Breaking

Wednesday, March 31, 2021

പ്രധാനമന്ത്രി തിരുക്കുറലിലെ രണ്ട് വരി പറഞ്ഞാല്‍ തമിഴര്‍ക്ക് സുഹൃത്താകില്ല- കനിമൊഴി

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന്റെ താര പ്രചാരകയാണ് കനിമൊഴി. കഴിഞ്ഞ നാല് മാസമായി മധ്യ,തെക്കൻ തമിഴ്നാട്ടിൽ സജീവമായി പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലെത്തിയ ദിവസങ്ങളിൽ കാവേരി നദീതീര ജില്ലകളിലാണ് കനിമൊഴിയുടെ പ്രചാരണം. അച്ഛൻ കരുണാനിധി ജനിച്ച് വളർന്ന തിരുവാരൂരിൽ ഉൾപ്പെടെ പ്രചാരണം നടത്തിയ ദിവസം പ്രചാരണ വാഹനത്തിൽ ഒപ്പം സഞ്ചരിച്ച് കനിമൊഴിയുമായി അനൂപ് ദാസ് നടത്തിയ അഭിമുഖം നാല് മാസമായി തമിഴ്നാടിന്റെ പലഭാഗത്തും പ്രചാരണം നടത്തിയിട്ടുണ്ട് താങ്കൾ. അണ്ണാ ഡിഎംകെ സർക്കാരിന്റെ ഭരണത്തെക്കുറിച്ച് എന്താണ് ആളുകളുടെ വിലയിരുത്തൽ? 10 വർഷത്തെ അണ്ണാ ഡിഎംകെ ഭരണത്തിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്നുണ്ട്. അതിനുമപ്പുറം ആളുകൾക്ക് ഒരു വെറുപ്പ് ഉണ്ട്. ആർക്കും ജോലികിട്ടിയില്ല. ബിജെപി എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്കുന്ന ഭരണ കൂടമാണ് ഇവിടുത്തേത്. ബിജെപി ഭരണമാണ്. അടിമ ഭരണം. കർഷകർക്കെതിരായ നിയമം, തൊഴിലാളികൾക്കെതിരായ നിയമം, സിഎഎ, ഇതിനെയെല്ലാം അണ്ണാ ഡിഎംകെ പിന്തുണച്ചു. എന്നാൽ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇതിനെല്ലാം എതിരെ സംസാരിക്കുകയും ചെയ്യുന്നു. ഡിഎംകെയുടെ ഭരണം വീണ്ടും വന്ന് കാണാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വികസന കാര്യത്തിൽ വളരെ പിന്നിലാണ് ഇപ്പോൾ തമിഴ്നാടിന്റെ സ്ഥാനം. 23 ലക്ഷം യുവാക്കൾ തൊഴിലിനായി കഷ്ടപ്പെടുന്നു. പത്ത് വർഷമായി നിക്ഷേപങ്ങൾ വരുന്നില്ല. കലൈജ്ഞറുടെ ഭരണകാലത്ത് നിക്ഷേപത്തിന്റെ കാര്യത്തിൽ തമിഴ്നാട് മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോൾ പതിന്നാലാം സ്ഥാനത്താണ്. പുരോഗതിയുടെ എല്ലാ സൂചികയിലും തമിഴ്നാട് പിന്നാക്കം പോയി. ക്ഷേമ കാര്യത്തിലും പിന്നാലായി. ഇതെല്ലാം കൊണ്ട് ജനങ്ങൾ അസ്വസ്ഥരാണ്. അവര് മാറ്റം ആഗ്രഹിക്കുന്നു. വീട്ടമ്മമാർക്ക് മാസം ആയിരം രൂപ, കോവിഡ് സഹായമായി നാലായിരം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങൽ ജനങ്ങൾക്ക് നൽകിയാണ് ഡിഎംകെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ വാഗ്ദാനങ്ങൾ പാലിക്കപ്പെടും എന്ന ഉറപ്പ് കൂടി ജനങ്ങൾക്ക് നൽകാൻ കഴിയുമോ? എല്ലാ വീട്ടിലും കളർ ടി.