്. 2016-ൽ 8671 വോട്ടിനാണ് ഒ.രാജഗോപാൽ വിജയിച്ചത്. സിറ്റിങ് എംഎൽഎയായിരുന്ന വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് രാജഗോപാലിന്റെ ജയം. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി.സുരേന്ദ്രൻ പിള്ളമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011-ലെ തിരഞ്ഞെടുപ്പിൽ രാജഗോപാലിനെ 6415 വോട്ടിനാണ് ശിവൻകുട്ടി തോൽപ്പിച്ചത്. ശിവൻ കുട്ടിയെ തന്നെയാണ് ഇത്തവണയും സിപിഎം രംഗത്തിറക്കിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ നേമത്ത് നേടിയ ലീഡാണ് ബിജെപിക്ക് ഇത്തവണ പ്രതീക്ഷ വർധിപ്പിക്കുന്നത്. ശശി തരൂരിനെതിരെ കുമ്മനം 12041 വോട്ടുകളുടെ ലീഡാണ് നേമത്ത് നേടിയത്. ഈ ഘട്ടത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായി. അതേ സമയം അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേമത്ത് 2204 ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുഡിഎഫാണ് രണ്ടാമതെത്തിയത്. ഇത്തവണ മണ്ഡലം പിടിക്കുന്നതിനായി യുഡിഎഫ് തീവ്രശ്രമത്തിലാണ്. കെ.മുരളീധരനെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. മഞ്ചേശ്വരം പി.ബി.അബ്ദുൾ റസാഖിന്റെ മകനൊപ്പം കെ.സുരേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം കിട്ടാതെ പോയത് ബിജെപിക്ക് വലിയ നിരാശയായി. വെറും 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ മുസ്ലിം ലീഗിലെ പി.ബി.അബ്ദുൾ റസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ സുരേന്ദ്രൻ വീണ്ടും മഞ്ചേശ്വരത്ത് എത്തുമ്പോൾ കഴിഞ്ഞ തവണ കഷ്ടിച്ച് കൈവിട്ട മണ്ഡലം തിരികെ പിടിച്ചെടുക്കുക എന്ന പ്രതിജ്ഞയോടെയാണ്. കോന്നിയിലും സുരേന്ദ്രൻ മത്സരിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അതേ സമയം പി.ബി.അബ്ദുൾ റസാഖിന്റെ വിയോഗത്തോടെ മണ്ഡലത്തിൽ 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 7923 വോട്ടിന് യുഡിഎഫിനോട് ബിജെപി സ്ഥാനാർഥി പിന്നിലായി. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എം.സി.ഖമറുദ്ദീൻ നിക്ഷേപ തട്ടിപ്പിലകപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ എ.കെ.എം.അഷ്റഫാണ് ഇത്തവണ മുസ്ലിം ലീഗ് സ്ഥാനാർഥിയായുള്ളത്. വി.വി.രമേശനാണ് എൽഡിഎഫ് സ്ഥാനാർഥി. 2019-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫാണ് മുന്നിലെത്തിയത്. ബിജെപി തന്നെയാണ് രണ്ടു തിരഞ്ഞെടുപ്പുകളിലും രണ്ടാമത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം 11113 ആയിരുന്നെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 3334 വോട്ടിനാണ് യുഡിഎഫ് മുന്നിലെത്തിയത്. കാസർകോട് ശ്രീകാന്ത് 2016-ൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മറ്റൊരു മണ്ഡലമാണ് കാസർകോട്. 2011-ലും ഇവിടെ ബിജെപി തന്നെയായിരുന്നു രണ്ടാമത്. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റാണെങ്കിലും ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. സിറ്റിങ് എംഎൽഎയായ എൻ.എ.നെല്ലിക്കുന്നിനോട് ജയലക്ഷ്മി ഭട്ട് 9738 വോട്ടുകൾക്കാണ് 2011-ൽ പരാജയപ്പെട്ടത്. 2016-ൽ എൻ.എ.നെല്ലിക്കുന്നിന്റെ ഭൂരിപക്ഷം രവീശ തന്ത്രി കുണ്ടാറിന് 8607 ആക്കി കുറയ്ക്കാനായി. അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 23160 ആയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 13243 വോട്ടായി മാറി യുഡിഎഫിന്റെ ഭൂരിപക്ഷം. എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെയാണ് ഈ തിരഞ്ഞെടുപ്പുകളിലൊക്കെയും. എൽഡിഎഫിൽ ഐ.എൻ.എല്ലിന്റെ സീറ്റാണ് കാസർകോട്. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി സിറ്റിങ് എംഎൽഎ എൻ.എ.നെല്ലിക്കുന്ന് വീണ്ടുമിറങ്ങുമ്പോൾ ബിജെപി കെ.ശ്രീകാന്തിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. പാലക്കാട് ഇ.ശ്രീധരൻ പാലക്കാട്ടെ ബിജെപി ഓഫീസിൽ |ഫോട്ടോ:മാതൃഭൂമി 2016-ൽ ശോഭാ സുരേന്ദ്രൻ അപ്രതീക്ഷിത കുതിപ്പ് നടത്തിയ മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പിൽ ഹാട്രിക് വിജയം സ്വന്തമാക്കനൊരുങ്ങുന്ന മണ്ഡലത്തിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തി കാണിക്കുന്ന മെട്രോമാൻ ഇ.