Breaking

Friday, January 10, 2020

ഇജാസ് ലക്ഡാവാലയുടെ അറസ്റ്റിലൂടെ ചുരുളഴിയുമോ മലയാളി വ്യവസായി തഖിയുദ്ദീന്‍ വാഹിദിന്റെ കൊലപാതകം

ഇജാസ് ലക്ഡാവാല. Photo: ANI ബിഹാറിലെ പട്നയിൽനിന്ന് ബുധനാഴ്ച രാത്രിയാണ് ഇജാസ് ലക്ഡാവാലയെന്ന അധോലോകനായകനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മുമ്പ്, ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും അനുയായി ആയി പ്രവർത്തിച്ചയാളാണ് ഇജാസ്. ഇരുപതുവർഷത്തെ ഒളിവുജീവിതത്തിനു പിന്നാലെ ഇജാസ് പോലീസിന്റെ പിടിയിലാകുമ്പോൾ, വീണ്ടും ചർച്ചയാകുന്ന ഒരു കൊലപാതകമുണ്ട്. മലയാളി വ്യവസായി തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതകം. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ മാനേജിങ് ഡയറക്ടറായിരുന്നുതഖിയുദ്ദീൻ. വർക്കലയിലെ എടവ സ്വദേശി. 1995 നവംബർ 13ന് തന്റെ മുംബൈ ഓഫീസിനു സമീപത്തുവെച്ച് തഖിയുദ്ദീൻ വെടിയേറ്റ് കൊല്ലപ്പെട്ടു. രാത്രി ഒമ്പതരയോടെ ബാന്ദ്രയിലെ ഓഫീസിൽനിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തഖിയുദ്ദീന് വെടിയേൽക്കുന്നത്. കാറിൽ പോവുകയായിരുന്ന തഖിയുദ്ദീനെ മൂന്നംഗസംഘം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. തഖിയുദ്ദീനെ കൊലപ്പെടുത്തിയ സംഘത്തിൽ ഇജാസും ഉണ്ടായിരുന്നുവെന്നാണ് അന്ന് പോലീസ് കണ്ടെത്തിയത്. തഖിയുദ്ദീനെ കൊലപ്പെടുത്തിയത് ഛോട്ടാ രാജന്റെ സംഘമാണെന്നാണ് മുംബൈ പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. രോഹിത് വർമ, ജോസഫ് ജോൺ ഡിസൂസ, സുനിൽ മൽഗോകർ, ബണ്ടി പാണ്ഡെ, ഇജാസ് ലക്ഡെവാല എന്നിവരടങ്ങിയ സംഘമാണ് വഖിയുദ്ദീനെ വധിച്ചത്. ആദ്യഘട്ടത്തിൽ ബണ്ടിയുടെയും ഇജാസിന്റെയും പേരുകൾ കുറ്റപത്രത്തിലുണ്ടായിരുന്നില്ല. പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. ഛോട്ടാ രാജന്റെ നിർദേശപ്രകാരമാണ് തഖിയുദ്ദീനെ കൊലപ്പെടുത്തിയതെന്ന് ജോസഫ് ജോൺ ഡിസൂസ പോലീസിന് മൊഴി നൽകിയിരുന്നു. ഇക്കാര്യം പിന്നീട് 1996ൽ ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഛോട്ടാ രാജനും സ്ഥിരീകരിച്ചു. തഖിയുദ്ദീന് ദാവൂദുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നും പറഞ്ഞു. എന്നാൽ തഖിയുദ്ദീന്റെ കുടുംബം ഈ ആരോപണം നിഷേധിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ ദ ഫീസ്റ്റ് ഓഫ് വൾച്ചേഴ്സ്- ദ ഹിഡൻ ബിസിനസ് ഓഫ് ഡെമോക്രസി ഇൻ ഇന്ത്യ എന്ന പുസ്തകത്തിൽ ഇന്ത്യയിലെ സ്വകാര്യ എയർലൈനുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു അധ്യായമുണ്ട്. അതിൽ തഖിയുദ്ദീന്റെ കൊലപാതകത്തെ കുറിച്ചും അതിന്റെ പിന്നിലെ അധോലോക-ക്വട്ടേഷൻ സമവാക്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതേസമയം തഖിയുദ്ദീന്റെ കൊലപാതകം ഒരു പ്രമുഖ വ്യവസായിയുടെ ക്വട്ടേഷൻ ആയിരുന്നുവോ എന്ന വിഷയം പിൽക്കാലത്ത് ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. തഖിയുദീൻ വാഹിദിന് തിരുവനന്തപുരം വഴുതക്കാട്ടുണ്ടായിരുന്ന വീട്. പിന്നീട് ഈ വീട് മറ്റൊരാൾ വാങ്ങി തഖിയുദീൻ വാഹിദ്: ഇടവയിൽനിന്നു തുടക്കം, മരണത്തോടെ വ്യവസായ സാമ്രാജ്യത്തിന് അന്ത്യം ഇടവയിലെ ഓടയമെന്ന ഗ്രാമത്തിൽനിന്നു രാജ്യത്തെ ആദ്യത്തെ സ്വകാര്യ എയർലൈൻസ് വ്യവസായിയായി വളർന്ന ചരിത്രമാണ് തഖിയുദീൻ വാഹിദിന്റേത്. ബിസിനസിൽ തിളങ്ങി നിൽക്കെ 40-ാം വയസ്സിൽ അദ്ദേഹം വെടിയേറ്റുവീണു. അതോടെ അവസാനിച്ചത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന കമ്പനിയുടെ ചരിത്രവും. 