Breaking

Wednesday, March 31, 2021

മക്കള്‍ രാഷ്ട്രീയം; ചവറയ്ക്ക് ചാഞ്ചാട്ടമുണ്ടോ: ആരാകും ജയിച്ചുകയറുക

ചവറയുടെ രാഷ്ട്രീയ ചർച്ചകളെ എന്നും സജീവമാക്കിയത് ആർ എസ് പിയുടെ പേരാണ്. ആർ എസ് പിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചതും കൊല്ലം തന്നെ. ആർ എസ് പിയുടെ കോട്ടയാണ് കൊല്ലത്തിന്റെ ചവറ. പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലേക്കെത്തിച്ച മണ്ഡലം. അച്ഛന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ സജീവമായ ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണിനെ ചവറയിലെ ജനങ്ങൾ രണ്ട് തവണ നിയമസഭയിലേക്ക് അയച്ചു. 2014 ൽ ആർ എസ് പി ഇടത് മുന്നണി വിടുകയും പിന്നീട് യു ഡി എഫിനൊപ്പം ചേരുകയും ചെയ്തു. പിന്നീട് എൽ.ഡി.എഫിന് നഷ്ടമായ മണ്ഡലം എൻ. വിജയൻപിള്ളയിലൂടെയാണ് പാർട്ടി തിരിച്ച് പിടിച്ചത്. ചവറയുടെ രാഷട്രീയ ചരിത്രം ചുരുക്കത്തിൽ ഇങ്ങനെ പറഞ്ഞ് നിർത്താം. കൊല്ലം നഗരസഭയുടെ 1 മുതൽ 5 വരേയും 49,50 എന്നീ വാർഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചവറ നിയമസഭ നിയോജക മണ്ഡലം. മത്സ്യത്തൊഴിലാളികളും, കശുവണ്ടി തൊഴിലാളികളും നിർണായക സ്വാധീന ശക്തികളാകുന്ന ഇടമാണ് ചവറ. 1977 മുതൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു തവണ മാത്രമാണ് ആർ എസ് പിയെ മണ്ഡലം കൈവിട്ടത്. ചവറ മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ആർ എസ് പി ഇതര എം എൽ എയായി 2016 ലെ തിരഞ്ഞെടുപ്പിൽ എൻ വിജയൻപിള്ള മാറി. ഷിബു ബേബി ജോണിനെ 6189 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയൻപിള്ള മണ്ഡലം ആർ എസ് പിയിൽ നിന്നും പിടിച്ചെടുത്തത്. വിജയൻപിള്ളയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് സാധ്യത ഉണ്ടായത് മുതൽ തന്നെ ആർ.എസ്.പി. സ്ഥാനാർഥിയായി ഷിബു ബേബി ജോണിനെയാണ് പ്രഖ്യാപിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രചാരണത്തിൽ ഒരുപടി മുന്നിലാണ് ഷിബു ബേബി ജോൺ. കോവിഡിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധന മേഖലയിൽ വരുത്തിയ മാറ്റങ്ങളും ഇ എം സി സി കരാറുമെല്ലാം മുഖ്യ ചർച്ചാ വിഷയങ്ങളാവുകയാണ് ചവറയിൽ. അതിനുമപ്പുറം നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് മണ്ഡലത്തിൽ ആർ എസ് പിയുടെ ശ്രമം. മുൻ എം എൽ എ വിജയൻപിള്ളയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ പ്രചാരണവുമായി ഏറെ മുന്നിലാണ് ആർ എസ് പി സ്ഥാനാർഥിയായ ഷിബു ബേബി ജോൺ. മണ്ഡലത്തിലുടനീളമുള്ള മത്സ്യത്തൊഴിലാളികളേയും മറ്റ് സാധാരണക്കാർക്കിടയിലേക്കും ഇതിനോടകം തന്നെ ഷിബു ബേബി ജോൺ എത്തിച്ചേർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രൻ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിന് കീഴിൽ വരുന്ന ചവറ, തെക്കുംഭാഗം, പന്മന, തേവലക്കര എന്നീ പഞ്ചായത്തുകളിൽ യു ഡി എഫിനായിരുന്നു മുൻതൂക്കം. നീണ്ടകരയിൽ മാത്രമാണ് എൽ ഡി എഫ് മുന്നേറ്റം സാധ്യമായത്. അതേ മുന്നേറ്റം നിയമസഭാതിരഞ്ഞെടുപ്പിലും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. എന്നാൽ ജില്ലയിലാകെ പ്രതിഫലിച്ച ഇടത് തരംഗം ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. 