പാലക്കാട്: നിശ്ചയിച്ചതിലും വൈകി തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിലും അക്ഷമരായിരുന്ന കാണികളുടെ പ്രതീക്ഷ മുഴുവൻ മൈതാനത്തിറങ്ങുന്ന ഫുട്ബോൾ സൂപ്പർതാരങ്ങളുടെ പ്രകടനമായിരുന്നു. അതിനായി ഒരുമണിക്കൂർ വൈകിത്തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിനിടെയും വൻതോതിൽ ഫുട്ബോൾ പ്രേമികൾ നൂറണി ടർഫ് മൈതാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. ബൈച്ചുങ് ബൂട്ടിയ തിരക്കിനിടയിലും മൂന്ന് കുരുന്ന് മക്കളുമൊന്നിച്ചാണ് പ്രിയസുഹൃത്ത് ധനരാജിന്റെ കുടുംബത്തിന് ആശ്വാസമേകാനുള്ള ഫുട്ബോൾ മത്സരത്തിന് സിക്കിമിൽനിന്ന് എത്തിയത്. ഐ.എം. വിജയൻ, ഷറഫലി, ആസിഫ് സഹീർ, വി.പി. ഷാജി, കുരികേശ് മാത്യു, മുഹമ്മദ് ഹക്കീം തുടങ്ങിയ വമ്പൻ താരനിരതന്നെ മൈതാനത്ത് അണിനിരക്കുകയും ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷപ്രസംഗത്തിൽ ധനരാജിന്റെ കുടുംബത്തിന് കൈയയച്ച് സഹായിച്ച സുമനസ്സുകൾക്ക് നന്ദിപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന്, ഉദ്ഘാടനപ്രസംഗത്തിനെഴുന്നേറ്റ വി.കെ. ശ്രീകണ്ഠൻ എം.പി. ഇത്രയും കാര്യക്ഷമമായി സെലിബ്രിറ്റി ഫുട്ബോൾ നടത്താൻ സൗകര്യമൊരുക്കിയ കെ.എഫ്.എ. പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനിടെയാണ് ആഘോഷത്തിന് കൊഴുപ്പുകൂട്ടാനായി കിഴക്കുവശത്ത് ഡോലക് സംഘമിരുന്ന ഗാലറിയിൽനിന്ന് അലർച്ച ഉയർന്നത്. നിമിഷങ്ങൾക്കകം ഗാലറിയപ്പാടെ തകർന്നുവീണു. മൈതാനം ഒരുനിമിഷം സ്തബ്ധമായി. ആശങ്കയ്ക്ക് വിരാമമിട്ട് ഫുട്ബോൾ താരങ്ങളും വൊളന്റിയർമാരും അടക്കമുള്ളവർ അപകടം നടന്ന സ്ഥലത്തേക്ക് കുതിച്ചു. കുരുങ്ങിക്കിടന്ന്...വേദന തിന്ന്... കമുകു പലകകൾക്കിടയിൽ കുരുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ പിന്നീട് പെടാപ്പാട്. 12 അടി മാത്രം പൊക്കമുണ്ടായിരുന്ന താത്കാലിക ഗാലറിയായിരുന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. സ്ഥലത്തുനിന്ന് വാരിയെടുത്തവരെ കിട്ടിയ വാഹനത്തിൽ കയറ്റി ഉടൻ ജില്ലാ ആശുപത്രിയിലേക്ക്. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി വേണ്ടത്ര ആംബുലൻസുകൾ ഇല്ലാതിരുന്നതിനാൽ സ്വകാര്യവാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അഗ്നിരക്ഷാസേനയുെട ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഗാലറി നിർമാണവുമായി ബന്ധപ്പെട്ട് നൽകിയിരുന്നില്ലെന്നും സൂചനയുണ്ട്. Conten Highlights: football gallery in Palakkad Noorani collapses before match
from mathrubhumi.latestnews.rssfeed https://ift.tt/30zQuse
via
IFTTT