ന്യൂഡൽഹി : നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയുൾപ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാൻ തയ്യാറാണെന്ന് യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാമെന്നും സിദ്ദിഖ് കാപ്പൻ സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാൻ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിക്കാൻ അഭിഭാഷകനായ വിൽസ് മാത്യുവിനെ സിദ്ദിഖ് കാപ്പൻ ചുമതലപ്പെടുത്തിയിരുന്നു. യൂണിയന്റെ ഡൽഹി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റും, മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ നിയമം ദുരുപയോഗം ചെയ്ത് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യൂണിയൻ ആവശ്യപെട്ടിടുണ്ട്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെ കുറിച്ച് അയച്ച കത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇത് വരെ മറുപടി നൽകിയിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറി എന്നാണ് സിദ്ദിഖ് കാപ്പനെ ആദ്യ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ വിശേഷിപ്പിച്ചരുന്നത്. എന്നാൽ പിന്നീട് നൽകിയ സത്യവാങ്മൂലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളുമായി ബന്ധമുള്ളയാൾ എന്നാക്കി. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനായി ഉള്ള ബന്ധത്തിനപ്പുറം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഒരു ബന്ധവും സിദ്ദിഖ് കാപ്പനില്ലെന്നും യൂണിന്റെ മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഒരു വിജിലൻസ് അന്വേഷണവും നേരിടുന്നില്ല : കേരള പത്ര പ്രവർത്തക യൂണിയൻ ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത് പോലെ ഒരു വിജിലൻസ് അന്വേഷണവും തങ്ങൾക്കെതിരെ ആരംഭിച്ചിട്ടില്ല എന്ന് കേരള പത്രപ്രവർത്തക യൂണിയന്റെ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹർജി നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളിയിരുന്നു. അതിനെതിരെ നൽകിയ പുനഃപരിശോധന ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും മറുപടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂരിൽ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമി കൈയേറി എന്ന കേസിൽ പത്രപ്രവർത്തക യൂണിയന് ബന്ധമില്ലെന്നും മറുപടി സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ഭൂമി കൈയേറി എന്ന ആരോപണം നേരിടുന്ന സംഘടനയാണ് കേരള പത്രപ്രവർത്തക യൂണിയൻ എന്ന് ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ മാസം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. എല്ലാ മാധ്യമ പ്രവർത്തകരുടെയും സംഘടന അല്ല കേരള പത്രപ്രവർത്തക യൂണിയൻ എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന്റെ നിലപാട്. മറ്റൊരു സംഘടന കൂടി മാധ്യമപ്രവർത്തകർക്ക് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇത് ഏത് സംഘടനയാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2MaLS8U
via
IFTTT