Breaking

Friday, January 10, 2020

മോട്ടോര്‍വാഹന പിഴ: പിഴനിരക്കുകള്‍ അശാസ്ത്രീയം, കുറച്ചത് തത്കാലം പുനഃപരിശോധിക്കില്ല

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ചതിനെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വിമർശിച്ചെങ്കിലും സംസ്ഥാനസർക്കാർ നടപടി തത്കാലം പുനഃപരിശോധിക്കില്ല. കുറഞ്ഞ പിഴതന്നെ ഈടാക്കും. സംസ്ഥാനത്തിന് പ്രത്യേക നിർദേശം ലഭിക്കുമ്പോൾമാത്രം തീരുമാനം പുനഃപരിശോധിക്കാമെന്നാണു സർക്കാർ നിലപാട്. പിഴ കുറയ്ക്കാൻ സംസ്ഥാനത്തിനുള്ള അധികാരമാണ് വിനിയോഗിച്ചിട്ടുള്ളതെന്നാണു വിലയിരുത്തൽ. മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 200 പ്രകാരം പരിശോധനാവേളയിൽ പിഴയീടാക്കി കുറ്റം തീർപ്പാക്കാനുള്ള അനുമതി സംസ്ഥാനങ്ങൾക്കുണ്ട്. ഇതുപ്രകാരം പിഴ കുറയ്ക്കാൻ അധികാരമുണ്ടെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം.ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാതിരിക്കുന്നതിന് കേന്ദ്ര നിയമപ്രകാരം 1000 രൂപയാണു പിഴ. കോമ്പൗണ്ടിങ് അധികാരം ഉപയോഗിച്ചുകൊണ്ട് ഇത് 500 രൂപയായി സംസ്ഥാനം കുറച്ചിരുന്നു. ഈ നടപടി നിലനിൽക്കുമെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. പിഴനിരക്ക് ഉയർത്തി ജനരോഷം ഏറ്റുവാങ്ങേണ്ടെന്ന നിലപാടാണ് ഇടതുമുന്നണിക്കും സർക്കാരിനും. പിഴനിരക്കുകൾ അശാസ്ത്രീയമാണെന്ന നിലപാടാണ് സി.പി.എം. ആദ്യംമുതലേ സ്വീകരിക്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും കേന്ദ്രഭേദഗതിക്കെതിരേ വിമർശനമുയർന്നിരുന്നു. ഇത് മുതലെടുത്താണ് കോമ്പൗണ്ടിങ് അധികാരം വിനിയോഗിച്ച് കേരളം പിഴ കുറച്ചത്. കേന്ദ്ര നിയമഭേദഗതിക്കെതിരേ ഉത്തരവിറക്കാനോ നിയമനിർമാണം നടത്താനോ സംസ്ഥാനസർക്കാരിന് അധികാരമില്ലെങ്കിലും കേരളത്തിനെതിരേ മാത്രമായി കേന്ദ്രത്തിന് നടപടിയെടുക്കാനാകില്ലെന്നതാണ് ഇതിനു പ്രേരിപ്പിച്ചത്. പിഴ കുറച്ച സംസ്ഥാനങ്ങളെ വിമർശിച്ചുകൊണ്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ കത്ത് ലഭിച്ചപ്പോഴും ഇത് പൊതുവായി എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചതാണെന്ന നിലപാടിലേക്ക് എത്താൻ സർക്കാരിന് ധൈര്യമേകിയതും ഇതാണ്. ബംഗാൾ ഉൾപ്പെടെ പല സംസ്ഥാനങ്ങളും കേന്ദ്രനിയമം അതേപടി നടപ്പാക്കിയില്ലെന്നതും സംസ്ഥാനസർക്കാരിനു ബലമേകുന്നു. Content Highlights:Penalties For Traffic Rule Violations


from mathrubhumi.latestnews.rssfeed https://ift.tt/2tJLyET
via IFTTT