കണ്ണൂർ: നീലേശ്വരത്തുവെച്ച് വ്യാപാരിയെ ഇടിച്ച് കൊലപ്പെടുത്തിയ കാർ കണ്ണൂർ വളപട്ടണത്തുവെച്ച് പോലീസ് പിടികൂടിയപ്പോൾ കണ്ടെത്തിയത് 1.45 കോടിയുടെ കള്ളപ്പണം. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ. പി തമ്പാനെ ഇടിച്ചുവീഴ്ത്തി,നിർത്താതെ പോയ കാർ വളപട്ടണത്തുവെച്ചു പിടികൂടിയപ്പോഴാണ് നാടകീയമായ സംഭവപരമ്പരകളുടെ ചുരുളഴിഞ്ഞത്. മഹാരാഷ്ട്ര സ്വദേശികളായ സാഗർബാൽസോ ഖിലാരി (21), എസ്.ബി.കിഷോർധനാജി (33) എന്നിവരാണ് കേരളത്തിലേയ്ക്ക് ഒന്നേമുക്കാൽ കോടിയുടെ കള്ളപ്പണവും കള്ളക്കടത്ത് സ്വർണവുമായി പുറപ്പെട്ടത്. കള്ളപ്പണം കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ജാർഖണ്ഡ് രജിസ്ട്രേഷനിലുള്ള ഈ കാറിനെ കസ്റ്റംസ് അധികൃതർ പിൻതുടരുന്നുണ്ടായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് വരുന്നതിനിടയിലാണ് നീലേശ്വരത്തുവെച്ച് കാർ വ്യാപാരിയെ ഇടിച്ചത്. പോലീസ് പിടികൂടിയ എസ്.ബി.കിഷോർധനാജിയും സാഗർബാൽസോ ഖിലാരിയും രാജാറോഡിലെ പച്ചക്കറി വ്യാപാരി കരുവാച്ചേരിയിലെ കെ.പി.തമ്പാനെ (50) യാണ് കാറിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.45-ഓടെ വീട്ടിൽനിന്ന് കടയിലേയ്ക്കു വരുന്നതിനിടെ കരുവാച്ചേരി പി.ഡബ്ല്യു.ഡി. ഓഫീസിന് സമീപത്തായിരുന്നു അപകടം. കട തുറക്കാനായി നടന്നുവരികയായിരുന്ന ഇദ്ദേഹത്തെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കാർ നിർത്താതെ കണ്ണൂർ ഭാഗത്തേയ്ക്ക് പോയി. തമ്പാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയതായുള്ള വിവരം കണ്ണൂർ ജില്ലയിൽ അടക്കമുള്ള പോലീസ് സ്റ്റേഷനുകളിലേയ്ക്ക് നീലേശ്വരം പോലീസ് ഉടൻതന്നെ കൈമാറി. ഹൈവേ പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധനയും ആരംഭിച്ചു. വാഹന പരിശോധനയ്ക്കിടെ അപകടത്തിനിടയാക്കിയ കാർ വളപട്ടണം പാലത്തിനു സമീപത്തുവെച്ച് വളപട്ടണം സിഐ എം കൃഷ്ണനും എസ് ഐ വിജേഷും സംഘവും തടഞ്ഞു. ഹൈവേ പോലീസിന്റെ സഹായത്തോടെ പിടികൂടിയ ഈ കാർ സ്റ്റേഷനിലേയ്ക്ക് മാറ്റുകയും കാറിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാപാരിയെ ഇടിച്ചു കൊലപ്പെടുത്തിയ കാറാണിതെന്നും പോലീസിന് വ്യക്തമായി. പിടികൂടിയ പണം വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി കാർ പരിശോധിക്കുന്നതിനിടെയാണ് സ്വർണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഈ വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുത്ത കാർ പൊലീസ് വിശദമായി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കാറിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കള്ളപ്പണം കണ്ടെത്തിയത്. കാർ കസ്റ്റഡയിൽ എടുത്ത വിവരമറിഞ്ഞ് എൻഫോഴ്സ്മെന്റും സ്ഥലത്തെത്തി കാർ പരിശോധിച്ചു. സീറ്റിനടിയിലെ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. 1.45 കോടി രൂപയുടെ 45,000 നോട്ടുകളാണ് പിടികൂടിയത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇത് കുഴൽപ്പണമാണെന്നാണ് സൂചന. ഇവർ കൊണ്ടുവന്ന സർണം കണ്ടെത്താനായിട്ടില്ല. ഇത് ഇവർ വിൽപ്പന നടത്തിയതായാണ് വിവരം. പിടിച്ചെടുത്തതുക എൻഫോഴ്സ്മെന്റിനും പ്രതികളെ നീലേശ്വരം പോലീസിനും കൈമാറി. അപകടം സംബന്ധിച്ച കേസ് നീലേശ്വരം പോലീസും കള്ളപണം സംബന്ധിച്ച കേസ് എൻഫോഴ്സ്മെന്റുമാണ്കൈകാര്യം ചെയ്യുക. കാറിടിച്ചു മരിച്ച തമ്പാൻ കരിവെള്ളൂർ പുത്തൂരിലെ പരേതരായ അമ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ് കാറിടിച്ചുമരിച്ചതമ്പാൻ. ഭാര്യ: സാവിത്രി (കരുവാച്ചേരി). മക്കൾ: അരുൺ, അഖിൽ, അർച്ചന. മരുമക്കൾ: തുഷാര (എസ്.ബി.ഐ., നീലേശ്വരം), സൗമ്യ (ലാബ് ടെക്നീഷ്യൻ, ചായ്യോത്ത്). സഹോദരി: ജാനകി പുത്തൂർ. മൃതദേഹം നീലേശ്വരം എൻ.കെ.ബി.എം. ആസ്പത്രിയിലാണ്. വെള്ളിയാഴ്ച രാവിലെ ഒൻപതിന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. Content Highlights:hit and run car,seized with 1.45 crore hawala money
from mathrubhumi.latestnews.rssfeed https://ift.tt/30cTz1h
via
IFTTT