Breaking

Friday, January 10, 2020

ഒരു റണ്ണകലെ കോലിയെ കാത്ത് മറ്റൊരു ക്യാപ്റ്റന്‍സി റെക്കോഡ്

ഇൻഡോർ: ബാറ്റിങ് റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ശീലമാക്കിയ ഒരു കാര്യമാണ്. ഇപ്പോഴിതാ ക്യാപ്റ്റനായ ശേഷം ക്യാപ്റ്റൻസി റെക്കോഡുകളും ഓരോന്നായി കോലിക്കു മുന്നിൽ വഴിമാറുകയാണ്. നേരത്തെ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ 17 പന്തിൽ 30 റൺസടിച്ച് പുറത്താകാതെ നിന്ന കോലി രാജ്യാന്തര ട്വന്റി 20-യിൽ നായകനെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റനായുള്ള തന്റെ 30-ാം ഇന്നിങ്സിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. 31 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാസ് ഡൂപ്ലെസിയുടെ റെക്കോഡാണ് കോലി മറികടന്നത്. വെള്ളിയാഴ്ച ലങ്കയ്ക്കെതിരേ മൂന്നാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോൾ കോലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ഒരു റൺകൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ റൺനേട്ടം 11,000 ആകും. എം.എസ് ധോനിയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യൻ താരം. അന്താരാഷ്ട്ര കരിയറിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് കോലി. നേരത്തെ രോഹിത് ശർമയെ പിന്നിലാക്കി രാജ്യാന്തര ട്വന്റി 20-യിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. 71 ഇന്നിങ്സുകളിൽ നിന്ന് 2,663 റൺസാണ് കോലിയുടെ പേരിലുള്ളത്. 96 ഇന്നിങ്സുകൾ കളിച്ച രോഹിത്തിന്റെ അക്കൗണ്ടിലുള്ളത് 2,633 റൺസും. അതേസമയം രാജ്യാന്തര ട്വന്റി 20-യിൽ 1,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് കോലി. 57 ഇന്നിങ്സുകളിൽ നിന്ന് 1,000 തികച്ച എം.എസ് ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ. നിലവിൽ ട്വന്റി 20 നായകന്മാരിലെ റൺവേട്ടയിൽ അഞ്ചാം സ്ഥാനത്താണ് കോലി. ഫാസ് ഡൂപ്ലെസി (1,273), എം.എസ് ധോനി (1,112), കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (1,083), ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ (1,013) എന്നിവരാണ് ഇക്കാര്യത്തിൽ കോലിക്ക് മുന്നിലുള്ളവർ. പരമ്പര തേടി ഇന്ത്യ പുണെ: പരമ്പര ലക്ഷ്യമിട്ടാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റിന് വെള്ളിയാഴ്ച ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യമത്സരം മഴയെടുത്തപ്പോൾ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉജ്ജ്വലവിജയം നേടി. ഫൈനലിന് തുല്യമായ മത്സരം പുണെയിൽ വൈകീട്ട് ഏഴിന് തുടങ്ങും. എല്ലാംകൊണ്ടും സുസജ്ജമാണ് ഇന്ത്യ. ഫാസ്റ്റ് ബൗളിങ്ങിൽ ഇന്ത്യയുടെ ആഴം രണ്ടാം കളിയിൽ തെളിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ജസ്പ്രീത് ബുംറ തന്റെ അവസാന ഓവറിലാണ് ഒരു വിക്കറ്റെടുത്തത്. എന്നാൽ, തുടക്കത്തിൽ നവ്ദീപ് സെയ്നിയും അവസാനം ശാർദുൽ താക്കൂറും ഇന്ത്യയ്ക്ക് വഴിത്തിരിവുകളുണ്ടാക്കി. വൻ സ്കോറിലെത്താൻ ശ്രീലങ്കയെ ഇന്ത്യ അനുവദിച്ചില്ല. ട്വന്റി 20 ലോകകപ്പ് ആകുമ്പോഴേക്ക് ക്യാപ്റ്റൻ വിരാട് കോലി നാലാം നമ്പറിലേക്ക് മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ശ്രേയസ്സ് അയ്യരാണ് മൂന്നാം നമ്പറിൽ ഇറങ്ങിയത്. രോഹിത് ശർമയ്ക്കൊപ്പം ലോകകപ്പിൽ ആര് ഓപ്പൺ ചെയ്യും എന്നതിനും വരുംമത്സരങ്ങളിൽ തീരുമാനമാകും. ശിഖർ ധവാനും കെ.എൽ. രാഹുലും തമ്മിലാണ് മത്സരം. Content Highlights:India vs Sri Lanka Virat Kohli just a run short to add another captaincy record


from mathrubhumi.latestnews.rssfeed https://ift.tt/36BDiW2
via IFTTT