25 വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ഘാതകർ അറസ്റ്റിലാകുമ്പോൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊള്ളിമീൻപോലെ ഉദിച്ചുയർന്ന് അസ്തമിച്ച എയർലൈൻസ് കമ്പനി വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കഠിനാധ്വാനവും കരുണയാർന്ന മനസ്സുമായാണ് തഖിയുദീൻ വാഹിദ് ബിസിനസ് സാമ്രാജ്യത്തിലേക്കു നടന്നുകയറിയത്. സഹോദരങ്ങളുമായി ചേർന്ന് ഗൾഫ് രാജ്യങ്ങളിലേക്കു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ജോലിയായിരുന്നു ആദ്യം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ആൾക്കാരെ കയറ്റിയയച്ചു തുടങ്ങിയതോടെ മുംബൈ ആസ്ഥാനമാക്കി ട്രാവൽസ് ആരംഭിച്ചു. നാലുവർഷംകൊണ്ട് ഇന്ത്യയിലുടനീളം 18 ഏജൻസികളും തുടങ്ങി. 1992-ലാണ് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് എന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ആരംഭിച്ചത്. ആഭ്യന്തര സർവീസുകളാണ് നടത്തിയത്. 1995 ആയതോടെ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയർന്നു. കമ്പനി അഭിമാനകരമായ വളർച്ച കൈവരിച്ചതോടെ എതിർപ്പുകളും തുടങ്ങി. 1995 നവംബർ 13-നാണ് ദാരുണമായ സംഭവമുണ്ടായത്. രാത്രിയിൽ ഓഫീസിനു സമീപം തഖിയുദീൻ വാഹിദ് അക്രമികളുടെ വെടിയേറ്റ് വീഴുകയായിരുന്നു. ഇതോടെ കമ്പനിയുടെ തകർച്ചയും തുടങ്ങി. നാസറുദീൻ വാഹിദ് അടുത്തവർഷം സർവീസുകൾ അലസാനിപ്പിക്കേണ്ടിവന്നു. ഇപ്പോഴും സഹോദരൻ നാസറുദീൻ ചെയർമാനും മറ്റു സഹോദരങ്ങളായ താഹാക്കുട്ടി, ഫൈസൽ, സഹോദരീ ഭർത്താവ് പീർ മുഹമ്മദ് എന്നിവർ ഡയറക്ടർമാരുമായി കമ്പനിയുണ്ട്. തക്കിയുദീൻ വാഹിദിന്റെ മരണത്തിനു ശേഷം സി.ബി.ഐ., ഡി.ആർ.ഐ., എൻഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെയെല്ലാം അന്വേഷണം കുടുംബം നേരിട്ടു. ഓടയത്തെ കുടുംബവീടായ കോട്ടുവിളാകം വീട്ടിൽ ജ്യേഷ്ഠസഹോദരൻ നാസറുദീൻ വാഹിദും തൊട്ടടുത്ത വീട്ടിൽ സഹോദരി ഐഷാബീവിയും കുടുംബവുമാണ് താമസിക്കുന്നത്. മറ്റൊരു സഹോദരൻ താഹാക്കുട്ടിയും കുടുംബവീട്ടിലുണ്ടാകും. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും എല്ലാം ദൈവത്തിൽ അർപ്പിച്ചു കഴിയുകയാണ് കുടുംബം ചെയ്തതെന്ന് നാസറുദീൻ വാഹിദ് പറഞ്ഞു. 25 വർഷത്തിനു ശേഷം തഖിയുദീൻ വാഹിദിന്റെ ഘാതകരുടെ അറസ്റ്റുണ്ടായെന്ന വാർത്തയെക്കുറിച്ച് ചോദിച്ചപ്പോൾ പ്രാർഥനാപൂർവം കാത്തിരുന്ന ദിനമാണെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാസറുദീൻ വാഹിദ് ഓടയത്തെ കുടുംബവീടിനു മുന്നിൽ തഖിയുദ്ദീന്റെ മരണത്തിന് എട്ടുവർഷത്തിനു ശേഷം, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയ്ക്ക് തഖിയുദ്ദീന്റെ കൊലപാതകത്തിനു പിന്നിൽ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണെന്ന് സൂചന ലഭിച്ചു. തുടർന്ന് കേസിൽ പുനരന്വേഷണത്തിന് റോ നിർദേശം നൽകി. എന്നാൽ അതുണ്ടായില്ല. ബുധനാഴ്ച രാത്രി പത്തരയോടെയാണ് ഇജാസിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 28ന് മുംബൈ പോലീസ് ഇജാസിന്റെ മകൾ സോണിയയെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിനിടെയാണ് സോണിയയെ പോലീസ് പിടികൂടിയത്. സോണിയയിൽനിന്നാണ് ഇജാസിനെ കുറിച്ചുളള വിവരം ലഭിച്ചത്. ഇജാസിനെ ജനുവരി 21വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, കൊലപാതകശ്രമം തുടങ്ങി ഇരുപത്തേഴോളം കേസുകളാണ് ഇജാസിന്റെ പേരിലുള്ളത്. പത്തുവർഷം മുമ്പാണ് ലക്ഡാവാല സ്വന്തമായി അധോലോകസംഘം ആരംഭിച്ചത്. ഇജാസിനെ ചോദ്യം ചെയ്യുന്നതിലൂടെ തഖിയുദീന്റെ കൊലപാതകത്തിന് പിന്നിലെ ദുരൂഹതകളിലേക്കും അന്വേഷണം നീണ്ടേക്കും. content highlights: will the arrest of gangster ejaz lakdawala unfold the murder mystery of thakiyudeen wahid


from mathrubhumi.latestnews.rssfeed https://ift.tt/308igft
via IFTTT