Breaking

Monday, February 1, 2021

ഭരണപരിഷ്കാര കമ്മിഷൻ നൽകിയത് 11 റിപ്പോർട്ടുകൾ; ശുപാർശകൾ നടപ്പാക്കിയില്ല

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന ഭരണപരിഷ്കരണ കമ്മിഷന്റെ കാലാവധി കഴിയാറായെങ്കിലും ശുപാർശകളൊന്നും സർക്കാർ നടപ്പാക്കിയില്ല. ശുപാർശകൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും നിർജീവം. ആരോഗ്യപരമായ കാരണങ്ങളാൽ വി.എസ്. രാജിവെക്കുകയും ചെയ്തു. നാലരവർഷംകൊണ്ട് 11 റിപ്പോർട്ടുകളാണ് കമ്മിഷൻ നൽകിയത്. മൂവായിരത്തിലേറെ ശുപാർശകളാണ് ഉണ്ടായിരുന്നത്. മാർച്ച് 31-നു മുമ്പ് മൂന്ന് റിപ്പോർട്ടുകൾകൂടി കമ്മിഷൻ നൽകും. ഇതുവരെയുള്ള ഭരണപരിഷ്കാര കമ്മിഷനുകളിൽ കൂടുതൽ മേഖലകളെപ്പറ്റി സമഗ്രമായി പഠിച്ചതും ഏറ്റവും കൂടുതൽ നിർദേശങ്ങൾ സമർപ്പിച്ചതും ഈ കമ്മിഷനാണ്. അഞ്ചുകോടിയോളം രൂപയാണ് ഈ കമ്മിഷന്റെ പ്രവർത്തനങ്ങൾക്ക് ഇതുവരെ ചെലവിട്ടത്. മുൻ ചീഫ് സെക്രട്ടറിമാരായിരുന്ന സി.പി. നായർ, നീലാഗംഗാധരൻ എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ് മെംബർ സെക്രട്ടറിയും. നാലരവർഷമായിട്ടും കമ്മിഷന്റെ ശുപാർശകൾ ഒന്നും നടപ്പാക്കാത്തതിലുള്ള അതൃപ്തി തന്റെ രാജിസന്ദേശത്തിൽ വി.എസ്. പ്രകടിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർനടപടികളാണ് കമ്മിഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാകുമെന്നു താൻ പ്രതീക്ഷിക്കുന്നതായാണ് വി.എസ്. പറഞ്ഞത്. ശുപാർശകളിൽ പ്രായോഗികമായതു നടപ്പാക്കാൻ നിർദേശിക്കേണ്ട സമിതിയും നിർജീവമായിരുന്നു. ആദ്യയോഗം അടുത്തയാഴ്ച ചേരാനിരിക്കുന്നതേയുള്ളൂ. എല്ലാ ജീവനക്കാർക്കും ഭരണകാര്യങ്ങളിലും വികസനപദ്ധതികൾ നടപ്പാക്കുന്നതിലും പ്രത്യേകപരിശീലനം നൽകുക, ജീവനക്കാരുടെ അവധികൾ പുനഃക്രമീകരിക്കുക, പ്രവൃത്തിസമയം കൂട്ടി ശനിയാഴ്ച അവധി നൽകുക, ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള പല സർട്ടിഫിക്കറ്റുകൾക്കും ആജീവനാന്ത പ്രാബല്യം നൽകുക, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുള്ള നിയമങ്ങൾ കർശനമാക്കുക, ഒരേ സ്വഭാവമുള്ള വകുപ്പുകൾ തമ്മിൽ സംയോജിപ്പിക്കുക, ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയവ കമ്മിഷന്റെ ചില ശുപാർശകളായിരുന്നു. Content Highlights:Recommendations not implemented


from mathrubhumi.latestnews.rssfeed https://ift.tt/3cuGgSe
via IFTTT