Breaking

Tuesday, February 2, 2021

‘എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം സാറേ...’

ആലപ്പുഴ : തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്ന അഭ്യർഥനയുമായി അമ്പലപ്പുഴ പുന്നപ്ര പുത്തൻപുരയ്ക്കൽ ധന്യ സാന്ത്വനം വേദിയിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടുനിന്നവരും ഒന്ന് അമ്പരന്നു. ജന്മനാ അസുഖംബാധിച്ച നാലുമാസം പ്രായമായ കൈക്കുഞ്ഞുമായാണ് യുവതി എത്തിയത് അതുകണ്ടപ്പോൾ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് വേദിയിൽനിന്ന് താഴേക്ക് ഇറങ്ങിവന്നു. ജന്മനാ ആന്തരിക അവയവങ്ങൾക്കു കുഴപ്പമുള്ളതിനാൽ അധികനേരം കുഞ്ഞിനെ കിടത്താൻ കഴിയില്ല. ഘട്ടംഘട്ടമായി ചികിത്സനടത്തിയാൽ ഇതു മാറ്റിയെടുക്കാമെന്നാണു ഡോക്ടർമാർ പറഞ്ഞത്. ഭർത്താവുമായി പിണങ്ങിക്കഴിയുന്നതിനാൽ സ്വന്തംവീട്ടിലാണു താമസം. പിതാവ് രജികുമാറായിരുന്നു ആശ്രയം. എന്നാൽ, അദ്ദേഹം രണ്ടാഴ്ചമുമ്പുണ്ടായ അപകടത്തിൽ മരിച്ചു. ഇനി ചികിത്സ നടത്തണമെങ്കിൽ സർക്കാർ കനിയണമെന്നു നിറകണ്ണുകളോടെ ധന്യ മന്ത്രിയോടു പറഞ്ഞു. തുടർന്ന് ചികിത്സാരേഖകൾ പരിശോധിച്ച മന്ത്രി കുട്ടിയുടെ ചികിത്സ പൂർണമായി ഏറ്റെടുക്കുന്നതു പരിഗണിക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് മന്ത്രി ജി. സുധാകരൻ രേഖകൾ പരിശോധിച്ച് 25,000 രൂപ അടിയന്തരസഹായമായി അനുവദിച്ചു. വാർഡ് അംഗം രാജീവും ധന്യക്കൊപ്പം സഹായത്തിനെത്തി. ഷൈലമ്മയ്ക്ക് റേഷൻ കാർഡ് :മാരാരിക്കുളം സ്വദേശിയായ ഷൈലമ്മ എ.എ.വൈ. വിഭാഗത്തിലെ റേഷൻ കാർഡിനായി അലയാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഒടുവിൽ സർക്കാരിന്റെ സാന്ത്വനസ്പർശം തണലായപ്പോൾ കാർഡ് കിട്ടി. അതും വകുപ്പുമന്ത്രിയുടെ കൈയിൽനിന്ന്‌ നേരിട്ട്. ‌എ.എ.വൈ. വിഭാഗത്തിലുള്ള പുതിയ റേഷൻകാർഡ് അദാലത്തിൽവെച്ച് മന്ത്രി പി. തിലോത്തമൻ ഷൈലമ്മയ്ക്കു കൈമാറുകയായിരുന്നു. ഷൈലമ്മയുടെ ഭർത്താവ് തുളസീധരൻ ഒൻപതുവർഷം മുൻപാണ് കാൻസർമൂലം മരിച്ചത്. ഇളയമകളുടെ തണലിൽ കഴിഞ്ഞിരുന്ന ഷൈലമ്മയെ വീണ്ടും വിധി പരീക്ഷിച്ചു. ഇളയമകൾ പ്രസവത്തെത്തുടർന്ന് മരിച്ചു. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയിലാണു ഷൈലമ്മ റേഷൻ കാർഡ് എ.എ.വൈ. വിഭാഗത്തിലേക്കു മാറ്റാൻ സർക്കാരിന് അപേക്ഷ നൽകിയത്. എന്നാൽ, നടപടിയൊന്നുമായിരുന്നില്ല. റേഷൻ കാർഡ് മാറ്റൽ: 172 അപേക്ഷകൾ :രണ്ടു താലൂക്കുകളിൽനിന്ന്‌ റേഷൻകാർഡ് തരം മാറ്റത്തിനായി 172 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ ഭൂരിപക്ഷം അപേക്ഷകളും നിലവിൽ നടപടിക്രമങ്ങളുടെ അവസാനഘട്ടത്തിൽ ഉൾപ്പെടുന്നതാണെന്നു കണ്ടെത്തി. നടപടി ഉടൻ പൂർത്തിയാകും. ഷെലമ്മയ്ക്കൊപ്പം കൊമ്മാടി മാടയിൽ വീട്ടിൽ റെയ്ച്ചൽ, പുന്നപ്ര വടക്ക് കാർത്തിക സ്മിത, വടക്കൻ ആര്യാട് മണ്ണെഴത്തുവെളി ഓമന എന്നിവർക്കും റേഷൻകാർഡ് നൽകി.ബിജിമോൾക്ക്‌ എസ്.എസ്.എൽ.സി. ബുക്ക് തിരികെ കിട്ടി :2018-ലെ പ്രളയത്തിൽ ബിജിമോൾക്ക്‌ നഷ്ടപ്പെട്ട എസ്.എസ്.എൽ.സി. ബുക്ക് ഇന്ന് സാന്ത്വന സ്പർശം തിരികെ നൽകിയിരിക്കുകയാണ്. കൈനകരി പഞ്ചായത്ത് ചേന്നങ്കരി സ്വദേശിയായ ബിജിമോളുടെ എസ്.എസ്.എൽ.സി. ബുക്ക് പ്രളയത്തിൽ‍ നഷ്ടപ്പെട്ടതിനെത്തുടർന്ന്‌ അദാലത്തിലേക്ക് അപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിൽനിന്നാണ് ബിജിമോൾ എസ്.എസ്.എൽ.സി. ബുക്ക് ഏറ്റുവാങ്ങിയത്‌.രോഗിയായ യുവതിക്ക് ചികിത്സാസഹായം :കാൻസർ രോഗിയായ ആലപ്പുഴ സ്വദേശിനി സീനിയയ്ക്ക്‌ അദാലത്തിലൂടെ ചികിത്സാസഹായം. നാലുവർഷമായി കാൻസർ രോഗബാധിതായ സീനിയക്ക് ചികിത്സാ സഹായമാവശ്യപ്പെട്ട് ഭർത്താവ് സിബിയാണ് അപേക്ഷയുമായി അദാലത്തിലെത്തിയത്. അപേക്ഷ ഉടനടി പരിശോധിച്ച് മുഖ്യമന്ത്രിയുടെ ചികത്സാസഹായ ഫണ്ടിൽനിന്ന്‌ 25,000 രൂപ ഇവർക്ക് ചികത്സാസഹായമായി അനുവദിച്ചു. മന്ത്രി ജി. സുധാകരനാണു തുക കൈമാറിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3ao2G4J
via IFTTT