തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയേക്കും. കേന്ദ്രവുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങൾ സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി രാജ്ഭവൻ ഇക്കാര്യത്തിൽ ആലോചനകൾ തുടങ്ങി. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ എന്നനിലയിലാണ് ഗവർണർ ഈ വിഷയത്തെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. ഭരണത്തലവനായ തന്നെ അറിയിക്കാതെ കേസുമായി മുന്നോട്ടുപോയത് പ്രോട്ടോക്കോൾ അനുസരിച്ച് തെറ്റാണെന്ന് ഗവർണർ വാദിക്കുന്നു. ഗവർണറുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതോടെ ഇന്ന് ഗവർണർ ഡൽഹിയിൽ വെച്ച് മാധ്യമങ്ങളെ കണ്ടേക്കും. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുക എന്നതാണ് രാജ്ഭവൻ ഇപ്പോൾ പരിഗണിക്കുന്ന കാര്യം. ഏത് സാഹചര്യത്തിലാണ് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ കേസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ കേന്ദ്രനിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്നുവെന്നതിന് അർഥം രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തെ സർക്കാർ ചോദ്യം ചെയ്യുന്നുവെന്നാണ്. സർക്കാർ നടത്തുന്ന ഏത് നീക്കവും ഗവർണർക്ക് വേണ്ടി എന്നരീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നാണ് ഗവർണറുടെ ചോദ്യം. ഗവർണർ അനുമതി നിഷേധിച്ചാൽ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാൻ സർക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ശരിയായില്ലെന്ന നിലപാടിലാണ് ഗവർണർ ഉറച്ചുനിൽക്കുന്നത്. ഏതൊക്കെ വിഷയങ്ങളാണ് സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മുൻകൂട്ടി ഗവർണറെ അറിയിക്കേണ്ടത് എന്ന് റൂൾസ് ഓഫ് ബിസിനസിന്റെ 34(2)ൽ അഞ്ചാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കിൽ അത് ഗവർണറെ അറിയിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാന സർക്കാരുകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ അതും ഗവർണറെ അറിയിച്ചിരിക്കണം. മാത്രമല്ല ഹൈക്കോടതിയും സുപ്രീം കോടതിയുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കിൽ അവയും ഗവർണറെ മുൻകൂട്ടി അറിയിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. റൂൾസ് ഓഫ് ബിസിനിലെ 34(2)ലെ അഞ്ചാം വകുപ്പ് സർക്കാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരെ ഗവർണർ തിരിഞ്ഞിരിക്കുന്നത്. Content Highlights:CAA case: Governor may seek report from Govt.
from mathrubhumi.latestnews.rssfeed https://ift.tt/30uyyPQ
via
IFTTT