കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ ശ്രദ്ധേയമായത് കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള തില്ലങ്കേരി ഡിവിഷനിലെ ഫലമാണ്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് സി.പി.എം. പിടിച്ചെടുത്തു എന്നതിനപ്പുറം അവിടത്തെ വോട്ടുനിലയാണ് ഇപ്പോൾ ചർച്ചാവിഷയം. കേരളത്തിൽ യു.ഡി.എഫിനെ ദുർബലമാക്കാനുള്ള ബി.ജെ.പി.യുടെ പുതിയ രാഷ്ട്രീയ ലൈനിന്റെ പരീക്ഷണമാണോ തില്ലങ്കേരിയിൽ നടന്നത് എന്നതാണ് ഈ ചർച്ചകൾക്ക് ഗൗരവം നൽകുന്നത്.രണ്ടുപ്രബല മുന്നണികൾക്കിടയിൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കണമെങ്കിൽ കേരളത്തിൽ യു.ഡി.എഫ്. തകരണമെന്ന രാഷ്ട്രീയലൈനിലേക്ക് ബി.ജെ.പി. എത്തിയിട്ടുണ്ട്. അതിന്റെ പരീക്ഷണമാണ് തില്ലങ്കേരിയിൽ നടന്നതെന്നാണ് അണിയറ സംസാരം. ബി.ജെ.പി.യുടെ വോട്ടുനില ആ സംശയത്തിന് ബലം നൽകുന്നു. യു.ഡി.എഫ്. സ്ഥാനാർഥി കഴിഞ്ഞ തവണ 285 വോട്ടിന് ജയിച്ച തില്ലങ്കേരിയിൽ ഇത്തവണ സി.പി.എം. സ്ഥാനാർത്ഥി ബിനോയ് കുര്യന്റെ ഭൂരിപക്ഷം 6980 ആണ്. നേരത്തെ 3333 വോട്ട് നേടിയിരുന്ന ബി.ജെ.പി.യുടെ വോട്ടാകട്ടെ ഇത്തവണ 1333 ആയി കുറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വർഷങ്ങളായി സംഘർഷവും അസ്വാരസ്യവും നിലനിൽക്കുന്ന സ്ഥലമാണ് തില്ലങ്കേരി. അവിടെയാണ് സി.പി.എം. ഇത്തവണ അട്ടിമറി വിജയം നേടിയതെന്നതും ബി.ജെ.പി രണ്ടായിരത്തോളം വോട്ടിന് പിന്നോട്ട് പോയതുമെന്നതാണ് ശ്രദ്ധേയം.സ്ഥാനാർഥിയായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോർജ് ഇരുമ്പുകുഴിയുടെ നിര്യാണത്തെ തുടർന്നാണ് തില്ലങ്കേരിയിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടർന്നാണ് വിദ്യാർഥിനിയായ ലിൻഡ ജെയിംസ് മുള്ളൻകുഴി യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥികൂടിയായിരുന്ന ബിനോയ് കുര്യൻ സി.പി.എമ്മിന്റെ യുവജന നേതാവാണ്. പോൾ ചെയ്ത 32,580 വോട്ടിൽ ബിനോയ് കുര്യൻ 18,687-ഉം ലിൻഡ 11,707 വോട്ടും നേടി. കേരള കോൺഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് പോയതും ഇടതുമുന്നണിയുടെ വോട്ട് കൂടാൻ കാരണമായിട്ടുണ്ട്. എന്നാൽ ബി.ജെ.പി യുടെ രണ്ടായിരത്തോളം വോട്ട് എങ്ങോട്ടുപോയി എന്നതാണ് എല്ലാവരും അന്വേഷിക്കുന്നത്.യു.ഡി.എഫിന് സ്വാധീനമുള്ള തില്ലങ്കേരി പോലുള്ള പ്രദേശങ്ങളിൽ ഭാവിയിൽ മുന്നേറാൻ യു.ഡി.എഫിന് ക്ഷീണം ഉണ്ടാക്കുക എന്ന ബി.ജെ.പിയുടെ രാഷ്ട്രീയ ലൈനാണ് ഉത്തരമായി ചൂണ്ടിക്കാട്ടുന്നത്. ഇത് കൂടുതൽ സ്ഥലങ്ങളിൽ പരീക്ഷിക്കപ്പെടുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്. 2026 ആവുമ്പോഴേക്കും യു.ഡി.എഫിന്റെ സാന്നിധ്യവും സ്വാധീനവും ഗണ്യമായി കുറച്ചുകൊണ്ടുവരിക എന്ന ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രത്തിന്റെ പരീക്ഷണമാണിതെന്നാണ് കരുതുന്നത്. അങ്ങനെ നിരാശരാകുന്ന യു.ഡി.എഫ് അണികളിലേക്ക് പടർന്നുകയറാൻ കഴിയുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ഇരുമുന്നണികളും ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ കൂടുതൽ സമാഹരിക്കുകയെന്നതും ബി.ജെ.പിയുടെ രാഷ്ട്രീയനീക്കമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3sU7VS3
via
IFTTT