തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടുന്നത് സർക്കാരിന് തലവേദനയാകുന്നു. 2019 ഡിസംബർ 31ന് ശേഷം വാർഡുകളുടെ അതിർത്തി മാറ്റരുതെന്ന് സെൻസസ് കമ്മീഷണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരുന്നതോടെ സർക്കാർ വെട്ടിലായി. ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സർക്കാർ നിയമനിർമാണത്തിന് തയ്യാറായേക്കും. 2021 ജനുവരി ഒന്നിന് പുതിയ സെൻസസ് പ്രാബല്യത്തിൽ വരും. ഇതിന് മുമ്പ് തദ്ദേശ സ്വയംഭരണ വാർഡുകളുടെ അതിർത്തിയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരരുതെന്ന് സെൻസസ് കമ്മീഷണർ കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബർ ആറിനാണ് ചീഫ്സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് സെൻസസുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സെൻസസ് കമ്മീഷണറുടെ കത്ത് മറികടന്ന് സർക്കാർ നിയമനിർമാണം നടത്തിയാൽ തന്നെ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഈ സങ്കീർണത എങ്ങനെ മറികടക്കുമെന്നതാണ് സംസ്ഥാന സർക്കാരിന് മുന്നിലുള്ള ഒന്നാമത്തെ ചോദ്യം. 2019 ഡിസംബർ 26നാണ് വാർഡ് വിഭജനത്തിനുള്ള കരട് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി ഗവർണർക്ക് അയച്ചത്. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ചിരിക്കുകയാണ്. ഡിസംബർ 31ന് മുമ്പ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നുവെങ്കിൽ പ്രതിസന്ധി സർക്കാരിന് നേരിടേണ്ടി വരില്ലായിരുന്നു. ഗവർണർ ഒപ്പിടാത്തതിനാൽ തന്നെ ഓർഡിനൻസ് നിയമമായില്ല. ഇനി ഗവർണർ ഒപ്പിട്ടിരുന്നാൽ തന്നെ ഡിസംബർ 31ന് പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ നിയമസഭ ചേർന്നിരുന്നു. അങ്ങനെ നിയമസഭ ചേർന്ന സാഹചര്യത്തിൽ അതുവരെ പുറപ്പെടുവിച്ച ഓർഡിനൻസുകൾക്ക് പ്രസക്തിയില്ലാതാവുകയും വീണ്ടും അവ പുറപ്പെടുവിക്കേണ്ടി വരികയും ചെയ്യുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരമൊരു പ്രശ്നമില്ലെന്നാണ് സർക്കാർ പറയുന്നത്. എങ്കിലും സെൻസസ് കമ്മീഷണറുടെ കത്ത് നിലനിൽക്കെ സർക്കാർ എങ്ങനെ നിയമനിർമാണം നടത്തുമെന്നതാണ് പ്രശ്നം. വിഷയത്തിൽ നിയമോപദേശം തേടാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. ജനുവരി അവസാനം നിയമസഭ ചേരാനിരിക്കയാണ്. ആ സമയത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വേണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നാണ് സർക്കാരിപ്പോൾ കരുതുന്നത്. ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് വാർഡുവിഭജനം പൂർത്തിയാക്കാനായിരുന്നു സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തിൽ നിയമം പാസാക്കിയാലും സെൻസസ് കമ്മീഷണറുടെ കത്ത് ചൂണ്ടിക്കാട്ടി കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാൽ തിരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം പൂർത്തിയാക്കാൻ സാധിച്ചെന്നുവരില്ല. Content Highlights:Census commissioner letter demands that not to divide local body wards
from mathrubhumi.latestnews.rssfeed https://ift.tt/2FVoTbC
via
IFTTT