Breaking

Tuesday, January 21, 2020

അലന്റെയും താഹയുടെയും കേസ് എൻ.ഐ.എ.ക്ക്‌ കൈമാറിയതിനെതിരേ ബ്രണ്ണൻ കോളേജ് അധ്യാപകർ

തലശ്ശേരി: മാവോവാദിബന്ധത്തിന്റെ പേരിൽ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റുചെയ്തതിലും കേസ് എൻ.ഐ.എ.ക്ക് കൈമാറിയതിലും ആശങ്കയുമായി ഗവ.ബ്രണ്ണൻ കോളേജിലെ ഒരുവിഭാഗം അധ്യാപകർ. ഇരുവരെയും മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അധ്യാപകർ നൽകുന്ന നിവേദനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി.പി.എം. അനുകൂല സർക്കാർ കോളേജ് അധ്യാപകസംഘടനയായ എ.കെ.ജി.സി.ടി.യിലെ അംഗങ്ങളും ഭാരവാഹികളും നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്. അലന്റെയും താഹയുടെയും മാവോവാദിബന്ധം സി.പി.എം. ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി അധ്യാപകസംഘടനയിലെ ഭാരവാഹികളടക്കം നിവേദനവുമായി മുന്നോട്ടുവന്നത്. കേസന്വേഷണം തിരികെ സംസ്ഥാനസർക്കാരിനെത്തന്നെ ഏൽപ്പിക്കുന്നതിനുള്ള ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം. ഫിലോസഫി വിഭാഗം അസി.പ്രൊഫസറും എഴുത്തുകാരനുമായ ദിലീപ് രാജിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണം. ഒരാഴ്ചകൊണ്ട് ഒപ്പുശേഖരണം പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് നിവേദനം നല്കാനാണ് തീരുമാനം. വിദ്യാർഥികളെ കേരള പോലീസ് അറസ്റ്റുചെയ്തതും കേസ് എൻ.ഐ.എ.ക്ക് കൈമാറിയതും ആശങ്കാകുലരാക്കുന്നുവെന്നും നിവേദനത്തിലുണ്ട്. നാളിതുവരെ മനുഷ്യരാശി സ്വരൂപിച്ചിട്ടുള്ള മുഴുവൻ അറിവുകളും നിർഭയമായി പരിശോധിക്കാനും സ്വന്തം ചുറ്റുപാടുകളെ വിമർശനാന്മകമായി വിലയിരുത്താനും വിദ്യാർഥികൾക്ക് അവകാശമുണ്ട്. ഇന്ത്യയിലെമ്പാടും വിദ്യാർഥികൾ വിമർശനസ്വരമുയർത്തുന്ന സന്ദർഭവുമാണിത്. ലഘുലേഖ കൈയിൽവെച്ചു എന്നതുൾപ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരിൽ രണ്ട് വിദ്യാർഥികളെ തുറുങ്കിലടയ്ക്കുന്നത് ഫലത്തിൽ എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുക. വിമർശനപരതയും അഭിപ്രായൈക്യവുമാണ് അക്കാദമിക അന്വേഷണങ്ങളുടെ ജീവവായുവെന്നും നിവേദനത്തിലുണ്ട്. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽത്തന്നെയാണ് ബ്രണ്ണൻ കോളേജ്. Content Highlight: Brennan College teachers protest against handing over Alan and Thahas case to the NIA


from mathrubhumi.latestnews.rssfeed https://ift.tt/2G5eEl8
via IFTTT