Breaking

Thursday, January 16, 2020

സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്ക് വിതരണം ചെയ്യാനനുവദിച്ച പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു

ഭോപാൽ: ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവ് വി.ഡി സവർക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്യാൻ അനുവദിച്ചതിന് മധ്യപ്രദേശിൽ സ്കൂൾ പ്രിൻസിപ്പളിനെ സസ്പെൻഡ് ചെയ്തു. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ആർ.എൻ. കെരാവത്തിനെയാണ് മധ്യപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്. രത്ലം ജില്ലയിലെ സർക്കാർ ഹൈസ്കൂളിലെ പ്രിൻസിപ്പാളായിരുന്നു കെരാവത്. വീർ സവർക്കർ ജനഹിതാർഥ സമിതി എന്ന സംഘടനയാണ് നോട്ടുബുക്കുകൾ വിതരണം ചെയ്തത്. ഒമ്പത്, പത്ത് ക്ലാസുകളിലായി 500 നോട്ടുബുക്കുകളാണ് പ്രിൻസിപ്പാളിന്റെ അനുമതിയോടെ ഇവർ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്തത്. കഴിഞ്ഞ നവംബർ നാലിനായിരുന്നു സംഭവം. നോട്ട് ബുക്കുകൾ വിതരണം ചെയ്തതിന്റെ ചിത്രങ്ങൾ ഈ സംഘടന സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് വിവാദം തലപൊക്കിയത്. ഇതോടെ കോൺഗ്രസ് വിഷയത്തിൽ ജില്ലാകളക്ടർക്ക് പരാതി നൽകി. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഷയത്തിൽ അന്വേഷണം നടത്തുകയും പ്രിൻസിപ്പാളിനെതിരേനടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പരിപാടി സംഘടിപ്പിക്കാൻ ഒത്താശ ചെയ്തുവെന്നതാണ് പ്രിൻസിപ്പാളിനെതിരായ ആരോപണം. അതേസമയം താൻ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നാണ് സസ്പെൻഷനിലായ പ്രിൻസിപ്പാൾ പറയുന്നത്. വിദ്യാർഥികൾക്ക് നോട്ടുബുക്ക് നൽകാൻ മാത്രമാണ് അനുവാദം നൽകിയത്. എന്നാൽ പിന്നീടാണ് അതിൽ സവർക്കറിന്റെ ചിത്രവും അദ്ദേഹത്തേപ്പറ്റിയുള്ള ജീവ ചരിത്രവുമുണ്ടായിരുന്നുവെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദ്യാർഥികളെ സ്വാധീനിക്കാൻ ഇതുകൊണ്ട് സാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. Content Highlights:Madhya Pradesh Principal Suspended Over Notebooks With VD Savarkar Image


from mathrubhumi.latestnews.rssfeed https://ift.tt/35YRV4K
via IFTTT