മാങ്കുളം(ഇടുക്കി): പുള്ളിപ്പുലിയെ കെണിവെച്ച് കൊന്നുതിന്ന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതിന് വനംവകുപ്പ് നടപടികൾ തുടങ്ങി. കസ്റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. പ്രതികൾ ഇതിനുമുമ്പ് സമാനരീതിയിൽ മുള്ളൻപന്നിയെ കൊന്നതായും വനംവകുപ്പിന് വിവരം ലഭിച്ചു. അതിനിടെ, പുലിയെ കൊന്ന സംഭവം പുറത്തറിഞ്ഞത് ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെയാണെന്നും വ്യക്തമായി.ഒന്നാംപ്രതി മുനിപാറ സ്വദേശി പി.കെ.വിനോദിന്റെ പറമ്പിൽവെച്ച കെണിയിൽ പുലി കുടുങ്ങിയത് ബുധനാഴ്ചയാണ്. തുടർന്ന് പുലിയെ കൊന്ന് തോൽ മാറ്റി. പല്ലും നഖവും വെട്ടിയെടുത്ത് സൂക്ഷിച്ചു. ഇറച്ചി എടുക്കുകയും ചെയ്തു.മാങ്കുളം കള്ളുഷാപ്പിൽ ജോലിചെയ്യുന്ന ബിനുവിനാണ് ആദ്യം ഇറച്ചി നൽകിയത്. ഇത് പുലിയുടെ ഇറച്ചിയാണെന്ന് എങ്ങനെ ഉറപ്പിക്കുമെന്ന് ചോദിച്ചപ്പോൾ, വിനോദ് പുലിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു. ഈ ഫോട്ടോയിൽനിന്നാണ് പുലിയെ കൊന്ന കാര്യം പുറത്തുവന്നതെന്ന് പറയുന്നു. പുലിയുടെ ഇറച്ചിയുടെ ഒരുഭാഗം മാത്രമാണ് ഇവർ എടുത്തത്. ബാക്കി പുഴയിൽ കളഞ്ഞെന്നും പറയുന്നു.കാടിനോടുചേർന്നാണ് വിനോദിന്റെ കൃഷിയിടം. നേരത്തേ, വിനോദിന്റെ ഒരു ആടിനെ വന്യമൃഗം പിടിച്ചിരുന്നു. ഇതിനെ പിടിക്കാനാണ് കെണിവെച്ചത്.വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽവരുന്ന പുലിയെ കൊന്നാൽ മൂന്നുമുതൽ ഏഴുവർഷംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. അതിനിടെ, മാങ്കുളം ഡിവിഷൻ പരിധിയിൽ അഞ്ചിൽ കൂടുതൽ പുലികളുള്ളതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. നേരത്തേ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. നാലുദിവസം മുമ്പ് വിരിപാറ എസ്റ്റേറ്റ് ഭാഗത്ത് ഒരു പുലി നിൽക്കുന്ന ഫോട്ടോ മാങ്കുളം മേഖലയിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3ppwhko
via
IFTTT