Breaking

Friday, January 17, 2020

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പുറമെ നിയമത്തെ എതിർക്കുമ്പോഴും രഹസ്യമായി നിയമം നടപ്പിലാക്കുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അമിത്ഷായും കഴിഞ്ഞാൽ ജനങ്ങളെ കബളിപ്പിക്കുന്നതിൽ മൂന്നാമൻ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുള്ള രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നടപടികൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കബളിപ്പിക്കൽ അവസാനിപ്പിച്ച് നിയമം നടപ്പിലാക്കാതിരിക്കാനുള്ള നടപടികളാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനുള്ള ജനസംഖ്യാരജിസ്റ്റർ നടപ്പിലാക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ ആദ്യം സ്വീകരിച്ചത്. ഇതിനെതിരെ താൻ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ 2019 ഡിസംബറിൽ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പുറത്തിറക്കിയ ഉത്തരവുകൾ സർക്കാർ റദ്ദുചെയ്തു. എന്നാൽ ഈ ഉത്തരവ് റദ്ദാക്കുന്നതിന് മുമ്പ് സെൻസസിനൊപ്പം ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാൻ സീക്രട്ട് സെക്ഷനിൽ നിന്ന് 12-11-2019ൽ ഉത്തരവിറങ്ങിയിരുന്നുവെന്ന് ചെന്നിത്തല രേഖകൾ ചൂണ്ടിക്കാട്ടി വിശദീകരിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ സെൻസസ് നടപടികളോടൊപ്പം എൻപിആർ നടപ്പാക്കാനുള്ള ഉത്തരവാണത്. ഇന്നുവരെ ഈ ഉത്തരവ് റദ്ദാക്കിയിട്ടില്ല. ഉത്തരവ് റദ്ദാക്കാത്തതിനാലാണ് തഹസിൽദാറുമാരും മറ്റ് ഉദ്യോഗസ്ഥന്മാരും നടപടികളുമായി മുന്നോട്ടുപോകുന്നത്. താമരശ്ശേരി തഹസിൽദാറിന്റെ സർക്കുലർ വന്നപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന വാചക കസർത്തുകൾ ആരെ സഹായിക്കാനാണെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വ്യാപകമായി സംസ്ഥാനത്ത് കള്ളക്കേസുകൾ എടുക്കുന്നതായും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ അന്തരീക്ഷം തകർത്തത് മുഖ്യമന്ത്രിയുടെ ഇത്തരം നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:Govt plans to implement NPR; Ramesh Chennithala Criticise CM Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/371Kdb7
via IFTTT