വി നൽകും എന്ന വാഗ്ദാനത്തോടെ നേരത്തേ കലൈജ്ഞർ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. അത് നടക്കാൻ പോകുന്നില്ല എന്നാണ് അന്ന് പലരും പറഞ്ഞത്. 15 വർഷം മുൻപ് കൊടുത്ത ടി.വി ഇപ്പോഴും വർക്ക് ചെയ്യുന്നുവെന്നാണ് പ്രചാരണത്തിനായി പലയിടത്തും പോയപ്പോൾ ജനങ്ങൾ പറഞ്ഞത്. ഗ്യാസ് സറ്റൗ കൊടുത്തു, കാർഷിക കടം 7000 കോടി രൂപ എഴുതിത്തള്ളുമെന്ന് പറഞ്ഞു, അത് ചെയ്തു. ഡിഎംകെ പറഞ്ഞാൽ അത് ചെയ്യും എന്ന് ജനങ്ങൾക്ക് അറിയാം. അതുകൊണ്ട് അവർ ഞങ്ങളെ സ്വീകരിക്കും. അഴിമതി ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണോ, വോട്ടിനെ സ്വാധീനിക്കുമോ? മന്ത്രിമാർക്കെതിരെ ഡിഎംകെ ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ സർക്കാരിന്റെ എല്ലാ വഴിയിലും അഴിമതിയാണ്. 1500 രൂപയുടെ എൽഇഡി ബൾബ് 6000 രൂപ കൊടുത്ത് വാങ്ങിയെന്ന് ബില്ലെഴുതി തങ്കമണി മന്ത്രി. കമ്മീഷൻ ചെയ്യാത്ത കാറ്റാടിപ്പാടത്ത് നിന്ന് വൈദ്യുതി വാങ്ങി എന്ന് ബില്ലുണ്ടാക്കി. ജലാശയങ്ങൽ വൃത്തിയാക്കുമെന്ന് മുഖ്യമന്ത്രി നിരന്തരം പറഞ്ഞിരുന്നു. പക്ഷേ, അത് ചെയ്തില്ല. എന്നാൽ കണക്കെഴുതി പണമെടുത്തു. അടിസ്ഥാന ആവശ്യങ്ങൾ ജനങ്ങൾക്ക് നിറവേറ്റി നൽകാൻ പോലും സർക്കാരിന് കഴിഞ്ഞില്ല. റോഡുകൾ തകർന്ന് കിടക്കുന്നു. രാജ്യത്തിന് മാതൃകയായ റേഷൻ സംവിധാനമായിരുന്നു ഞങ്ങളുടേത്, അത് തകർത്തു. ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. ജനങ്ങൾ വലിയ ദേഷ്യത്തിലാണ്. കാരണം ആ അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാം ജനങ്ങളെ നേരിട്ട് ബാധിക്കുന്നു എന്നത് തന്നെ. ഇതെല്ലാം മനസ്സിലാക്കി അവർ വോട്ട് ചെയ്യും. നിങ്ങൾ അഴിമതിയെക്കുറിച്ച് പറയുമ്പോൾ അണ്ണാ ഡിഎംകെ തിരിച്ച് ചോദിക്കുന്നത് 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചാണ്. എങ്ങനെയാണ് ആ ആരോപണത്തെ മറികടക്കാൻ കഴിയുക.? 2ജി കേസ് വിചാരണാ സമയത്ത് ഒരു ദിവസം പോലും മാറ്റിവെക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. അതിൽ കഴമ്പില്ല എന്ന് കണ്ട് കോടതി ഞങ്ങളെ വെറുതെവിട്ടു. പക്ഷേ, അണ്ണാ ഡിഎംകെ നേതാവായ ജയലളിതയെ കോടതി അഴിമതിക്കേസിൽ ശക്ഷിച്ചു. ശശികലയെ ശിക്ഷിച്ചു. അവർക്ക് എന്ത് അധികാരമാണ് അഴിമതിയെക്കുറിച്ച് പറയാനുള്ളത്. പനീർസെൽവം, പളനിസ്വാമി ഇവർക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളും കേസുകളുമെല്ലാമുണ്ട്. പക്ഷേ അന്വേഷണ ഏജൻസികൾ നടപടിയെടുക്കുന്നില്ല. ബിജെപി എന്ത് പറഞ്ഞാലും ചെയ്യാൻ തയ്യാറായവരാണ് അവർ. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലെല്ലാം ബിജെപി സഹായിക്കുന്നുമുണ്ട്. ഒരാൾക്കെതിരെ കേസോ നിയമനടപടിയോ വന്നാൽ അയാൾ ബിജെപിയിൽ ചേരുന്നതോടെ കേസുകൾ ഇല്ലാതാവുന്ന സാഹചര്യമാണല്ലൊ ഇവിടെയുള്ളത്. ബിജെപി തമിഴ്നാട്ടിലേക്ക് കടന്നു വരവിന് ശ്രമിക്കുകയാണ്. മുരുകനെ ഉയർത്തിപ്പിടിച്ചാണ് പ്രചാരണം. ഇത്രയും കാലം മുരുകൻ ഇവിടെയുള്ളത് ബിജെപിയ്ക്ക് അറിയില്ലായിരുന്നോ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വേല് കയ്യിലെടുത്ത് വന്നിരിക്കുകയാണ്. ഡിഎംകെ ഹിന്ദു വിരുദ്ധ പാർട്ടിയെന്നാണ് ബിജെപി പറയുന്നത്. ഞങ്ങൾ മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ്. ഞങ്ങളിൽ ക്രിസ്റ്റ്യനും ഹിന്ദുവും മുസ്ലീമും നിരീശ്വരവാദികളും എല്ലാമുണ്ട്. ഞാൻ വിശ്വാസിയല്ല, നിരീശ്വരവാദിയാണ്. എന്റെ അച്ഛനും വിശ്വാസി ആയിരുന്നില്ല. വൈവിധ്യമുള്ള നിരവധി പേർ ഞങ്ങളുടെ പാർട്ടിയിലുണ്ട്. ഞങ്ങൾ ഒരു മതത്തിനും എതിരല്ല. പക്ഷേ ജാതി-മത വിവേചനങ്ങൾക്ക് എതിരാണ്. സമത്വത്തിൽ അധിഷ്ടിതമായ ഒരു സാമൂഹ്യ സാഹചര്യം ഉണ്ടാകണം. സമത്വം, സാമൂഹ്യ നീതി അതാണ് ഡിഎംകെയുടെ എന്നത്തേയും ലക്ഷ്യം. ബിജെപിയുടെ വരവിൽ പേടിയുള്ളത് കൊണ്ടാണോ ക്ഷേത്രങ്ങൾക്ക് അധികം പണവും തീർത്ഥയാത്രയ്ക്ക് സഹായവും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്? ക്ഷേത്ര സംവിധാനമെല്ലാം കഴിഞ്ഞ പത്ത് വർഷമായി അണ്ണാ ഡിഎംകെ തകർത്തിട്ടതാണ്. അത് നേരെയാക്കാൻ കുറച്ചധികം പണത്തിന്റെ ആവശ്യമുണ്ട്. ജനങ്ങൾക്ക് എന്തെല്ലാം വേണം എന്നത് ഒരു വിഷയമാണ്. ജനങ്ങൾ വിശ്വസിക്കുന്നു. അവർ ക്ഷേത്രത്തിൽ വരുന്നു. അപ്പോൾ അവിടെ സംവിധാനം ഒരുക്കി നൽകേണ്ടത് സർക്കാരിന്റെ കടമയാണ്. അത് എല്ലാ കാലത്തും ഡിഎംകെ ചെയ്തിട്ടുമുണ്ട്. കലൈജ്ഞർ ഭരണത്തിലുള്ളപ്പോഴും ചെയ്തു. അദ്ദേഹം വിശ്വാസിയല്ലെങ്കിലും ക്ഷേത്രങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു. ബംഗാളിലൊക്കെ മുകുൾ റോയിയെപ്പോലുള്ള നേതാക്കൾ ബിജെപിയിൽ ചേർന്നത് ചില കേസുകളുടെ തുടർച്ചയായാണ്. പുതുച്ചേരിയിലും നമ്മളത് കണ്ടു. ഡിഎംകെ എംഎൽഎ കു.