തിരുവനന്തപുരം: തിരഞ്ഞെടുപ്പിനായി കോൺഗ്രസിനെ സജ്ജമാക്കുന്നതിനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രണ്ടുദിവസം തിരുവനന്തപുരത്ത് തങ്ങുന്ന സംഘം യു.ഡി.എഫ്. കക്ഷിനേതാക്കളുമായും ചർച്ച നടത്തും. വിപുലമായ ചർച്ചകളാണ് നിരീക്ഷകർക്കായി ക്രമീകരിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കു പുറമേ കെ.പി.സി.സി. ഭാരവാഹികൾ, ഡി.ഡി.സി. പ്രസിഡന്റുമാർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തും. ശനിയാഴ്ച രാവിലെ ചേരുന്ന കെ.പി.സി.സി. എക്സിക്യുട്ടീവ് യോഗത്തിലും അവർ പങ്കെടുക്കും. നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിൽ പുതുതായി രൂപവത്കരിച്ച തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ യോഗം ചേരാനും ആലോചനയുണ്ട്. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം ഘടകകക്ഷികളുമായും കോൺഗ്രസിലെ വിവിധ തട്ടിലുള്ള നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെകൂടി അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിയെക്കൂടി സജീവ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. ഈ ചർച്ചകളിൽ ഉയർന്ന നിർദേശങ്ങൾ കോൺഗ്രസ് ഗൗരവമായി എടുത്തുവെന്ന അഭിപ്രായമാണ് ഘടകകക്ഷി നേതാക്കൾക്കുമുള്ളത്. ഉമ്മൻ ചാണ്ടി അധ്യക്ഷനായ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ രൂപവത്കരണം ഇതിന്റെ സൂചനയാണ്. സഭകളുമായുള്ള ബന്ധംവിളക്കിച്ചേർക്കാൻ ശ്രമം കോൺഗ്രസിനെ പരമ്പരാഗതമായി പിന്താങ്ങിയിരുന്ന ഒരു വലിയ വിഭാഗത്തിന്റ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടമായതിന്റെ പരിശോധന ആരംഭിച്ചു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന് പാർട്ടി മുൻതൂക്കം നൽകും. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വിഭാഗങ്ങളിലുണ്ടായ വോട്ടുചോർച്ചയാണ് കോൺഗ്രസിനെ ഞെട്ടിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഓരോ ക്രൈസ്തവ വിഭാഗവുമായും കോൺഗ്രസ് ചർച്ച നടത്തിവരുകയാണ്. ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ഇതിൽ നീറിനിൽക്കുന്നത്. പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ വിഭാഗം വിശ്വാസികളുടെ മൃതദേഹ സംസ്കാരത്തിനായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെ യു.ഡി.എഫ്. പിന്തുണച്ചിരുന്നു. സഭാ പ്രശ്നത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ പിന്തുണയ്ക്കുന്നതായ സമീപനം എടുക്കാനാകില്ലെന്നതാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിസന്ധി. കത്തോലിക്കാ സഭയടക്കമുള്ള വിഭാഗങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3c2zZNc
via
IFTTT