Breaking

Wednesday, March 31, 2021

സ്മിത്തും രഹാനെയും അശ്വിനുമല്ല; ഡല്‍ഹിയെ ഇത്തവണ ഋഷഭ് പന്ത് നയിക്കും

ന്യൂഡൽഹി: ഐ.പി.എൽ 14-ാം സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഈ സീസൺ നഷ്ടമായ സാഹചര്യത്തിലാണ് ഡൽഹി മാനേജ്മെന്റ് പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുന്നത്. സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹഹാനെ, ആർ. അശ്വിൻ എന്നീ സീനിയർ താരങ്ങളെ മറികടന്നാണ് പന്ത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരുന്നത്. 23-കാരനായ പന്തിനെ ക്യാപ്റ്റനാക്കിയ വിവരം ട്വിറ്ററിലൂടെയാണ് ഡൽഹി അറിയിച്ചത്. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ വൈസ് ക്യാപ്റ്റനായിരുന്നു പന്ത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഏപ്രിൽ 10-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഡൽഹിയുടെ ആദ്യ മത്സരം. ഐ.പി.എല്ലിൽ അതാദ്യമായാണ് പന്ത് ക്യാപ്റ്റനാകുന്നത്. നേരത്തെ 2017 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹി ടീമിനെ നയിച്ചത് പന്തായിരുന്നു. തന്നെ ഈ ചുമതല ഏൽപ്പിച്ച ടീം ഉടമകൾക്ക് നന്ദി അറിയിക്കുന്നതായി പന്ത് പ്രതികരിച്ചു. ഡൽഹിയിലാണ് താൻ വളർന്നത്. ആറു വർഷം മുൻപ് ഐ.പി.എൽ കരിയർ ആരംഭിച്ചതും ഡൽഹി ക്യാപിറ്റൽസിലൂടെയാണ്. ഈ ടീമിനെ എന്നെങ്കിലും നയിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ക്യാപ്റ്റൻ സ്ഥാനത്തേക്ക് തനിക്ക് യോഗ്യതയുണ്ടെന്ന് തീരുമാനിച്ച ടീം ഉടമകൾക്ക് നന്ദി, പന്ത് പറഞ്ഞു. അതേസമയം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഏപ്രിൽ എട്ടിന് ശസ്ത്രക്രിയ നടത്തും. ഏകദേശം അഞ്ചു മാസമെങ്കിലും പരിക്കിൽ നിന്ന് മുക്തനാകാൻ താരത്തിന് ആവശ്യമായി വരും. Content Highlights: Delhi Capitals name Rishabh Pant captain for IPL 2021


from mathrubhumi.latestnews.rssfeed https://ift.tt/2PGJ3OD
via IFTTT