പ്രിയം ഗാർഗ് എന്ന ഇന്ത്യൻ കൗമാര ക്രിക്കറ്റർക്കുമുന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. ജനുവരി 17 മുതൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ലോകകപ്പിൽ കിരീടം നിലനിർത്തുകയെന്ന വലിയ വെല്ലുവിളി. എന്നാൽ, ചെറുപ്രായത്തിൽതന്നെ ജീവിതത്തിലെയും ക്രിക്കറ്റിലെയും പ്രതിസന്ധികളെ നേരിട്ട ഉത്തർപ്രദേശുകാരന് ഇതും അനായാസമാകുമെന്ന പ്രതീക്ഷയിലാണ് മുഖ്യപരിശീലകൻ പരസ് മാംബ്രെ നായകപദവി നൽകുന്നത്. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിൽനിന്നാണ് ഇന്ത്യൻ അണ്ടർ-19 ടീമിന്റെ നായകസ്ഥാനംവരെ പ്രിയം എത്തുന്നത്. മീററ്റിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള പരിഷിത്ഗാർഗിലെ ക്യുയ്ല ഗ്രാമത്തിലാണ് ജനനം. സ്കൂൾ ബസ് ഡ്രൈവറായ അച്ഛൻ നരേഷ് ഗാർഗ് ഏറെ കഷ്ടപ്പെട്ടാണ് മകനെ ക്രിക്കറ്ററാക്കുന്നത്. 11-ാം വയസ്സിൽ അമ്മയെക്കൂടി നഷ്ടപ്പെട്ടതോടെ പ്രിയമിന് ക്രിക്കറ്റ് മാത്രമായി ജീവിതത്തിലെ സന്തോഷം. കഴിഞ്ഞ സീസണിൽ ഉത്തർപ്രദേശിനായി നടത്തിയ മികച്ച പ്രകടനമാണ് കരിയറിൽ വഴിത്തിരിവായത്. 800-ലധികം റൺസാണ് നേടിയത്. ഗോവയ്ക്കെതിരേ സെഞ്ചുറിയോടെയായിരുന്നു അരങ്ങേറ്റം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ടസെഞ്ചുറിയുമുണ്ട്. ലോകകപ്പിന് മുന്നോടിയായിനടന്ന ചതുർരാഷ്ട്ര ടൂർണമെന്റിൽ പ്രിയമിന് കീഴിൽ ഇന്ത്യ ചാമ്പ്യൻമാരായി. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, സിംബാബ്വെ ടീമുകളാണ് ടൂർണമെന്റിൽ കളിച്ചത്. ആദ്യകളിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറി നേടാനുമായി. നേതൃഗുണം, സ്ഥിരോത്സാഹം എന്നിവയ്ക്കൊപ്പം നൈസർഗികമായ ബാറ്റിങ്ങും കൂടിയാകുമ്പോൾ ലോകകപ്പിൽ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്കും പ്രിയമിൽനിന്ന് ഏറെ പ്രതീക്ഷിക്കാം. Content Highlights:Priyam Garg a prodigy a sensation India Under 19 captain
from mathrubhumi.latestnews.rssfeed https://ift.tt/2R1iVeo
via
IFTTT