ക സെൽവവും ബിജെപിയിൽ ചേർന്നു. തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളുടെ വീട്ടിൽ തുടർച്ചായായി റെയ്ഡുകൾ നടക്കുന്നുണ്ട്. ഇത് ഭാവിയിൽ ഡിഎംകെയിൽ നിന്ന് ആളുകൾ ബിജെപിയിൽ പോകാൻ കാരണമാകില്ലെ? എത്രയോ പ്രതിസന്ധികളെ അതിജീവിച്ചാണ് ഡിഎംകെ മുന്നോട്ടു പോയത്. ഇപ്പോഴും മുൻ മന്ത്രിമാർക്കെതിരെ കേസുകളുണ്ട്. സമരം ചെയ്താൽ പോലും കേസെടുക്കും. മന്ത്രിമാരുടെ മണ്ഡലമാണെങ്കിൽ പ്രത്യേകിച്ച്. ജയിലിനേയും പോരാട്ടങ്ങളേയും എല്ലാം കടന്നാണ് ഡിഎംകെയുടെ യാത്ര. കേസുകളെയൊന്നും ഡിഎംകെയ്ക്ക് ഭയമില്ല. വലിയ ആൾക്കൂട്ടമുണ്ടല്ലൊ പൊതുയോഗങ്ങളിലെല്ലാം. എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ആൾക്കൂട്ടത്തിന് ഇടയിൽ നിന്നായിരുന്നു ഈ ചോദ്യം. എത്ര സീറ്റ് കിട്ടും എന്ന് കനിമൊഴി ജനങ്ങളോട് ആരാഞ്ഞു. 234 എന്ന് ജനങ്ങളുടെ മറുപടി. 234 സീറ്റും ഡിഎംകെ സഖ്യം വിജയിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്. ജനങ്ങളുടെ തീരുമാനമാണ് ജാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. വലിയ വിജയം നേടും ദളപതി (സ്റ്റാലിൻ) മുഖ്യമന്ത്രിയായി തമിഴ്നാടിനെ വീണ്ടെടുക്കും. ഈ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കെതിരെ അണ്ണാ ഡിഎംകെ ഉയർത്തുന്ന പ്രധാന വിമർശനം മക്കൾ രാഷ്ട്രീയമാണ്. ഉദയാനിധി സ്റ്റാലിന് സീറ്റ് നൽകിയതാണ് വിമർശനത്തിന്റെ മൂർച്ച കൂട്ടിയത്. മാത്രമല്ല, ആദിത്യയും രാഷ്ട്രീയത്തിലേയ്ക്ക് വരുമെന്ന് അവർ വിമർശിക്കുന്നു. എന്റെ മകൻ ആദിത്യ രാഷ്ട്രീയത്തിലേക്കില്ല. അവൻ സിംഗപ്പൂർ പൗരനാണ്. അവിടെ ജീവിക്കുന്നു. അണ്ണാഡിഎംകെയ്ക്ക് ഒരു ലോക്സഭാ എംപി മാത്രാമണ് തമിഴ്നാട്ടിൽ നിന്ന് ഉള്ളത്. അത് ആരാണ്? പനീർസെൽവത്തിന്റെ മകൻ. മന്ത്രി ജയകുമാറിന്റെ മകൻ എംപിയായിരുന്നു. ഇത്തവണ തോറ്റു. ബിജെപിയിൽ നിന്ന് ഒരുപാട് പേർ നേതാക്കൻമാരുടെ മക്കൾ ആയത് കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ വന്നിട്ടുണ്ട്. ഇപ്പോഴത്തേത് ഡിഎംകെയെ ലക്ഷ്യംവെച്ച് ആസൂത്രിതമായി നടക്കുന്ന ആരോപണമാണ്. ആർക്ക് വേണമെങ്കിലും രാ,്ട്രീയത്തിൽ വരാം. പക്ഷേ, അവരെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അത് അവർ തീരുമാനിക്കട്ടെ. കഴിഞ്ഞ തവണ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 25 സീറ്റേ ഇത്തവണ നൽകിയുള്ളു. കോൺഗ്രസ് അധ്യക്ഷൻ യോഗത്തിൽ വെച്ച് പൊട്ടിക്കരഞ്ഞെന്ന് പോലും വാർത്ത പ്രചരിച്ചു. എന്തുകൊണ്ടാണ് കോൺഗ്രസിന് പരിഗണന കുറച്ച് നൽകിയത്? നിങ്ങൾക്ക് കാണാം. പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സർക്കാരിനെ ബിജെപി ഇല്ലാതാക്കിയത്. തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപ് പുതുച്ചേരിയിലും നമ്മൾ ആ കാഴ്ച കണ്ടു. അതിനാൽ കൂടുതൽ സീറ്റിൽ ഡിഎംകെ സ്ഥാനാർത്ഥികൾ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ കഴിയു. അത് മനസ്സിലാക്കിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് സീറ്റ് കുറച്ച് നൽകിയത്. ജാതിക്കെതിരെയുള്ള പോരാട്ടമായാണ് ദ്രാവിഡ കഴകവും പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകവും തമിഴ്നാട്ടിൽ വളർന്ന് വന്നത്. പക്ഷേ, ജാതി ഇപ്പോഴും ശക്തമായി നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ കാഞ്ചീപുരത്തെ ഇരുളക്കോളനികളിൽ പോയിരുന്നു. അവിടെ വീടില്ല, വെള്ളമില്ല, വെളിച്ചമില്ല, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസമില്ല. എന്തുകൊണ്ടാണ് ഈ ജാതി വ്യവസ്ഥയെ പൊളിച്ച് ഇല്ലാതാക്കാൻ ഡിഎംകെ ഇടപെടാത്തത്? ഉറപ്പായും ഇത്തവണ ഡിഎംകെ അധികാരത്തിൽ വരുമ്പോൾ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കും. സമൂഹത്തിൽ ആരെല്ലാം പരിഗണിക്കപ്പെടുന്നില്ല എന്ന് മനസ്സിലാക്കി ഇടപെടും. എല്ലാവരേയും പരിഗണിക്കുന്ന സർക്കാരായിരിക്കും ഡിഎംകെയുടേത്. കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളാ സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തൽ എന്താണ്? ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്തിട്ടുണ്ട്. ദളപതിയുടെ നല്ല സുഹൃത്താണ് പിണറായി വിജയൻ. എന്നാൽ നിങ്ങളുടെ തിരഞ്ഞെടുപ്പിൽ ഞാൻ തലയിട്ട് അഭിപ്രായം പറയുന്നില്ല. ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ മാറിനിന്നതിനെ എങ്ങനെ കാണുന്നു? കേന്ദ്ര സർക്കാർ തമിഴരോട് ചെയ്ത ദ്രോഹമാണത്. ഇത്രയധികം രാജ്യങ്ങൾ ശ്രീലങ്കയ്ക്കെതിരെ ശബ്ദം ഉയർത്തിയപ്പോൾ ഇന്ത്യ മാറി നിന്നു. ലോകത്ത് മുഴുവനുമുള്ള തമിഴരോട് ചെയ്ത ദ്രോഹമാണ്. പ്രധാനമന്ത്രി തിരുക്കുറലിലെ രണ്ട് വരി പറഞ്ഞാൽ തമിഴർക്ക് സുഹൃത്താകില്ല. ചെന്നൈയിലെ കുറേയേറെ ചായക്കടക്കാരും മലയാളികളും പറയുന്നത് ഡിഎംകെ അധികാരത്തിൽ വന്നാൽ ഗുണ്ടകളുടെ വിളയാട്ടം ആയിരിക്കുമെന്നാണ്. എന്താണ് ഇതിന്റെ അടിസ്ഥാനം. ഈ ചിന്ത മാറ്റാൻ എന്ത് നടപടിയാണ് സ്വീകരിക്കുക? ഇത് അണ്ണാ ഡിഎംകെ ജനങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയ തെറ്റായ ഇമേജാണ്. നേരത്തേ കലൈജ്ഞറെക്കുറിച്ചും ഇത്തരം തെറ്റായ പ്രചാരണം ഉണ്ടായിരുന്നു. ഒരു റൗഡിരാജ് വരാൻ പോകുന്നുവെന്ന് അവർ ഇപ്പോഴും പ്രചരിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അണ്ണാ ഡിഎംകെയുടെ സർക്കാർ സ്പോൺസേഡ് വയലൻസാണ് ഇവിടെ നടക്കുന്നത്. തൂത്തുക്കുടിയിൽ 13 സമരക്കാരെ വെടിവെച്ച് കൊന്നു. ചെന്നൈ സേലം എട്ടുവരിപ്പാതയുടേയും ഹൈഡ്രോ കാർബൺ പദ്ധതിയുടേയും പേരിൽ കർഷകരെയുൾപ്പെടെ മർദ്ദിച്ചു. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പരാതി നൽകാൻ പോയ ഐപിഎസ് ഉദ്യോഗസ്ഥയെ പോലീസുകാർ തന്നെ തടഞ്ഞ് വെച്ച് ഭീഷണിപ്പെടുത്തി. മന്ത്രിക്കെതിരെ ചോദ്യം ഉന്നയിച്ച യുവാവിനെ കുറച്ച് ദിവസങ്ങൾ ശേഷം കണ്ടത് മരണപ്പെട്ട നിലയിലാണ്. മാധ്യമപ്രവർത്തകർ വേട്ടയാടപ്പെട്ടു. പരാതി നൽകാൻ പോയ പെൺകുട്ടിയുടെ സഹോദരനെ പോലീസ് മർദ്ദിച്ചു. ഈ സർക്കാർ വയലന്റാണ്. ഈ സർക്കാരിൽ നിന്ന് എന്ത് തരം ഐക്യമാണ് ജനത പ്രതീക്ഷിക്കേണ്ടത്? വോട്ടെടുപ്പിന് മുൻപ് ജനങ്ങളോട് എന്താണ് പറയാനുള്ളത്? പ്രത്യേകിച്ച് മലയാളികളോട്? സംസ്ഥാനത്തിന്റെ അവകാശം അടിയറവെക്കരുത്. അത് മനസ്സിൽ വെക്കണം. അതിനുമപ്പുറം ഇതൊരു മതേതര രാജ്യമാണ് അത് കാത്ത് സൂക്ഷിക്കണം. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കക്ഷികളെ അതിന് അനുവദിക്കരുത്. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് ദേശ വിരുദ്ധത. അതിനെതിരെ നമുക്ക് ഒരുമിച്ച് പോരാടാം


from mathrubhumi.latestnews.rssfeed https://ift.tt/2OeblzO
via IFTTT