കോഴിക്കോട് : കോവിഡിനെ തുടർന്ന് നാട്ടിലേക്ക് എത്തിയ മെഡിക്കൽ വിദ്യാർഥികൾ ചൈനയിലേക്ക് തിരികെ പോകാൻ കഴിയാതെ പ്രതിസന്ധിയിൽ. കേരളത്തിൽ പതിനായിരത്തോളം വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. വിദേശവിദ്യാർഥികൾക്ക് പ്രവേശനവിലക്ക് തുടരുകയാണ്. എം.ബി.ബി.എസിന് പുറമേ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളിൽ പഠിക്കുന്നവരുണ്ട്. കഴിഞ്ഞവർഷം ജനുവരി മുതലാണ് വിദ്യാർഥികൾ നാട്ടിലെത്തിയത്. യൂണിവേഴ്സിറ്റികൾ മുൻകൈയെടുത്താണ് കുട്ടികളെ നാട്ടിലേക്കയച്ചത്. എന്നാൽ തിരികെ കോളേജിലേക്കെത്തണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിന് മറുപടിയില്ല. അവസാനവർഷ വിദ്യാർഥികൾക്കാണ് കൂടുതൽ പ്രതിസന്ധി. വാർഷിക ഫീസായ മൂന്നേകാൽ ലക്ഷം രൂപ അടച്ചാണ് വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. എന്നാൽ നാഷണൽ മെഡിക്കൽ കമ്മിഷൻ ഓൺലൈൻ വഴിയുള്ള പരീക്ഷകൾ അംഗീകരിക്കാത്തത് ഇവർക്ക് തിരിച്ചടിയാകും. യൂണിവേഴ്സിറ്റികളിലേക്ക് മടങ്ങിയെത്തിയാൽ മാത്രമേ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ കഴിയൂവെന്നാണ് വിദ്യാർഥികൾ പറയുന്നത്. ലക്ഷങ്ങൾ കടംവാങ്ങിയും ബാങ്ക് ലോണെടുത്തും പഠിക്കാനെത്തിയ വിദ്യാർഥികളാണ് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുന്നത്. കേരളത്തിൽ 3000-ത്തോളം വിദ്യാർഥികൾ ബാങ്ക് ലോണിനെ ആശ്രയിച്ചാണ് പഠനം തുടരുന്നത്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇവർ. പലർക്കും ഏജൻസികൾ മുഖേനയാണ് പഠിക്കാൻ അവസരം ഒരുങ്ങിയത്. എന്നാൽ ഏജൻസികൾ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ഇന്ത്യൻ എംബസി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർക്ക് മുമ്പിൽ ഒട്ടേറെ തവണ വിഷയം അവതരിപ്പിച്ചെങ്കിലും നടപടിയൊന്നുമായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3sGCvPb
via
IFTTT