Breaking

Wednesday, January 1, 2020

ചീഫ് ഡിഫന്‍സ് സ്റ്റാഫായി ബിപിന്‍ റാവത്ത് ചുമതലയേറ്റു; 'രാഷ്ട്രീയ പ്രസ്താവന'യില്‍ പ്രതികരണം

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. കരസേനാ മേധാവി മനോജ് മുകുന്ദ് നരവണെ, വ്യോമസേനാ മേധാവി രാകേഷ് കുമാർ സിങ് ബഹദുരിയ, നാവികസേനാ മേധാവി കരംബിർ സിങ് തുടങ്ങിയരടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് സൈനിക വിഭാഗങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും തങ്ങളൊരു ടീമായി പ്രവർത്തിക്കുമെന്നും ചുമതലയേറ്റ ശേഷം ബിപിൻ റാവത്ത് പറഞ്ഞു. വിഭവങ്ങളുടെ മികച്ച വിനിയോഗത്തിലും സംയുക്ത പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ നടത്തിയ വിവാദ രാഷ്ട്രീയ പ്രസ്താവന സംബന്ധിച്ചും അദ്ദേഹം മറുപടി നൽകി. തങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ നിർദേശ പ്രകാരം പ്രവർത്തിക്കും അദ്ദേഹം വ്യക്തമാക്കി. ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഗാർഡ് ഓഫ്ഓണർ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തു. കരസേനാ മേധാവി പദവിയിൽ നിന്ന് ചൊവ്വാഴ്ചയാണ് ബിപിൻ റാവത്ത് സ്ഥാനമൊഴിഞ്ഞത്. പ്രതിരോധമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാകും ഇനി സി.ഡി.എസ്. പ്രതിരോധമന്ത്രാലയത്തിനു കീഴിൽ പുതുതായുണ്ടാക്കിയ സേനാകാര്യവകുപ്പിന്റെ സെക്രട്ടറിയും ഇദ്ദേഹമായിരിക്കും. കര, നാവിക, വ്യോമസേനാ മേധാവികൾക്ക് തുല്യമായ പദവി തന്നെയാണ് സി.ഡി.എസിനും. തുല്യരിൽ മുമ്പൻ എന്നരീതിയിലാവും പ്രവർത്തനം. സേനാംഗങ്ങൾക്ക് നിർദേശം നൽകുന്നതുൾപ്പെടെ സൈനികനടപടികളിൽ സി.ഡി.എസിന് അധികാരമില്ല. അതിനുള്ള അധികാരം അതതു സേനാവിഭാഗങ്ങളുടെ തലവന്മാർക്കുതന്നെയാണ്. മൂന്നുസേനാമേധാവികളുമുൾപ്പെട്ട ചീഫ്സ് ഓഫ് ഡിഫൻസ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനായിരിക്കും ഇദ്ദേഹം. സ്ഥിരം അധ്യക്ഷപദവി ആദ്യമായാണ് നൽകുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സി.ഡി.എസിന്റെ ചുമതല നിശ്ചയിച്ചത്. കര, നാവിക, വ്യോമ സേനകളുടെ ഏകോപനം, സേനകൾക്കായുള്ള തന്ത്രങ്ങൾ മെനയൽ, പ്രതിരോധവകുപ്പിനു കീഴിലുള്ള സേനാകാര്യവകുപ്പിന്റെ ചുമതല, സേനകളുടെ പരിശീലനം, പരിശീലന കേന്ദ്രങ്ങളുടെ നിയന്ത്രണം, ആയുധങ്ങളുടെ സംഭരണം, സൈനികവിഭവങ്ങളുടെ വിതരണം,ആണവ കമാൻഡ് അതോറിറ്റിയുടെ ഉപദേശകൻ, പ്രതിരോധ ജീവനക്കാരുടെ ആസ്ഥാനം സി.ഡി.എസിനു കീഴിൽ തുടങ്ങിയ ചുമതലകളും ബിപിൻ റാവത്ത് വഹിക്കും Content Highlights:GeneralBipinRawat to take charge as country's 1st Chief of Defence Staff


from mathrubhumi.latestnews.rssfeed https://ift.tt/2N0vsOb
via IFTTT