Breaking

Friday, January 1, 2021

അന്നു സർക്കാർ ജോലി വേണ്ടെന്നുവെച്ചു; ഇന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റായി

ആലപ്പുഴ: പഞ്ചായത്ത് വകുപ്പിൽ എൽ.ഡി.ക്ലാർക്കായി കിട്ടിയ നിയമനം വേണ്ടെന്നുവെച്ച കെ.ജി. രാജേശ്വരിയുടെ പോരാട്ടത്തിന്റെ കഥ കൂടിയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി.2000-ൽ പോസ്റ്റ്മാൻ പി.എസ്.സി.യുടെ നിയമന ഉത്തരവ് എത്തിക്കുമ്പോൾ മാരാരിക്കുളം തെക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു മെമ്പറായിരിക്കുകയായിരുന്നു. അന്നു പാർട്ടി നേതൃത്വത്തിന്റെ ഉപദേശം അനുസരിച്ചു ജോലി വേണ്ടെന്നുവെച്ചപ്പോൾ ബന്ധുക്കളുൾപ്പെടെ ഒരുപാടുപേർ അന്നു രാജേശ്വരിയെ പഴിപറഞ്ഞു. പക്ഷേ, പാർട്ടിയിൽ അടിയുറച്ചു വിശ്വസിച്ച രാജേശ്വരി അതെല്ലാം ചിരിച്ചു തള്ളി. പിന്നെ കൂടുതൽ ഉറച്ച മനസ്സോടെ പാർട്ടി പ്രവർത്തനം. ഒപ്പം പാരലൽ കോളേജിൽ പഠിപ്പിക്കലും തുടർന്നു. 2005-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു. ആ വർഷം മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പ്രസിഡന്റായി.2010-ൽ ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാനായിരുന്നു നിയോഗം. വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അപ്പോഴേക്കും സി.പി.എം. ജില്ലാക്കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും കൂടിയായിരുന്നു രാജേശ്വരി. പക്ഷേ, അന്ന് ജൂനിയറായ യു. പ്രതിഭയെയാണു ജില്ലാപഞ്ചായത്ത് പ്രസിഡന്റാക്കിയത്. പാർട്ടി പ്രവർത്തകർ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും രാജേശ്വരി അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി അണിയറ പ്രവർത്തകയായി.എന്നാൽ, ഇക്കുറി സി.പി.എം. ജില്ലാ കമ്മിറ്റി ഒരേമനസ്സോടെ ആ പദവി അവരെ ഏൽപ്പിച്ചിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/383mASu
via IFTTT