ചേർത്തല: കാരുണ്യം കരംനീട്ടിയപ്പോൾ അഴികൾ തുറന്ന് സന്തോഷ് പുതുവെളിച്ചത്തിലേക്ക്. ചികിത്സയും സൗകര്യങ്ങളുമൊരുക്കി സാമൂഹ്യനീതിവകുപ്പിന്റെ കീഴിലുള്ള കാക്കനാട് 'തെരുവുവെളിച്ച'മാണ് സന്തോഷിനെ ഏറ്റെടുത്തത്. കൂടെപ്പിറപ്പായ സുഭദ്രയും തണ്ണീർമുക്കം ഗ്രാമവും സന്തോഷിനെ നിറകണ്ണുകളോടെ യാത്രയാക്കി. സന്തോഷിന്റെ അഴികൾക്കുള്ളിലെ നൊമ്പരക്കാഴ്ച 'മാതൃഭൂമി'യിൽ വാർത്തയായതിനെത്തുടർന്നാണ് നടപടി. തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡ് ഉമ്മിണിശ്ശേരി വീട്ടുവളപ്പിലെ കൂട്ടിലായിരുന്നു സന്തോഷ്. ഉറക്കവും കുളിയും കക്കൂസും ഭക്ഷണവുമെല്ലാം 20 ചതുരശ്ര അടിമാത്രമുള്ള കൂട്ടിൽത്തന്നെ. സഹോദരി സുഭദ്ര അഴിക്കൾക്കടിയിലൂടെ നൽകുന്ന ഭക്ഷണം മാത്രമായിരുന്നു സന്തോഷിന്റെ ജീവിതം. 20 വർഷങ്ങൾക്കുമുമ്പ് അപകടത്തിൽ തലക്കേറ്റ പരിക്കിനെ തുടർന്നാണ് മനോനില തെറ്റിയത്. മാതൃഭൂമി വാർത്തകണ്ട് കാക്കനാട് തെരുവുവെളിച്ചത്തിന്റെ സാരഥികളായ മുരുകൻ തെരുവോരവും ഷാജു ആളൂക്കാരനും തണ്ണീർമുക്കത്തെത്തി. എസ്.ഐ. ജെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ മുഹമ്മ പോലീസും ഹെൽത്ത് ഇൻസ്പക്ടർ ഐ. മിനിയുടെ നേതൃത്വത്തിൽ ആരോഗ്യ, ആശാ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. സന്തോഷിനെ കൂടിനുവെളിയിലാക്കി കുളിപ്പിച്ച് വസ്ത്രങ്ങളണിയിച്ചു. സഹോദരി ഭക്ഷണവും നൽകിയാണ് യാത്രയാക്കിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, ബ്ലോക്ക് പഞ്ചായത്തംഗം യു.എസ്. സജീവ്, ഗ്രാമപ്പഞ്ചായത്തംഗം ഗിരീഷ് മാലേപറമ്പിൽ, ആരോഗ്യ പ്രവർത്തകരായ സിന്ധു, ഷീജ, ആശാപ്രവർത്തകരായ ഗിരിജ, രാജി എന്നിവരും നടപടികൾക്കു നേതൃത്വംനൽകി. പത്തനാപുരം ഗാന്ധിഭവൻ അടക്കമുള്ള സംഘടനകളും സന്തോഷിന്റെ സംരക്ഷണമേറ്റെടുക്കാൻ സന്നദ്ധതയറിയിച്ചിരുന്നു. Content Highlights: santhosh, cherthala
from mathrubhumi.latestnews.rssfeed https://ift.tt/3qEEtxC
via
IFTTT