Breaking

Saturday, January 11, 2020

ആദ്യ പന്തില്‍ സിക്‌സറടിച്ച് കൊതിപ്പിച്ചു; അടുത്ത പന്തില്‍ കീഴടങ്ങല്‍

പുണെ: ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് ലഭിച്ച അവസരം ശരിക്കും പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. നേരിട്ട ആദ്യപന്തിൽ തന്നെ ലക്ഷൻ സന്ദകനെ സിക്സടിച്ചുകൊണ്ട് സഞ്ജു സ്റ്റേഡിയത്തെ ആവേശം കൊള്ളിച്ചു. സിക്സർ കണ്ട് ക്യാപ്റ്റൻ കോലി ഡ്രസ്സിങ് റൂമിൽ എഴുന്നേറ്റുനിന്ന് കൈയടിച്ചു. നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് സഹതാരങ്ങളെയും സ്റ്റേഡിയത്തെയും ആവേശംകൊള്ളിച്ച സഞ്ജു പക്ഷേ രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20-യിൽ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങിയത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പകരം സഞ്ജു സാംസണും ഓൾറൗണ്ടർ ശിവം ദുബെയ്ക്ക് പകരം മനീഷ് പാണ്ഡെയും കുൽദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ഇടംപിടിച്ചു. ഇലവനിൽ ഇടംപിടിച്ചതോടെ ബാറ്റിങ്ങിന് അവസരം കിട്ടുമോ എന്ന ആകാംക്ഷയായി. ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും 10.5 ഓവർ ബാറ്റുചെയ്തു. ധവാൻ പുറത്തായപ്പോൾ വൺ ഡൗണായി അതാ വരുന്നു സഞ്ജു. നേരിട്ട ആദ്യപന്തിലെ സിക്സർ സ്റ്റേഡിയത്തെ ആവേശം കൊള്ളിച്ചു. വനിന്ദു ഹസരംഗ എറിഞ്ഞ അടുത്ത ഓവറിലെ മൂന്നാം പന്തിൽ സഞ്ജു സ്ട്രൈക്കർ. ഓഫ് സൈഡിനുപുറത്ത് പിച്ചുചെയ്ത പന്തിന്റെ ദിശ കൃത്യമായി മനസ്സിലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. പന്ത് നേരേ പാഡിലേക്ക്. എൽ.ബി. ഔട്ട് നൽകാൻ അമ്പയർക്ക് രണ്ടാമത് ആലോചിക്കേണ്ടിവന്നില്ല. റിവ്യുവിന് നിൽക്കാതെ ക്രീസ് വിട്ടു. രണ്ടു പന്തിൽ ആറു റൺസ് സമ്പാദ്യം. പിന്നീടു വിക്കറ്റിനു പിന്നിൽ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി. ശ്രീലങ്കയുടെ ലക്ഷൺ സന്ദകനെയാണ് വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്ത് മടക്കിയത്. 2015-ൽ സിംബാബ്വെക്കെതിരായ ട്വന്റി 20-യിൽ കളിച്ച സഞ്ജുവിന് അതിനുശേഷം ആദ്യ അന്തരാഷ്ട്ര മത്സരമാണിത്. ഈയിടെ സമാപിച്ച ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ ട്വന്റി 20 പരമ്പരകളിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. Content Highlights: India vs Sri Lanka Sanju Samson gets a game for India after 4 years


from mathrubhumi.latestnews.rssfeed https://ift.tt/2TfxEoz
via IFTTT