Breaking

Monday, March 29, 2021

ഇരട്ടവോട്ട്: വോട്ടുചേര്‍ക്കാനുള്ള പോര്‍ട്ടലിലും പാളിച്ച

ആലപ്പുഴ: വോട്ടർപട്ടികയിലെ അപാകങ്ങൾക്ക് പട്ടികയിൽ പേരുചേർക്കുന്നതിനുള്ള പോർട്ടലിലെ പിഴവും കാരണമായതായി സൂചന. നിലവിൽ വോട്ടർ പട്ടികയിലുള്ളവർക്ക് വീണ്ടും അപേക്ഷിക്കാവുന്ന വിധമാണ് സോഫ്റ്റ് വേർ. ഈവർഷത്തെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾത്തന്നെ ഇക്കാര്യം വെളിപ്പെട്ടതാണെങ്കിലും നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഒരുവിഭാഗം ഇരട്ടവോട്ടുകളെങ്കിലും ഇത്തരത്തിൽ വന്നതാകാം. കേരളത്തിൽ സി.ഇ.ഒ. കേരള എന്ന വെബ് പോർട്ടലാണ് നേരത്തെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഉപയോഗിച്ചിരുന്നത്. പുതിയ അപേക്ഷകരുടെ റിലേഷൻ ഐ.ഡി. (പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ബന്ധുക്കളുടെ വോട്ടർ കാർഡ് നമ്പർ) നൽകിയാലെ ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളു. റിലേഷൻ ഐ.ഡി. നൽകുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ വോട്ടർമാരുടെയും വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഇതോടെ അപേക്ഷകൻ നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുന്ന ആളാണോയെന്ന് തിരിച്ചറിയാനും കഴിയുമായിരുന്നു. എന്നാൽ, അപേക്ഷ സമർപ്പണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിലേക്ക് (എൻ.വി.എസ്.പി.) മാറ്റിയതോടെ റിലേഷൻ ഐ.ഡി. നിർബന്ധമല്ലാതായി. പോർട്ടലിൽ റിലേഷൻ ഐ.ഡി. ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകിയില്ലെങ്കിലും അപേക്ഷ സമർപ്പിക്കാം. 2017 മുതൽ എൻ.വി.എസ്.പി. പോർട്ടൽ ഉപയോഗത്തിലുണ്ടെങ്കിലും കഴിഞ്ഞവർഷമാണ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇതിലേക്കുമാറ്റിയത്. തിരിച്ചറിയൽ കാർഡ് അപേക്ഷകളും വിനയായി ഇരട്ടവോട്ടിന്റെ മറ്റൊരു കാരണം പുതിയ തിരിച്ചറിയൽ കാർഡിനായുള്ള അപേക്ഷകളാണെന്നും സൂചനയുണ്ട്. തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്ക് പുതിയ കാർഡിന് അപേക്ഷിക്കാം. ആവശ്യമെങ്കിൽ വോട്ടർ കാർഡിൽ പുതിയ ചിത്രവും ചേർക്കാം. എന്നാൽ, ഇതിനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ പുതുതായി പട്ടികയിൽ ചേർക്കാനുള്ള വിവരങ്ങളായിരിക്കും പലപ്പോഴും നൽകുന്നത്. പ്രദേശത്തെ ബി.എൽ.ഒ. ഈ വിവരങ്ങളനുസരിച്ച് വോട്ടെറെ നേരിൽ കാണുമ്പോൾ തങ്ങൾക്ക് നേരത്തെ തിരിച്ചറിയൽ കാർഡുണ്ടായിരുന്ന വിവരം പലരും മറച്ചുവക്കെും. ഇതോടെ അപേക്ഷകനെ പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. നിലവിലുണ്ടായിരുന്ന പേരിനൊപ്പം പുതുതായുള്ള അപേക്ഷപ്രകാരവും പട്ടികയിൽ ഇടം നേടും. ബി. എൽ.ഒ.മാർ പഴയ വോട്ടർപട്ടിക പരിശോധിച്ച് ഇങ്ങനെയുള്ളവരുടെ അപേക്ഷകൾ റദ്ദാക്കിയാൽ ഇരട്ടവോട്ട് ഒഴിവാക്കപ്പെടും. content highlights:error in nvsp also resulted in voters list irregularities


from mathrubhumi.latestnews.rssfeed https://ift.tt/2QQwuB7
via IFTTT