Breaking

Friday, January 22, 2021

നാലുവർഷമായി ഒരാൾ കൂട്ടിൽക്കിടക്കുന്ന സംഭവം റിപ്പോർട്ടുചെയ്ത ലേഖകന്റെ കുറിപ്പ്

ചേർത്തല: എപ്പോഴുമെത്തുന്ന വിളിയായിമാത്രമേ സജീവിന്റെ സന്ദേശത്തെ കരുതിയുള്ളൂ. എങ്കിലും പറഞ്ഞത് ഉള്ളിൽത്തട്ടിയാണെന്നുതോന്നി. ബ്ലോക്കിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട യു.എസ്. സജീവ് തിരഞ്ഞെടുപ്പുപ്രചാരണത്തിനിടയിലാണ് സന്തോഷിന്റെ കൂട്ടിലെ വാസം കണ്ടത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ മനോജുമൊത്ത് തണ്ണീർമുക്കം വെറുങ്ങുംചുവട്ടിലേക്കെത്തി. സജീവ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഉമ്മിണിശ്ശേരി വീട്ടിലെത്തുമ്പോഴുള്ള കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. തടികൊണ്ടുണ്ടാക്കിയ ചെറിയ വീട്. അവിടെയൊരു കൂട്. അകത്തുനിന്ന് മനുഷ്യശബ്ദംകേട്ട് അഴികൾക്കിടയിലൂടെ നോക്കിയപ്പോഴാണ് ആ കാഴ്ചകണ്ടത്. നനഞ്ഞ സിമന്റുതറയിൽ തുണിയൊന്നുമില്ലാതെ മൃഗതുല്യമായ മനുഷ്യക്കോലം. എന്തെന്നറിയാതെ പലകാര്യങ്ങളും സന്തോഷ് പറയുന്നുണ്ടായിരുന്നു. ഒന്നേ നോക്കിയുള്ളൂ. ഞങ്ങളുടെ വരവറിഞ്ഞ്, സമീപത്തെ വീട്ടിൽ ജോലിക്കുപോയിരുന്ന സഹോദരി സുഭദ്രയെത്തി. നിറഞ്ഞ കണ്ണുകളുമായി അവർ സന്തോഷിന്റെ കഥകൾ പറഞ്ഞു; സഹോദരിയായല്ല, ഒരമ്മയുടെ കരുതലോടെ. വാർത്ത തയ്യാറാക്കുമ്പോഴും ആ കണ്ണുനീർ ചുട്ടുപൊള്ളിച്ചു. വാർത്തകണ്ട് വ്യാഴാഴ്ച പുലർച്ചെമുതൽ വിളികൾ വന്നുതുടങ്ങി. ഒമ്പതുമണിയോടെ പത്തനാപുരത്തെയും കോട്ടയത്തെയും സന്നദ്ധസംഘടനകൾ സന്തോഷിനെ ഏറ്റെടുക്കാൻ സന്നദ്ധരാണെന്ന് അറിയിച്ചു. വൈകാതെ തെരുവുവെളിച്ചം പ്രവർത്തകരെത്തി. ആൾക്കൂട്ടത്തിൽനിന്ന് സുഭദ്രാമ്മ ഓടിയെത്തി കരഞ്ഞുകൊണ്ട് കൈകൂപ്പി. ആ കണ്ണീരിൽ എല്ലാമുണ്ടായിരുന്നു...


from mathrubhumi.latestnews.rssfeed https://ift.tt/3c2zbIm
via IFTTT