കോഴിക്കോട്: മണ്ഡലത്തിലെ സ്ഥാനാർഥി ആര്, നേതാവിന്റെ മണ്ഡലം എവിടെ, ഇനി ആര് ഭരിക്കും എന്നൊക്കെ ആലോചിച്ചാണ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഓരോ ശരാശരി മലയാളിയും തല പുകയ്ക്കുന്നത്. എന്നാൽ, അതിനെക്കുറിച്ച് രഹസ്യമായി ജനങ്ങളുടെ പ്രതികരണം ആരായുന്ന പണി കോൺഗ്രസിലും ബി.ജെ.പി.യിലും സ്വകാര്യ ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണ്. സി.പി.എമ്മിനാകട്ടെ പാർട്ടി സംവിധാനംതന്നെ അതിന് ധാരാളം. ഹൈക്കമാൻഡ് എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. കോൺഗ്രസിൽ ഏജൻസികൾ ഉഷാർ കോൺഗ്രസിൽ സ്ഥാനാർഥി നിർണയമാണ് എക്കാലത്തും ഏറ്റവും വലിയ കടമ്പ. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടികക്ക് രൂപംനൽകുന്നത് കടൽ വറ്റിക്കാനുള്ള ശ്രമംപോലെയാണ്. അഖിലേന്ത്യാ നേതൃത്വത്തിന് മുന്നിൽ എത്താൻ സാധ്യതയുള്ള പേരുകളിലുള്ള രഹസ്യാന്വേഷണങ്ങളാണ് ഇപ്പോൾ പ്രൊഫഷണൽ ഏജൻസി നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരുടെ റിപ്പോർട്ടിന് അനുസരിച്ചായിരിക്കും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയസമീപനങ്ങളും ഇവർ ആരായുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന നേതാക്കളോട് സിറ്റിങ് സീറ്റുകളിലെയും ജയസാധ്യതയുള്ള സീറ്റുകളിലെയും സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വം ചോദിച്ചിട്ടുണ്ട്. ഇവയുടെ സാധ്യതകളാണ് പ്രൊഫഷണൽ ഏജൻസികൾ അന്വേഷിക്കുന്നത്. പാർട്ടി അനുഭാവികളിലും പൊതുജനങ്ങൾക്കിടയിലുമായി രണ്ടുതലങ്ങളിലാണ് എ.ഐ.സി.സി. ഏൽപ്പിച്ച സംഘങ്ങളുടെ അന്വേഷണങ്ങൾ. സി.പി.എമ്മിന് പാർട്ടി സംവിധാനംതന്നെ ധാരാളം ഇക്കാര്യങ്ങൾ കണ്ടെത്താൻ സി.പി.എമ്മിന് പുറംഏജൻസികളുടെ ആവശ്യമൊന്നുമില്ല. ഓരോ ജില്ലയിലെയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് നൽകുന്ന പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ച് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും. മുതിർന്ന നേതാക്കളുടെ കൂട്ടലും കിഴിക്കലുമെല്ലാം കഴിഞ്ഞായിരിക്കും പട്ടിക അവിടെ അവതരിപ്പിക്കുന്നത്. എന്തെങ്കിലും ഭിന്നാഭിപ്രായം ഉയർന്നാൽ വീണ്ടും അതത് ജില്ലയിലേക്ക് പുനഃപരിശോധനയ്ക്കായി തിരിച്ചയക്കും. പാർട്ടിയുടെ ശക്തിയും സാധ്യതയും സാമുദായിക സമവാക്യങ്ങളുമൊക്കെ നോക്കിയായിരിക്കും ഈ പട്ടിക രൂപപ്പെടുന്നത്. ബി.ജെ.പി.ക്ക് ബെംഗളൂരു എജൻസി തദ്ദേശ തിരഞ്ഞെടുപ്പിൽ 25,000 ത്തിനും 40,000-ത്തിനും ഇടയിൽ വോട്ടുകിട്ടിയ നാല്പതോളം മണ്ഡലങ്ങളിലാണ് ബെംഗളൂരു ആസ്ഥാനമായ പ്രൊഫഷണൽ ഏജൻസിയുടെ രഹസ്യാന്വേഷണവും സർവേയും. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിമാരുടെ അഭിപ്രായം ക്രോഡീകരിച്ചാണ് ജില്ലാ കമ്മിറ്റികൾ സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. അത് സംസ്ഥാന കമ്മിറ്റിക്ക് വിടും. തുടർന്നാണ് ദേശീയ നേതൃത്വത്തിന്റെ പരിശോധന. ഏജൻസിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും അവസാന പട്ടിക. നേതൃസ്ഥാനത്തേക്ക് അമിത് ഷാ വന്നതുമുതലാണ് പ്രൊഫഷണൽ ഏജൻസികളെ ഉപയോഗിച്ച് പഠനം നടത്താനാരംഭിച്ചത്. ജയിക്കാൻ സാധ്യതയുള്ളതും ഉറപ്പുള്ളതുമായ സംസ്ഥാനങ്ങളിലായിരുന്നു ഇതുവരെ നടന്നത്. ഇത്രയും വിപുലമായ അന്വേഷണം കേരളത്തിൽ ആദ്യമായാണ്. നേതൃത്വം നേരത്തേ സാധ്യത കണ്ടെത്തിയ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. 40,000-ലേറെ വോട്ടുകളുള്ള എ ക്ലാസ് മണ്ഡലങ്ങളിലാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/39TeDz9
via
IFTTT