എന്റെ ഡാഡ്, അദ്ദേഹത്തിന്റെ 27 ഭാര്യമാർ, ഞാനുൾപ്പെടെ 150 കുട്ടികൾ...മെർലിൻ എന്ന പത്തൊമ്പതുകാരൻ ടിക് ടോക്കിലൂടെ പങ്കുവെച്ച കഥയാണിത്. കാനഡയിലെ ഏറ്റവും വലിയ ബഹുഭാര്യത്വം തുടരുന്ന വിൻസ്റ്റൺ ബ്ലാക്മൂറിന്റെ വീട്ടിലെ അനുഭവങ്ങൾ ലോകവുമായി പങ്കുവെക്കാനാണ് മെർലിനും സഹോദരങ്ങളായ മുറേ, വാറൻ എന്നിവരും ടിക് ടോക്കിലൂടെ എത്തിയത്. ടിക് ടോക്കിൽ സജീവമാണെങ്കിലും മെർലിനോ സഹോദരങ്ങളോ വീട്ടിലെ അനുഭവങ്ങൾ പങ്കിടാൻ ഇതുവരെ ഒരുങ്ങിയിരുന്നില്ല. ബ്ലാക്മൂറിന്റെ കുടുംബാംഗങ്ങൾ ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തലിനൊരുങ്ങിയത് എന്നത് കൗതുകകരമായതിനാൽ തന്നെ ഈ ടിക് ടോക് വീഡിയോ ഇതിനോടകം വൈറലാണ്. ഗൃഹനാഥനായ ബ്ലാക്മൂറിന് 64 ആണ് പ്രായം. 27 ഭാര്യമാരിൽ 22 പേരിലാണ് കുട്ടികളുള്ളത്. ഈ 22 പേരിൽ 16 പേർ ഇപ്പോഴും ബ്ലാക്മൂറുമായി വിവാഹബന്ധം തുടരുന്നു. എല്ലാ കുട്ടികളും സ്വന്തം അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. അമ്മയെ ഒഴികെ പിതാവിന്റെ മറ്റ് ഭാര്യമാരെ അമ്മ എന്നതിനൊപ്പം അവരുടെ പേരും ചേർത്ത് വിളിക്കുന്നതാണ് കുട്ടികളുടെ ശീലം. കുട്ടികൾ കൗമാരത്തിലെത്തിയാൽ അമ്മമാരിൽ നിന്ന് പിരിഞ്ഞ് ഹോസ്റ്റലുകളിലേത് പോലെ ഒന്നിച്ചാവും താമസം. ഇരുപതാമത്തെ വയസ്സിലാണ് ബ്ലാക്മൂറിന് ആദ്യത്തെ കുട്ടി ജനിക്കുന്നത്. 150-മത്തെ കുട്ടിയുണ്ടായത് 62-മത്തെ വയസിലും. എല്ലാ വിധ സൗകര്യമുള്ള രണ്ട് നിലകളുള്ള ഓരോ അപ്പാർട്ട്മെന്റിലുമായി രണ്ട് ഭാര്യമാരും അവരുടെ കുട്ടികളുമാണ് താമസം. ബ്ലാക്മൂറിന്റെ ഭാര്യമാരിൽ സഹോദരിമാരും ഉണ്ടായിരുന്നു. കുട്ടികൾക്കിടയിൽ വിദ്വേഷമുണ്ടായിരുന്നില്ലെന്നും പരസ്പരം മനസിലാക്കാൻ എല്ലാവരും ശ്രമിച്ചിരുന്നതായും മെർലിൻ വീഡിയോയിൽ സൂചിപ്പിക്കുന്നു. Photo : Facebook /Winston Blackmore ഒരേ പ്രായത്തിൽ, ഒരേ മാസത്തിൽ ജനിച്ച സഹോദരങ്ങളുമുണ്ട് ഇവർക്കിടയിൽ. ഓരോത്തരുടേയും പിറന്നാളാഘോഷം ഓരോ വീടുകളിലായി ഒതുങ്ങിയിരുന്നെങ്കിലും കുടുംബം ഒന്നടങ്കം ഒത്തുചേരുന്ന ആഘോഷങ്ങളും പതിവാണ്. പാരമ്പര്യവസ്ത്രമണിഞ്ഞാണ് ഇവർ ഒത്തുചേരലിനെത്തുന്നത്. ഭക്ഷണത്തിന് വേണ്ടത് കുടുംബാംഗങ്ങൾ തന്നെ കൃഷി ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. കുട്ടികൾക്ക് പണികൾ തരം തിരിച്ച് നൽകിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ എണ്ണം കണക്കിലെടുത്താൽ ഒരു സമൂഹമായി തന്നെ കരുതാവുന്ന കുടുംബത്തിൽ നിന്ന് മെർലിനും രണ്ട് സഹോദരങ്ങളും വേർപിരിഞ്ഞാണ് ഇപ്പോൾ കഴിയുന്നത്. മാറിത്താമസിക്കാനുള്ള അനുവാദം അച്ഛനിൽ നിന്ന് ലഭിക്കാൻ ഏറെ പണിപ്പെട്ടതായി മെർലിൻ പറയുന്നു. നിലവിൽ യുഎസിൽ താമസിക്കുന്ന മെർലിനും മറ്റു രണ്ട് പേരും തങ്ങളുടെ സഹോദരങ്ങളുമായി ബന്ധം പുലർത്തുന്നുണ്ട്. Photo : Facebook /Winston Blackmore ഫണ്ടമെന്റലിസ്റ്റ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സിന്റെ കീഴിൽ വിജയകരമായി ബഹുഭാര്യാത്വസമൂഹം നയിച്ചിരുന്ന രണ്ട് നേതാക്കളിൽ ഒരാളാണ് ബ്ലാക്മൂർ. മറ്റേയാൾ ഇരുപത് കൊല്ലത്തെ തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് ജയിലിൽ കഴിയുന്ന വാറൻ ജെഫ് ആണ്. Content Highlights: Teens TikTok on Worlds Largest Polygamist Cult is Viral, Winston Blackmore
from mathrubhumi.latestnews.rssfeed https://ift.tt/2NsmiwJ
via
IFTTT