ശ്രീധരനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ഇടത് വലത് മുന്നണികൾ ശക്തമായ വേരോട്ടമുള്ള പാലക്കാട് 2016-ൽ അപ്രതീക്ഷിതമായിട്ടാണ് ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഇ.ശ്രീധരനിലൂടെ ഒരു അട്ടിമറി ജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ 2011-ൽ 7403 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാഫി പറമ്പിൽ 2016-ലത് 17483 ആക്കി ഉയർത്തി ഒരു വൻമരമായി നിൽക്കുകയാണ്. 2016-ൽ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ട സിപിഎം പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമെച്ചപ്പെടുത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വി.കെ.ശ്രീകണ്ഠന് എം.ബി.രാജേഷിനെതിരെ 4339 വോട്ടുകളുടെ ഭൂരിപക്ഷമേ നേടാനായിരുന്നുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം വീണ്ടും കുറഞ്ഞ് 3785 ആയി. എൽഡിഎഫ് പുതുമുഖ പോരാളിയായി സി.പി.പ്രമോദിനെയാണ് സ്ഥാനാർഥിയാക്കിയിട്ടുള്ളത്. മലമ്പുഴ സി.കൃഷ്കണകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ |ഫോട്ടോ:മാതൃഭൂമി വി.എസ്.അച്യുതാനന്ദനെ കാലങ്ങളായി നിയമസഭയിലെത്തിച്ച ഇടതുമുന്നണിയുടെ ഒരു സ്റ്റാർ മണ്ഡലമാണ് മലമ്പുഴ. തുടർച്ചയായി നാലു തവണ വി.എസിന്അനായാസ ജയം സമ്മാനിച്ചമണ്ഡലം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഒരോ തവണയും വി.എസിന് ഭൂരിപക്ഷം വർധിപ്പിച്ച്നൽകിയ മലമ്പുഴയിൽ 2016-ൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി എന്നതും കൗതുകമാണ്. 2016-ൽ 27142 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി.എസ്. മലമ്പുഴയിൽ നിന്ന് ജയിച്ചു കയറിയത്. 46157 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയ സി.കൃഷ്ണകുമാറിനെ തന്നെയാണ് ബിജെപി മണ്ഡലം പിടിക്കാൻ ഇത്തവണ നിയോഗിച്ചിട്ടുള്ളത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെങ്ങും യുഡിഎഫ് തരംഗമുണ്ടായിരുന്നപ്പോഴും ഇടതുപക്ഷത്തോട് ചേർന്ന് നിന്ന മണ്ഡലമാണ് മലമ്പുഴ. 21294 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലോക്സഭയിൽ എം.ബി.രാജേഷിന് മലമ്പുഴയിൽ നിന്ന് ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 20795 ഭൂരിപക്ഷവും ഇടതുമുന്നണിക്ക് മണ്ഡലത്തിൽ നിന്ന് ലഭിച്ചു. 2016-ൽ നടത്തിയ മുന്നേറ്റം ബിജെപിക്ക് ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നടത്താനായില്ല എന്നതും വസ്തുതയാണ്.സിപിഎമ്മിനായി മുതിർന്ന നേതാവ് എ.പ്രഭാകരനാണ് സ്ഥാനാർഥിയായിട്ടുള്ളത്. എസ്.കെ.ആനന്ദകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി ചാത്തന്നൂർ 2016-ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു മണ്ഡലമാണ് കൊല്ലത്തെ ചാത്തന്നൂർ. സിപിഐയുടെ സിറ്റിങ് സീറ്റായ ചാത്തന്നൂരിൽ ബി.ബി.ഗോപകുമാറാണ് 2016-ൽ ബിജെപി സ്ഥാനാർഥിയായിരുന്നത്. 2011-ൽ 3839 വോട്ടുകൾ മാത്രം നേടിയ ബിജെപി 2016-ൽ 33199 വോട്ടുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. കോൺഗ്രസിനായി മത്സരിച്ച ശൂരനാട് രാജശേഖൻ 30139 വോട്ടുകളുമായി മൂന്നാമതെത്തി. എന്നാൽ സിപിഐയുടെ ജി.എസ്.ജയലാൽ എതിർസ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകളേക്കാൾ 34407 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011-ൽ 12859 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ജയലാലിനുണ്ടായിരുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരുകാർ 17032 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിനായി മത്സരിച്ച എൻ.കെ.പ്രേമചന്ദ്രന് സമ്മാനിച്ചത്. ബിജെപി വോട്ടുകൾ ഗണ്യമായി കുറഞ്ഞു. 19621 വോട്ടുകൾ മാത്രമാണ് ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടാനായത്. അതേ സമയം തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വീണ്ടും ഇടതുപക്ഷത്തിന് ലീഡായി. 11417 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ എൽഡിഎഫ് നേടിയത്. ജി.എസ്.ജയലാൽ തന്നെ സിപിഐക്കായി വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫ് മുതിർന്ന നേതാവ് പീതാംബര കുറുപ്പിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിച്ച ബി.