Breaking

Sunday, January 24, 2021

ഭർത്താവിന് ‘സർപ്രൈസ്’ നൽകാൻ ബന്ധുക്കളെത്തേടി മലേഷ്യൻ വനിത

മലപ്പുറം: 78-ാം വയസ്സിൽ ഭർത്താവിന് ഒരു ’സർപ്രൈസ്’ നൽകാനുള്ള ശ്രമത്തിലാണ് 72-കാരിയായ മലേഷ്യൻ വനിത. കേരളത്തിലെവിടെയോ ഉണ്ടെന്ന് കരുതുന്ന അദ്ദേഹത്തിന്റെ ബന്ധുക്കളെ രഹസ്യമായി അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ഒരു നൂറ്റാണ്ടിലേറേ പിന്നിലേക്കുള്ള ഈ തിരിഞ്ഞുനോട്ടത്തിന് കാരണമായത് അവിചാരിതമായി ബന്ധപ്പെട്ട കേരളത്തിലെ ഒരു വാട്സാപ്പ് ഗ്രൂപ്പും.ക്വാലാലംപൂരിനടുത്ത് പൂച്ചോങ് സേലങ്കൂർ സിറ്റിയിൽ താമസിക്കുന്ന കല്യാണി ആണ് ഭർത്താവ് കെ.രാമന്റെ ബന്ധുക്കളെ തേടുന്നത്. ഇരുവരും ജനിച്ചതും വളർന്നതുമെല്ലാം മലേഷ്യയിലാണെങ്കിലും അച്ഛനമ്മമാർ മലയാളികളാണ്. കല്യാണിയുടെ കണ്ണൂരിലുള്ള ബന്ധുക്കളുമായി ഇപ്പോഴും ബന്ധവുമുണ്ട്. എന്നാൽ സർക്കാർ സർവീസിൽ ക്ലാർക്കായി വിരമിച്ച ഭർത്താവ് രാമന് കേരളത്തിലെ തന്റെ ബന്ധുക്കളെക്കുറിച്ച് ഒന്നുമറിയില്ല. ബന്ധുക്കളില്ലാത്തതിന്റെ വിഷമം അദ്ദേഹം ഇടക്കിടെ പറയുമെന്ന് കല്യാണി പറയുന്നു. അതുകൊണ്ടാണ് ബന്ധുക്കളെ എങ്ങനെയെങ്കിലും തേടിപ്പിടിക്കണമെന്ന് അവർ ആഗ്രഹിച്ചതും. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് കല്യാണിക്കറിയാം. കാരണം രാമന്റെ അച്ഛൻ കുഞ്ഞിക്കണ്ണൻ 120 വർഷംമുമ്പ് മലേഷ്യയിലെത്തിയതാണ്. ആ പലായനത്തിനു പിന്നിലും ഒരു കഥയുണ്ട്. നാട്ടിൽ ഉയർന്ന കുടുംബത്തിലെ യുവതിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടുകാർ അപായപ്പെടുത്തുമെന്ന് ഭയന്ന് അമ്മ കുറച്ചു പണം നൽകി നാടുവിടാൻ ആവശ്യപ്പെട്ടു. അങ്ങനെ 1903-ൽ, പതിനെട്ടാം വയസ്സിൽ കുഞ്ഞിക്കണ്ണൻ മലേഷ്യയിലെത്തി. അവിടെ മലയാളിബന്ധമുള്ള ഒരു പെൺകുട്ടിയെ കല്യാണംകഴിച്ചു. അതിൽ പിറന്ന ഏകമകനാണ് രാമൻ.നാട്ടിൽനിന്നുള്ള കത്തുകളിലൊന്നിൽ ഷൊർണൂർ എന്ന സ്ഥലപ്പേര് കല്യാണി ഓർക്കുന്നുണ്ട്. 1888-ലാണ് ജനനമെന്നും ഒരു രേഖയിലുണ്ട്. പക്ഷേ, നാടെവിടെയാണെന്ന് അറിയില്ല. കോട്ടയ്ക്കലിൽനിന്ന് വൈദ്യവും ജ്യോതിഷവുമെല്ലാം പഠിച്ചിരുന്നതായി കല്യാണി പറയുന്നു. മലേഷ്യയിലും വൈദ്യനായാണ് സേവനം ചെയ്തിരുന്നത്. അച്ഛൻ മരിച്ചപ്പോൾ സംസ്‌കാരച്ചടങ്ങിന് വന്നുപോയതിനുശേഷം പിന്നീട് കേരളത്തിലേക്ക് വന്നിട്ടുമില്ല. ഡോ.സാവിത്രി എന്ന പേരിൽ മദ്രാസിൽ ജോലിചെയ്യുന്ന ഒരു അനിയത്തിയുണ്ടായിരുന്നതായി കല്യാണിയോട് പറഞ്ഞിട്ടുണ്ട്. 1973-ൽ 85-ാമത്തെ വയസ്സിൽ കുഞ്ഞിക്കണ്ണൻ മരിച്ചു. അതോടെ കേരളവുമായുള്ള രാമന്റെ അവസാന കണ്ണിയും അറ്റു.നാട്ടുവൈദ്യ ഗവേഷകനും ഗൂഢഭാഷാ പ്രചാരകനുമായ ഡോ.പ്രമോദ് ഇരുമ്പുഴിയുടെ മൂലഭദ്രം ഗൂഢഭാഷാപഠനത്തിനായുള്ള വാട്സാപ്പ് കൂട്ടായ്മയിൽ അപ്രതീക്ഷിതമായി അംഗമായതാണ് കല്യാണിക്ക് വഴിത്തിരിവായത്. അഞ്ചുമക്കളുമായി ആലോചിച്ചശേഷം ഭർത്താവ് അറിയാതെയാണ് അന്വേഷണം തുടങ്ങിയത്. ബന്ധുക്കളെ തിരിച്ചറിഞ്ഞാൽ അവരുടെ സമാഗമത്തിന് വഴിയൊരുക്കുമെന്ന് ഡോ. പ്രമോദ് ഇരുമ്പുഴി പറഞ്ഞു. ഇവരെക്കുറിച്ച് അറിയുന്നവർക്ക് 9846308995 എന്ന നമ്പറിൽ ബന്ധപ്പെടാം.


from mathrubhumi.latestnews.rssfeed https://ift.tt/2YbCBQw
via IFTTT