2011ലേയും 2016 ലേയും കണക്കുകൾ പരിശോധിച്ചാൽ 2011 ൽ നിന്നും 5.85 ശതമാനം വോട്ട് വർധനവ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി ജെ പിക്ക് വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയെന്നോണം വോട്ട് ഷെയർ ഇത്തവണ വർധിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബി ജെ പി. അന്തരിച്ച മുൻ എം.എൽ.എ.എൻ. വിജയൻപിള്ളിയുടെ മകൻ ഡോ. സുജിത് വിജയനാണ് സി.പി.എം.സ്ഥാനാർഥി. വിജയൻപിള്ളക്ക് ഉണ്ടാക്കാൻ സാധിച്ച നേട്ടം, മണ്ഡലത്തിലെ വിജയൻപിള്ളയുടെ വ്യക്തിപരമായ സ്വാധീനവും അതോടൊപ്പം സഹതാപതരംഗവും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. വിജയൻപിള്ളയുടെ വിയോഗത്തെ തുടർന്ന് ഒരു വർഷമായി മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കാലയളവിൽ അച്ഛന്റെ അസാന്നിധ്യം ജനങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് ഡോക്ടർ കൂടിയായ മകൻ സുജിത് വിജയന് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അച്ഛനൊപ്പം സജീവമായി ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മരണശേഷം എം എൽ എ ഓഫീസ് പ്രവർത്തനം നിലനിർത്തിയതും സുജിത്താണ്. ഡോക്ടർ എന്ന നിലയിലും വിജയൻപിള്ളയുടെ മകൻ എന്ന നിലയിലും സുജിത് മണ്ഡലത്തിൽ സുപരിചതനാണ്. തിരഞ്ഞെടുപ്പിൽ കന്നി അങ്കം കുറിക്കാനൊരുങ്ങുമ്പോൾ ആദ്യമായി മണ്ഡലത്തിൽ ഭരണതുടർച്ച എന്ന ഉത്തരവാദിത്തമാണ് സുജിത്തിനുള്ളത്. ചവറനിയോജക മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ്2016 എൽഡിഎഫ്-ഭൂരിപക്ഷം 6189 യുഡിഎഫ് 58447 എൽഡിഎഫ് 64666 എൻഡിഎ 10276 ലോകസഭ തിരഞ്ഞെടുപ്പ്2019 യുഡിഎഫ്-ഭൂരിപക്ഷം 148846 യുഡിഎഫ് 499667 എൽഡിഎഫ് 350821 എൻഡിഎ 103339 സ്വാധീനമേഖലകളെ തിരിച്ചറിയുകയും അവിടെ കരുത്തരും ജനപ്രിയ നേതാക്കളേയും മത്സര രംഗത്തേക്ക് ഇറക്കുകയാണ് ഇത്തവണ ബി ജെ പി. ആർ എസ് പിയും എൽ ഡി എഫും ശക്തമായി കൊമ്പുകോർക്കുന്നിടത്ത് ബി ജെ പി സ്ഥാനാർഥിയായി എത്തിയിരിക്കുന്നത് സിനിമ സീരിയൽ നടൻ കൂടിയായ വിവേക് ഗോപനാണ്. ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് വിവേക് പാർട്ടിയിൽ ചേർന്നത്. മണ്ഡലത്തിലെ ജനങ്ങൾക്ക് താൻ അപരിചിതനല്ലെന്നും പ്രധാനമന്ത്രി മോദിയുടെ ഭരണ മികവ് കൊല്ലത്തെ ചവറയിലെ ജനങ്ങൾക്ക് എത്തിക്കാനാണ് തന്റെ ശ്രമമെന്നും വിവേക് പറയുന്നു. മത്സരം കടുക്കുമ്പോൾ ആർ എസ് പിയെ കൈവിട്ട മണ്ഡലം എൽ ഡി എഫിനൊപ്പം തുടരുമോ അതോ തിരികെ ആർ എസ് പിയിലേക്ക് തന്നെ മടങ്ങുമോ എന്ന് കണ്ടറിയണം. ഇരുമുന്നണികളേയും കൂടാതെ ത്രികോണ മത്സരത്തിന് ബി ജെ പി സാധ്യത തുറക്കുമ്പോൾ ചവറയിലെ ജനങ്ങളുടെ വോട്ട് ചിന്ത ആർക്കൊപ്പമെന്നത് നിർണായകമാകും. Content Highlights:Kollam assembly election 2021 chavara


from mathrubhumi.latestnews.rssfeed https://ift.tt/3ucuoJR
via IFTTT