കുന്നംകുളം:നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് എറണാകുളത്തെന്താണ് കാര്യമെന്ന് ചോദിക്കരുത്. രണ്ടായിരത്തോളം വോട്ടാണ് ബ്രോഡ്വേയിലെയും പരിസരങ്ങളിലെയും കച്ചവടസ്ഥാപനങ്ങളിലുള്ളത്. ഈ വോട്ടുബാങ്കിൽ പിടിമുറുക്കാൻ ഒരു ദിവസത്തെ പര്യടനം വേണ്ടേ... എറണാകുളത്തെ പദ്മ ജങ്ഷൻ, ജ്യൂ സ്ട്രീറ്റ്, ബ്രോഡ്വേ, കോളുത്തറ, മേത്തർ ബസാർ, കോർപ്പറേഷൻ ബസാർ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, തൃത്താല, എറണാകുളം നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പോസ്റ്ററുകളും വോട്ടഭ്യർഥനയുമുണ്ട്. ഭൂരിപക്ഷം കുന്നംകുളത്തിനാണെന്നുമാത്രം. ചേലക്കര, വടക്കാഞ്ചേരി, തൃത്താല മണ്ഡലങ്ങളിൽനിന്നുള്ള അറുനൂറോളം വോട്ടർമാരുണ്ട്. കുന്നംകുളത്തുനിന്ന് എറണാകുളത്ത് സ്ഥിരതാമസമാക്കിയ അഞ്ഞൂറിലേറെ വോട്ടർമാർ എറണാകുളം മണ്ഡലത്തിലാണ്. കുന്നംകുളത്തെ സ്ഥാനാർഥിയുടെ സഹായത്തോടെ ഇവരുടെ വോട്ടുറപ്പിക്കുന്നതിനാണ് എറണാകുളത്തെ സ്ഥാനാർഥികളും പ്രചാരണത്തിന് ഒപ്പം ചേരുന്നത്. കുന്നംകുളം മണ്ഡലത്തിൽനിന്നുള്ളവരുടെ 450-ഓളം സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഇവയുടെ ഉടമകളും അതിലെ തൊഴിലാളികളുമാണ് പ്രധാന വോട്ടർമാർ. സ്റ്റേഷനറി, ഫാൻസി, ഇലക്ട്രിക്കൽ സ്ഥാപനങ്ങളാണ് കുന്നംകുളത്തുകാരുടേതായുള്ളത്. പലതും തലമുറകൾ കൈമാറിവരുന്ന കച്ചവടസ്ഥാപനങ്ങളാണ്. ഭൂരിഭാഗം തൊഴിലാളികളും കുന്നംകുളം മേഖലയിലുള്ളവരാകും. സ്ഥാപനത്തിലെ പണിത്തിരക്കുകൾ കഴിഞ്ഞുള്ള വിശ്രമവേളയിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം. വോട്ടെടുപ്പിന്റെ തലേന്ന് ഭൂരിഭാഗംപേരും നാട്ടിലെത്തും. പോളിങ് ബൂത്തുകളിൽ ആദ്യത്തെ വോട്ടർമാരായി ഇവരുണ്ടാകും. വോട്ട് ചെയ്താലുടൻ എറണാകുളത്തേക്ക് മടങ്ങും. വാഹനങ്ങൾ ഏർപ്പെടുത്തി വോട്ടുചെയ്യാൻ വന്നുപോകുന്നവരുമുണ്ട്. ഇടതുപക്ഷ അനുഭാവമുള്ള കുന്നംകുളം ഡെമോക്രാറ്റിക് ഫെഡറേഷൻ എറണാകുളം (കെ.ഡി.എഫ്.ഇ.) എന്ന സംഘടന എറണാകുളത്തുള്ള കുന്നംകുളത്തുകാരുടെ ക്ഷേമപ്രവർത്തനത്തിന് ആറുവർഷമായി രംഗത്തുണ്ട്. ആദ്യം ജയശങ്കർ, പിന്നെ മൊയ്തീൻ, വരും അനീഷ്കുമാർ... തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകൾക്കിടയിൽ എറണാകുളത്തുള്ളവരുടെ വോട്ടുതേടി ആദ്യമെത്തിയത് യു.ഡി.എഫ്. സ്ഥാനാർഥി കെ. ജയശങ്കറാണ്. പഞ്ചായത്തുതല പര്യടനങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ഹൈബി ഈഡൻ എം.പി.യാണ് എറണാകുളത്ത് സ്വീകരിച്ചത്. എൽ.ഡി.എഫിന്റെ രണ്ടാംഘട്ട പര്യടനത്തിനുശേഷമാണ് സ്ഥാനാർഥി എ.സി. മൊയ്തീൻ എറണാകുളം സന്ദർശിക്കാനെത്തിയത്. എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി ഷാജി ജോർജും ഒപ്പമുണ്ടായിരുന്നു. കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റിയിലായിരുന്നു ആദ്യ സ്വീകരണം. പഞ്ചായത്തുതല പര്യടനങ്ങൾ കഴിഞ്ഞാൽ എൻ.ഡി.എ. സ്ഥാനാർഥി കെ.കെ. അനീഷ്കുമാർ എറണാകുളത്തെ വോട്ടർമാരെ കാണാനെത്തും. മറ്റു ജില്ലകളിലെ വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങൾ സന്ദർശിക്കുമെന്നും പ്രസിഡന്റ് സുഭാഷ് പാക്കത്ത് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/39hdXUO
via
IFTTT