Breaking

Sunday, January 24, 2021

'നീവ'-പുതിയ സെര്‍ച്ച് എഞ്ചിനുമായി ഇന്ത്യക്കാരായ മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍

സെർച്ച് എഞ്ചിൻ രംഗത്ത് ഗൂഗിൾ കഴിഞ്ഞേ ഏതുമുള്ളൂ. എങ്കിലും, ഗൂഗിളിനെതിരെ മത്സരിക്കുന്ന ചില സെർച്ച് എഞ്ചിനുകളുണ്ട്. അവയിലൊന്നാവുകയാണ് ഗൂഗിളിലെ മുൻ ഉദ്യോഗസ്ഥരായ ശ്രീധർ രാമസ്വാമി, വിവേക് രഘുനാഥൻ എന്നിവർ രൂപംനൽകിയ നീവ (Neeva). പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെർച്ച് എഞ്ചിൻ - ഇതാണ് നീവയുടെ വിശേഷണം. 2021 പകുതിയോടെ സെർച്ച് എഞ്ചിൻ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്തൃ വിവരങ്ങൾക്ക് മേൽ ഗൂഗിൾ ഉൾപ്പെടുന്ന സാങ്കേതികരംഗത്തെ ഭീമന്മാരുടെ അധീശത്വം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, സബ്സ്ക്രിപ്ഷൻ മോഡലാണ് നീവ പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് മുന്നിൽ സെർച്ച് സംവിധാനം എത്തിക്കുന്നതിന് മികച്ച ആശയമാണ് പരസ്യ മോഡൽ. എന്നാൽ, കാലങ്ങൾ കഴിഞ്ഞപ്പോൾ പരസ്യങ്ങൾ സമ്മർദ്ദമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഉപയോക്താക്കൾ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീധർ രാമസ്വാമി പറഞ്ഞു. കൂടുതൽ മികച്ച സെർച്ച് സംവിധാനം നിർമിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറയുന്നു. ഗൂഗിളിന്റെ പരസ്യവിതരണ സംവിധാനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പടെ വ്യക്തമായ ധാരണയുള്ളവരാണ് ശ്രീധർ രാമസ്വാമിയും വിവേക് രഘുനാഥനും. ചെന്നൈ ഐഐടി ബിരുദധാരിയായ രാമസ്വാമി ഗൂഗിളിലെ പരസ്യ, വാണിജ്യ വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റായിരുന്നു. മുംബൈ ഐഐടി ബിരുദധാരിയായ വിവേക് രഘുനാഥൻ യൂട്യൂബിലെ മൊണട്ടൈസേഷൻ വൈസ് പ്രസിഡന്റായിരുന്നു. നാലോ അഞ്ചോ മാസങ്ങൾക്കുള്ളിൽ പുതിയ സെർച്ച് എഞ്ചിൻ പുറത്തിറക്കാനാണ് നീവയുടെ അണിയറ ശിൽപികൾ ലക്ഷ്യമിടുന്നത്. ശ്രീധറിന്റെയും വിവേകിന്റെയും നേൃത്വത്തിൽ 45 പേരുള്ള സംഘമാണ് നീവയ്ക്ക് രൂപംനൽകുന്ന സ്റ്റാർട്ടപ്പിലുള്ളത്. ആദ്യം യുഎസിലും പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും നീവ സെർച്ച് എഞ്ചിൻ ലഭ്യമാക്കും. 3.75 കോടി ഡോളർ സമാഹരിക്കാൻ നീവ സ്റ്റാർട്ടപ്പിന് ഇതിനകം സാധിച്ചിട്ടുണ്ട്. ഗൂഗിളിനെ പോലെ നിർമിതബുദ്ധി സങ്കേതങ്ങളുടെ സേവനവും നീവയിൽ ഉപയോഗിക്കുന്നുണ്ട്. പരസ്യങ്ങൾക്ക് വേണ്ടി ഉപയോക്താക്കളുടെ വിവരങ്ങൾ ആരുമായും പങ്കുവെക്കില്ലെന്നും സെർച്ച് ഹിസ്റ്ററി വിവരങ്ങൾ 90 ദിവസത്തിന് ശേഷം നീക്കം ചെയ്യുമെന്നും നീവ അതിന്റെ ബ്ലോഗിൽ വ്യക്തമാക്കി. Content Highlights:neeva ad free search engine by googles former indian executives


from mathrubhumi.latestnews.rssfeed https://ift.tt/3c5g689
via IFTTT