കാസർകോട്: കാസർകോട് നിയോജകമണ്ഡലത്തിലേക്കുള്ള ബാലറ്റ് പേപ്പറിൽ ചിഹ്നങ്ങളിൽ വലുപ്പവ്യത്യാസം. യന്ത്രങ്ങളിൽ പതിപ്പിക്കാനെത്തിച്ച ബാലറ്റ് പേപ്പറിൽ ബി.ജെ.പി.യുടെ താമരചിഹ്നത്തിന് കൂടുതൽ വലുപ്പവും മുസ്ലിംലീഗിന്റെ ഏണിക്ക് വലുപ്പം കുറവാണെന്നും കണ്ടെത്തി. ഇതോടെ ബാലറ്റ് പേപ്പർ പതിപ്പിച്ച് വോട്ടിങ് യന്ത്രം തയ്യാറാക്കുന്ന പ്രവൃത്തി (ഇ.വി.എം. കമ്മിഷണിങ്) നിർത്തിവെച്ചു. ശനിയാഴ്ച രാവിലെ കാസർകോട് ഗവ. കോളേജിൽ നടത്തിയ കമ്മിഷണിങ്ങാണ് സ്ഥാനാർഥികളുടെ പരാതിയെത്തുടർന്ന് നിർത്തിവെച്ചത്. തുടർന്ന് പാർട്ടി പ്രതിനിധികൾ സംഭവം റിട്ടേണിങ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ യു.ഡി.എഫ്. സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഗവ. കോളേജിലെത്തി ചിഹ്നങ്ങൾ പരിശോധിച്ചു. തുടർന്ന് റിട്ടേണിങ് ഓഫീസർക്കും കളക്ടർക്കും പരാതി നൽകി. കളക്ടർ കോളേജിൽ നേരിട്ടെത്തി ചിഹ്നങ്ങൾ അളന്നുനോക്കി തിട്ടപ്പെടുത്തി. പിന്നാലെയാണ് വോട്ടിങ് യന്ത്രം തയ്യാറാക്കുന്ന നടപടി നിർത്തിവെക്കാൻ റിട്ടേണിങ് ഓഫീസർ നിർദേശിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമികനിഗമനത്തിലാണ് അധികൃതർ. തിരഞ്ഞെടുപ്പ് ഓഫീസറെ ധരിപ്പിച്ചശേഷം തുടർനടപടിയെടുക്കാനാണ് തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/3cuUlOZ
via
IFTTT