Breaking

Saturday, January 23, 2021

സി.എ.ജി.ക്കെതിരേ അസാധാരണനീക്കം; സർക്കാർ ലക്ഷ്യം രാഷ്ട്രീയനേട്ടം

തിരുവനന്തപരം : യുദ്ധരംഗത്ത് നിൽക്കവേ അസാധാരണമായ ഒരു 'സൈനിക' നീക്കമാണ് സർക്കാർ നടത്തിയത്. സർക്കാരും നിയമസഭയുംപോലെ മറ്റൊരു ഭരണഘടനാസ്ഥാപനമായ സി.എ.ജി.യുടെ കണ്ടെത്തലുകൾ നിരാകരിക്കണമെന്ന പ്രമേയം പാസാക്കുന്നത് ജനാധിപത്യസംവിധാനത്തിൽ ആദ്യത്തേതാണ്, അപൂർവവും. ഭരണഘടനാസ്ഥാപനവുമായി ഏറ്റുമുട്ടുന്നതിലുള്ള പ്രതിച്ഛായനഷ്ടത്തിലുപരി അതുവഴിയുണ്ടാകുന്ന രാഷ്ട്രീയനേട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗവർണർക്കുവേണ്ടിയാണ് നിയമസഭയിൽ കിഫ്ബിയുടെ ഓഡിറ്റ് റിപ്പോർട്ട് ധനമന്ത്രി സമർപ്പിക്കുക. റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ കിഫ്ബിയുടെ നിലനിൽപ്പുതന്നെ ഭരണഘടനാവിരുദ്ധമാണെന്ന കണ്ടെത്തലാണ് സി.എ.ജി.ക്കെന്ന് മനസ്സിലാക്കിയ ധനമന്ത്രി ഒരുമുഴംമുമ്പേ എറിഞ്ഞു. റിപ്പോർട്ട് അദ്ദേഹംതന്നെ രണ്ടുമാസംമുമ്പ് പുറത്തുവിട്ടു. രാഷ്ട്രീയപ്രേരിതവും സർക്കാരിനെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് സി.എ.ജി. റിപ്പോർട്ടെന്ന കടുത്ത വിമർശനവും ഇതോടൊപ്പമുയർത്തി. ഇതോടെ റിപ്പോർട്ട് ചോർത്തലിലേക്ക് വിവാദം നീങ്ങി. അവകാശലംഘനം നിയമസഭാ സമിതി പരിശോധിച്ചെങ്കിലും ധനമന്ത്രിക്ക് ക്ലീൻചിറ്റ് നൽകി. തദ്ദേശതിരഞ്ഞെടുപ്പ് സമയത്തുതന്നെ സി.എ.ജി. റിപ്പോർട്ട് ചോർത്തി അതിലെ വിഷാംശം മെല്ലെ നിർവീര്യമാക്കിയത് രാഷ്ട്രീയമായി ഗുണംചെയ്തുവെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. 2ജി സ്പെക്ട്രം അടക്കം രാജ്യത്തെ കുപ്രസിദ്ധമായ അഴിമതിക്കേസുകളും സാമ്പത്തിക ക്രമക്കേടുകളും പുറത്തുവന്നത് സി.എ.ജി. റിപ്പോർട്ടിലൂടെയാണ്. അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഡസൻകണക്കിന് അഴിമതിക്കേസുകൾ വിജിലൻസും സി.ബി.ഐയും അന്വേഷിച്ചു. പാമോയിൽമുതൽ ലാവലിൻവരെ ഉദാഹരണം. സി.എ.ജി. റിപ്പോർട്ടുകളെ മുഖവിലയ്ക്കെടുത്ത് അതിന്മേൽ അന്വേഷണം ആവശ്യപ്പെടുന്ന നയമാണ് സി.പി.എം. ഇതുവരെ സ്വീകരിച്ചിരുന്നത്. ഓഡിറ്റിന്റെ കുന്തമുന സ്വന്തം സർക്കാരിനെതിരേ നീങ്ങിയപ്പോൾ നിലപാടിൽ മാറ്റം വന്നുവെന്ന വിമർശനത്തിന്, സർക്കാരിനോട് വേണ്ടത്ര ആലോചിക്കാതെയും അവസാന യോഗത്തിനും ശേഷം എഴുതിപ്പിടിപ്പിച്ച കുറ്റാരോപണങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന മറുവാദമാണ് ഉയർത്തുക. കിഫ്ബിയോടുള്ള എതിർപ്പ് രാഷ്ട്രീയമെന്ന് പ്രചാരണം സി.എ.ജി. റിപ്പോർട്ട് ചോർത്തൽ പാർശ്വഫലങ്ങളറിയാനുള്ള ടെസ്റ്റ്ഡോസായിരുന്നു. അതുവിജയിച്ചതോടെ സി.എ.ജി.ക്കെതിരേ പ്രമേയം പാസാക്കുകയെന്ന ശസ്ത്രക്രിയയിലേക്ക് നീങ്ങാനുള്ള തീരുമാനം ഭരണമുന്നണി എടുത്തു. കിഫ്ബിക്കെതിരായ പരാമർശങ്ങൾ 'രാഷ്ട്രീയ നിഷ്പക്ഷതയും പ്രൊഫഷണൽ സമീപനമില്ലാത്തതാണെന്നും' കുറ്റപ്പെടുത്തിയാണ് അതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നിരാകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടത്. കിഫ്ബിവഴിയുള്ള അടിസ്ഥാനസൗകര്യവികസനമാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. വികസനപ്രവർത്തനങ്ങളുടെ നേർസാക്ഷ്യങ്ങളായി സംസ്ഥാനത്തുടനീളം നിലനിൽക്കുന്ന നിർമിതികൾ ചൂണ്ടിയാണ് സർക്കാർ വീണ്ടും ജനവിധി തേടുന്നത്. ബി.ജെ.പി. ഭരണത്തിന്റെ ചട്ടുകങ്ങളായി അന്വേഷണ ഏജൻസികളെപ്പോലെ സി.എ.ജി.യും മാറിയെന്ന പ്രചാരണമാകും ഇടതുമുന്നണി ഇനി നടത്തുക.


from mathrubhumi.latestnews.rssfeed https://ift.tt/2LOx5kE
via IFTTT