Breaking

Sunday, April 28, 2019

സ്വകാര്യബസ് ലോബിയെ തളയ്‌ക്കാൻ കെ.എസ്.ആർ.ടി.സി. കരാർബസുകൾ ഇറക്കുന്നു

തിരുവനന്തപുരം: അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ബസുകാരുടെ മാതൃകയിൽ കെ.എസ്.ആർ.ടി.സി. ബെംഗളൂരുവിലേക്ക്് കോൺട്രാക്ട് ക്യാരേജ് ബസുകൾ ഓടിക്കും. സംസ്ഥാനത്തെ മൾട്ടി ആക്സിൽ വോൾവോ, സ്കാനിയ ബസ്സുടമകളിൽനിന്ന് 20 ബസുകളെങ്കിലും വാടകയ്ക്കെടുക്കാനാണ് നീക്കം. ഇതിന് ഉടൻ താത്പര്യപത്രം ക്ഷണിക്കും. നടപടികൾക്ക് അന്തിമരൂപം നൽകാൻ ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ അധ്യക്ഷതയിൽചേർന്ന യോഗം കെ.എസ്.ആർ.ടി.സി. മേധാവി എം.പി. ദിനേശനെ ചുമതലപ്പെടുത്തി. കരാറിൽ ഏർപ്പെടാൻ സർക്കാർ പ്രാഥമിക അനുമതിനൽകി. ഭൗതികസാഹചര്യങ്ങൾവെച്ച് കെ.എസ്.ആർ.ടി.സി.ക്ക് അംഗീകൃത ടൂർ ഓപ്പറേറ്റർക്കുള്ള എൽ.എ.പി.ടി. ലൈസൻസ് ലഭിക്കും. ഡിപ്പോകളിൽ നേരിട്ടും ഓൺലൈനിലൂടെയും ബുക്കിങ് സ്വീകരിക്കാം. വാടകബസുകളിൽ യാത്രക്കാരെ കയറ്റിയയയ്ക്കാം. സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി.ക്കുള്ള ഡിപ്പോ സൗകര്യം ഇതിനായി വിനിയോഗിക്കാം. ബെംഗളൂരുവിലും കെ.എസ്.ആർ.ടി.സി.ക്ക് ഡിപ്പോ, ഓഫീസ് സൗകര്യങ്ങളുണ്ട്. ഇതെല്ലാം കോൺട്രാക്ട് ക്യാരേജ് സർവീസിനായി ഉപയോഗിക്കാം. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരെക്കാൾ സുരക്ഷിതമായ യാത്ര നൽകാനും കഴിയും. ഡ്രൈവർസഹിതമാകും ബസുകൾ വാടകയ്ക്ക് എടുക്കുക. കോൺട്രാക്ട് ക്യാരേജ് ആയതിനാൽ സ്വന്തം കണ്ടക്ടറെ നിയോഗിക്കാനാകില്ല. പകരം സഹായി മതിയാകും. തമിഴ്നാടിന്റെ സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മാതൃകയിൽ ആദ്യാവസാനംമാത്രം സ്റ്റോപ്പുകളുള്ള എൻഡ് ടു എൻഡ് സർവീസുകളും പരിഗണനയിലുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് കോൺട്രാക്ട് ക്യാരേജ് ബസുകൾ ഓടിക്കാൻ തീരുമാനിച്ചതെന്ന് കെ.എസ്.ആർ.ടി.സി. കർണാടക സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കർണാടക ട്രാൻസ്പോർട്ടിങ് കോർപ്പറേഷന് ഇതേ രീതിയിൽ സംസ്ഥാനത്തേക്ക് കോൺട്രാക്ട് ക്യാരേജ് ബസുകൾ ഓടിക്കാനും സൗകര്യം നൽകും. വാഹനപരിശോധന തുടരുന്നു അന്തസ്സംസ്ഥാന ബസുകളുടെ ക്രമക്കേടുകൾ കണ്ടെത്താൻ മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 200 ബസുകൾക്കെതിരേ നടപടി എടുത്തു. 7.99 ലക്ഷം രൂപ പിഴ ഈടാക്കി. കാട്ടിക്കുളം ചെക്പോസ്റ്റ് വെട്ടിച്ച് സംസ്ഥാനത്തേക്ക് കടന്ന ബസും പിടികൂടി. സ്പെഷ്യൽപെർമിറ്റിന്റെ മറവിൽ നികുതി അടയ്ക്കാതെ എത്തിയ ബസിൽനിന്ന് 1.55 ലക്ഷം രൂപ പിഴയീടാക്കി. അനുമതിയില്ലാതെ പ്രവർത്തിച്ച 49 ടൂർബുക്കിങ് സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. content highlights:ksrtc, interstate service


from mathrubhumi.latestnews.rssfeed http://bit.ly/2J0dCJM
via IFTTT