ബി.ഗോപകുമാർ ബിജെപിക്കായി വീണ്ടും കളത്തിലുണ്ട്. വട്ടിയൂർക്കാവ് കുമ്മനം രാജശേഖരനൊപ്പം വി.വി.രാജേഷ് |ഫോട്ടോ:മാതൃഭൂമി ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായിരുന്ന വട്ടിയൂർക്കാവ് കഴിഞ്ഞ തവണ കൂടെ പോരുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കുമ്മനം രാജശേഖരൻ മത്സരിച്ച മണ്ഡലത്തിൽ കെ.മുരളീധരനാണ് വിജയിച്ചത്. 7622 വോട്ടിനാണ് മുരളീധരൻ ജയിച്ചത്. എന്നാൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനായി മുരളീധരൻ നിയമസഭാ അംഗത്വം രാജിവെച്ചതോടെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. 2016-ൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം 14465 ന്റെ കനത്ത ഭൂരിപക്ഷത്തിൽ വി.കെ.പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുത്തു. അതേ സമയം രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കുമ്മനം രാജശേഖരൻ 43700 വോട്ട് നേടി രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ എസ്.സുരേഷിന് ഉപതിരഞ്ഞെടുപ്പിൽ 27453 വോട്ടുകളേ നേടാനായുള്ളൂ. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.മോഹൻകുമാർ 40365 വോട്ടുകളോടെ രണ്ടാമതായി. ഒന്നാമതെത്തിയ മുൻ മേയർ വി.കെ.പ്രശാന്ത് 54830 വോട്ടുകൾ സ്വന്തമാക്കി. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ 2836 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. ബിജെപി രണ്ടാം സ്ഥാനത്തും ഇടതുമുന്നണി മൂന്നാമതുമായിരുന്നു എന്നതും കൗതകകരമാണ്. ലോകസഭയിലേക്ക് മത്സരിച്ച ശശി തരൂർ മണ്ഡലത്തിൽ നിന്ന് 53545 വോട്ട് നേടിയപ്പോൾ കുമ്മനം രാജശേഖരൻ 50709 വോട്ടുകൾ പിടിച്ചു. സിപിഐക്കായി മത്സരിച്ച സി.ദിവാകരന് വട്ടിയൂർക്കാവിൽ നിന്ന് 29414 വോട്ടുകളേ ലഭിച്ചുള്ളൂ. അതേ സമയം അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നിണിക്കാണ് മണ്ഡലത്തിൽ ലീഡ് ലഭിച്ചത്. ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാം സ്ഥാനത്തുമായി. 2484 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ ഇടതുപക്ഷത്തിനുള്ളത്. മണ്ഡലം നിലനിർത്താൻ വി.കെ.പ്രശാന്തിനെ തന്നെ എൽഡിഎഫ് നിയോഗിച്ചപ്പോൾ വീണ എസ്.നായരേയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്. ബിജെപിക്കായി തിരുവനന്തപരും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തന്നെ അങ്കത്തിനുണ്ട്. കഴക്കൂട്ടം ശോഭാ സുരേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി ബിജെപിക്ക് ഏറെ ആത്മവിശ്വാസമുള്ള മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞ തവണ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ വി.മുരളീധരനും നിലവിൽ സ്ഥനാർഥിയായി പ്രഖ്യാപിച്ച ശോഭാ സുരേന്ദ്രനും ഈ സീറ്റിനായി ഏറെ വടംവലി നടത്തിയതാണ്. ഒടുവിൽ ശോഭയ്ക്കാണ് നറുക്ക് വീണത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് 2016-ൽ കടകംപള്ളി സുരേന്ദ്രൻ പിടിച്ചെടുത്തതാണ്. ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലംകൂടിയാണ് കഴക്കൂട്ടം. ദേവസ്വം മന്ത്രിയായ കടകംപള്ളി കഴിഞ്ഞ തവണ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കടകംപള്ളിക്ക് 50079 വോട്ട് ലഭിച്ചപ്പോൾ വി.മുരളീധരന് 42732 വോട്ടുകൾ ലഭിച്ചു. സിറ്റിങ് എംഎൽഎ ആയിരുന്ന എം.എം.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. കടകംപള്ളി തന്നെയാണ് മണ്ഡലം നിലനിർത്താൻ എൽഡിഎഫിനായി രംഗത്തുള്ളത്. ഡോ.എസ്.എസ്.ലാലാണ് യുഡിഎഫ് സ്ഥാനാർഥി. 2019-ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 1485 വോട്ടിന്റെ മേൽകൈ യുഡിഎഫിനുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയും എൽഡിഎഫ് മൂന്നാമതുമായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 12490 വോട്ടിന്റെ ഭൂരിപക്ഷം കഴക്കൂട്ടത്ത് സൃഷ്ടിച്ചു. അപ്പോഴും ബിജെപി രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നും. യുഡിഎഫ് മൂന്നാമതുമായി.


from mathrubhumi.latestnews.rssfeed https://ift.tt/31q6i1V
via IFTTT