തിരുവനന്തപുരം: പരാതികൾ പെരുകുകയും കോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെ ഇരട്ടവോട്ട് വിഷയത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇരട്ടവോട്ടുകൾ കൂടുതൽ കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻസമയ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും. ബൂത്തുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കും. ബി.എൽ.ഒ.മാരുടെ പരിശോധനയിൽ കണ്ടെത്തുന്ന ഇരട്ടവോട്ടുള്ളവരുടെ പേര് ഉൾപ്പെടുത്തിയ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്കു നൽകും. തിരഞ്ഞടുപ്പുസമയത്ത് പേര് ഒഴിവാക്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ഇരട്ടവോട്ടുകൾ മരവിപ്പിച്ചായിരിക്കും വോട്ടെടുപ്പ്. വോട്ടർപട്ടികയിൽ ഇരട്ടവോട്ട് സ്വയംകണ്ടെത്തി നീക്കാൻ അപേക്ഷിച്ചവർ ഉദ്യോഗസ്ഥരുടെ തീരുമാനം കാത്തിരിക്കുകയാണ്. ബി.എൽ.ഒ.മാർ വോട്ടറുടെ വീട്ടിലെത്തുമെന്ന് ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടായെങ്കിലും ഇതുവരെ എത്തിയില്ലെന്ന ആക്ഷേപമുണ്ട്. പോസ്റ്റൽവോട്ടിന് സീൽചെയ്ത ബാലറ്റുപെട്ടികൾവേണം -ചെന്നിത്തല 80 വയസ്സിനു മുകളിലുള്ളവർ ഉൾപ്പെടെയുള്ളവർക്ക് ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്ന ബാലറ്റുപെട്ടികൾ സീൽചെയ്തവയായിരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യമുന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും കത്തുനൽകി. സീൽചെയ്ത ബാലറ്റുപെട്ടികൾ ഉപയോഗിച്ചില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥർക്ക് ക്രമക്കേട് നടത്താൻ കഴിയുമെന്ന് കത്തിൽ പറയുന്നു. വോട്ടർപ്പട്ടികയിൽ ഇതരസംസ്ഥാനക്കാരുമെന്ന് പരാതി കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഇതരസംസ്ഥാനക്കാരുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. പട്ടികയിലെ ഇതരസംസ്ഥാനക്കാരുടെ കാര്യങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൻസന്റ് പാനിക്കുളങ്ങരയാണ് പരാതി നൽകിയത്. വോട്ടർപ്പട്ടിക കുറ്റമറ്റതാക്കണമെന്നും അതുവരെ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയിൽ പറയുന്നു. വോട്ടർ ഇതര സംസ്ഥാനക്കാരനാണെന്ന് പോളിങ് ഓഫീസർക്കോ ഏജന്റിനോ സ്ഥാനാർഥിക്കോ സംശയമുയർന്നാൽ അയാളെക്കൊണ്ട് മലയാളം എഴുതിപ്പിക്കുകയോ വായിപ്പിക്കുകയോ ചെയ്യാൻ അനുമതി നൽകണമെന്നും പരാതിയിൽ പറയുന്നു. Content Highlights: Webcasting at all polling booths in Kerala
from mathrubhumi.latestnews.rssfeed https://ift.tt/3cshaTr
via
IFTTT