താമരശ്ശേരി: കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിർമിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമാതാക്കൾ ജനുവരി 13ന് ഹാജരാകണമെന്ന് താമരശ്ശേരി മുൻസിഫ്-മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിർമിക്കുന്ന സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ജി തോമസ് കോടതിയിൽ ഹർജി സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. മുഖ്യപ്രതിയായ ജോളിയുടെ മക്കളായ റെമോ റോയ്, റെനോൾഡ് റോയ്, റോയ് തോമസിന്റെ സഹോദരി റെഞ്ജി എന്നിവർ അഭിഭാഷകൻ എം. മുഹമ്മദ് ഫിർദൗസ് മുഖേന നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെടൽ. തുടർന്ന് ആശീർവാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂർ, വാമോസ് മീഡിയ പ്രൊഡക്ഷൻസ് ഉടമ ഡിനി ഡാനിയേൽ, ഫ്ളവേഴ്സ് ചാനൽ, ചാനൽ സി.ഇ.ഒ. ശ്രീകണ്ഠൻ നായർ, സീരിയൽ സംവിധായകൻ ഗിരീഷ്, മുഖ്യപ്രതി ജോളി, കൂടത്തായ് സിനിമ സംബന്ധിച്ച് വാർത്തകൾ നൽകിയ രണ്ട് ചാനലുകൾ എന്നീ എട്ടുപേരെ എതിർകക്ഷികളാക്കി കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. ജനുവരി 13-ന് രാവിലെ കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റോയ്-ജോളി ദമ്പതിമാരുടെ മക്കളുടെ മാനസികാവസ്ഥയെ കരുതിയാണ് താൻ കോടതിയെ സമർപ്പിച്ചതെന്ന് റെഞ്ജി തോമസ വ്യക്തമാക്കിയിരുന്നു. അഭിഭാഷകൻ എം. മുഹമ്മദ് ഫിർദൗസ്, അയൽവാസി എൻ.പി. മുഹമ്മദ് ബാവ എന്നിവർക്കൊപ്പം താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കൊലപാതക പരമ്പരയിലെ കേസുകളിൽ അന്വേഷണം പൂർത്തിയാവുന്നതിന് മുമ്പുതന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേക്ഷണം ചെയ്യുന്നത് ജോളിയുടെ മക്കളെ മാനസികമായി വളരെയധികം വിഷമിപ്പിക്കുമെന്ന് റെഞ്ജി തോമസ് പറഞ്ഞു. റെമോയുടെയും റെനോൾഡിന്റെയും അമ്മയാണ് സിനിമയിലും സീരിയലിലുമെല്ലാം കഥാപാത്രമായി വരുന്നത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ അവർ വലിയ മാനസിക സംഘർഷത്തിലാണ്. അവർ ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭാവിയെക്കരുതിയാണ് സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണവും നിർമാണവും തടയണമെന്ന് കാണിച്ച് കോടതിയിൽ ഹർജി നൽകിയത്-റെഞ്ജി പറഞ്ഞു. കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിർമിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിർമാതാക്കൾക്ക് നോട്ടീസ് അയയ്ക്കാൻ താമരശ്ശേരി മുൻസിഫ്-മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. നടൻ മോഹൻലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായ് എന്ന പേരിൽ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ജോളി എന്ന പേരിൽ ചലച്ചിത്രമൊരുക്കാൻ വാമോസ് മീഡിയയും നടപടി തുടങ്ങിയിരുന്നു. ഫ്ളവേഴ്സ് ചാനൽ കൂടത്തായ് എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പര 13-മുതൽ സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/37S00cP
via
IFTTT