Breaking

Monday, March 29, 2021

കെജ്‌രിവാളിന് തിരിച്ചടി; കേന്ദ്ര സര്‍ക്കാരിന്റെ ഡല്‍ഹി ബില്‍ നിയമമായി

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ സർക്കാരിന് പകരം കേന്ദ്ര സർക്കാർ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ഡൽഹി ബില്ലിൽ(നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു. എ.എ.പിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും കടുത്ത എതിർപ്പിനിടെയാണ് കേന്ദ്ര സർക്കാർ ബില്ല് പാസാക്കിയത്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. 2013-ൽ ആദ്യമായി അധികാരത്തിൽ എത്തിയ സമയം മുതൽ ലെഫ്റ്റനന്റ് ഗവർണറുമായി നിരന്തരം ഏറ്റുമുട്ടാറുള്ള കെജ്രിവാൾ സർക്കാരിന് കടുത്ത തിരിച്ചടിയാണ് ഡൽഹി ബിൽ. ഡൽഹി സർക്കാർ എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുപകരം ലെഫ്.ഗവർണർ എന്ന നിർവചനം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്.ഗവർണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ ചെയ്യാനാവില്ല. ഇങ്ങനെ, സംസ്ഥാന സർക്കാരിനുള്ള എല്ലാ അവകാശവും അധികാരവും കവർന്നെടുക്കുന്നതാണ് പുതിയ ഭേദഗതി. കെജ്രിവാളിന്റെ ജനപ്രീതി ഭയന്നാണ് കേന്ദ്രം ഇത്തരമൊരു ബില്ല് കൊണ്ടുവന്നതെന്നായിരുന്നു എ.എ.പിയുടെ പ്രതികരണം. ബില്ലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും എ.എ.പി വ്യക്തമാക്കിയിരുന്നു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസും പ്രതികരിച്ചു. ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളിൽ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ഡൽഹി നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പിൽ. അതിൽ സർക്കാർ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവർണർ എന്നർഥമാക്കണമെന്നാണ് ബില്ലിലുള്ളത്. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവർണർക്കുണ്ട്. നിയമസഭയുടെ അധികാരത്തിനു പുറത്തുള്ള ഏതു വിഷയവും ബില്ലിലൂടെ ഇതിന്റെ ഭാഗമാക്കി. ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ 33-ാം വകുപ്പിലെ ഭേദഗതി വിലക്കുന്നു. ഭരണപരമായ നടപടികൾക്ക് ലെഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിർദേശിക്കുന്നു. Content Highlights: In Setback For Arvind Kejriwal, Centres Delhi Bill Becomes Law


from mathrubhumi.latestnews.rssfeed https://ift.tt/3rwi8lU
via IFTTT