ന്യൂഡൽഹി: പരിശീലനത്തിനിടെ 12 വയസ്സുള്ള അമ്പെയ്ത്ത് താരത്തിന്റെ ചുമലിൽ തുളച്ചുകയറിയ 15 സെന്റീമീറ്റർ നീളമുള്ള അമ്പിന്റെ കഷണം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ശസ്ത്രക്രിയയിലാണ് ഇരുമ്പുകഷണം നീക്കംചെയ്തത്. അസംകാരിയായ ശിവാംഗിനി ഗോഹൈനിന്റെ തോളിലാണ് മറ്റൊരു താരത്തിന്റെ അമ്പ് തുളച്ചുകയറിയത്. മൂന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയ സങ്കീർണമായിരുന്നെന്നും നില ഭേദപ്പെട്ടെന്നും ഡോക്ടർമാർ അറിയിച്ചു. തോളെല്ലിലൂടെ തുളച്ചുകയറിയ അമ്പ് കഴുത്തിനും ശ്വാസകോശത്തിനും പരിക്കേൽപ്പിച്ചു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനിയെയും ബാധിച്ചു. തോളിൽ അമ്പ് തറച്ച് ഒരു ദിവസത്തിനു ശേഷമാണ് അത് നീക്കംചെയ്യാനായത്. ശിവാംഗിനി ഗോഹൈൻ ശസ്ത്രക്രിയക്കു ശേഷം അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചാബുവയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) നിയന്ത്രണത്തിലുള്ള ദക്ഷാദേവി രാസിവാസിയ കോളേജിലെ പരിശീലനകേന്ദ്രത്തിൽവെച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ആൺകുട്ടികളിൽ ഒരാൾ തൊടുത്ത അമ്പാണ് അബദ്ധത്തിൽ ശിവാംഗിനിയുടെ തോളിൽ തറച്ചുകയറിയത്. പിന്നീട് വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ ദിബ്രുഗഡിലെ മെഡിക്കൽ കോളജിലെത്തിച്ചത്. അമ്പ് നീക്കം ചെയ്യാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ വ്യാഴം രാത്രിയിൽ വ്യോമമാർഗം കുട്ടിയെ ന്യൂഡൽഹി എയിംസിലേക്കു കൊണ്ടുപോകുകയായിരുന്നു. Content Highlights:pierced arrow removed from 12-year-old archers shoulder
from mathrubhumi.latestnews.rssfeed https://ift.tt/36KpPv4
via
IFTTT